|    Jun 22 Fri, 2018 5:26 am
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്‍ 10ാം പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം

Published : 22nd May 2017 | Posted By: ev sports

മുംബൈ: ഐപിഎല്ലിന്റെ 10ാം സീസണ്‍ ഒരുപാട് താരങ്ങളുടെ ഉയര്‍ച്ചക്കും ഒരു പാട് താരങ്ങളുടെ തകര്‍ച്ചക്കും സാക്ഷിയായാണ് കടന്നുപോയത്. ഈ സീസണിന്റെ തുടക്കം മുതലുള്ള ആധിപത്യം മുംബൈ ഇന്ത്യന്‍സ് ഫൈനലിലും പുറത്തെടുത്തപ്പോള്‍ ചാംപ്യന്‍പട്ടവും ടീമിനൊപ്പം നിന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന ബഹുമതിയിലേക്കാണ് മുംബൈ നടന്നുകയറിയത്. ആവേശം വാനോളം ഉയര്‍ത്തിയ ഐപിഎല്‍ 10ാം സീസണിന്റെ ചില നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

റണ്‍വേട്ടയില്‍ വാര്‍ണര്‍ ഹീറോ
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. ഫൈനല്‍ കാണാതെ ഹൈദരാബാദ് പുറത്തായെങ്കിലും 14 മല്‍സരങ്ങളില്‍നിന്ന് 58.27 ശരാശരിയില്‍ 641 റണ്‍സ് നേടിയ വാര്‍ണറുടെ പ്രകടനത്തിനെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചില്ല. വാര്‍ണറുടെ ഈ മിന്നും ബാറ്റിങ് പ്രകടനത്തില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 16 മല്‍സരങ്ങളില്‍ നിന്ന് 498 റണ്‍സ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീര്‍ രണ്ടാം സ്ഥാനത്തും 14 മല്‍സരങ്ങളില്‍നിന്ന് 479 റണ്‍സ് നേടിയ ശിഖാര്‍ ധവാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. റൈസിങ് പൂനെ സൂപ്പര്‍ജയന്റ് നായകന്‍ സ്റ്റീവ് സ്മിത്ത് 15 മല്‍സരങ്ങളില്‍നിന്ന് 472 റണ്‍സുമായി നാലാം സ്ഥാനത്തും ഗുജറാത്ത് ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌ന 442 റണ്‍സോടെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ഹാഷിം അംല(420), മനീഷ് പാണ്ഡെ(396), പാര്‍ഥിവ് പട്ടേല്‍(395),രാഹുല്‍ ത്രിപതി(391), റോബിന്‍ ഉത്തപ്പ(388) എന്നിവരാണ് യഥാക്രമം ആറ് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.

മറ്റുചില ബാറ്റിങ് കണക്കുകള്‍

* ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്– പൂനെയുടെ അശോക് ഡിന്‍ഡയുടെ ഓവറില്‍ മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യ അടിച്ചെടുത്ത 28 റണ്‍സാണ് ഈ സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന ഓവര്‍. ഇതില്‍ നാല് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടും.
* സിക്‌സര്‍ വീരന്‍മാര്‍– കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറും 26 സിക്‌സറുകള്‍ വീതം പറത്തി യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു. റിഷഭ് പാന്ത്( ഡല്‍ഹി-24 സിക്‌സ്), കീറോണ്‍ പൊള്ളാര്‍ഡ്( മുംബൈ- 22 സിക്‌സ്) റോബിന്‍ ഉത്തപ്പ( കൊല്‍ക്കത്ത-21 സിക്‌സ്) എന്നിവരാണ് ആദ്യ അഞ്ചിലിടം നേടിയ താരങ്ങള്‍.
*ബൗണ്ടറി– ഡേവിഡ് വാര്‍ണര്‍(ഹൈദരാബാദ്) 63 ഫോറുകള്‍ അടിച്ചെടുത്തപ്പോള്‍ ഗൗതം ഗംഭീര്‍ ( കൊല്‍ക്കത്ത) 61, ശിഖാര്‍ ധവാന്‍ 53 ഫോറുകളും പായിച്ചു.

* മികച്ച വ്യക്തിഗത സ്‌കോര്‍: ഡേവിഡ് വാര്‍ണര്‍ കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയ 126 റണ്‍സാണ് ഈ സീസണിലെ മികച്ച വ്യക്തിഗത സ്‌കോര്‍.

* കൂടുതല്‍ അര്‍ധ സെഞ്ച്വറി– റോബിന്‍ ഉത്തപ്പ( കൊല്‍ക്കത്ത) അഞ്ച് അര്‍ധ സെഞ്ച്വറിയുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഡേവിഡ് വാര്‍ണര്‍, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി എന്നിവര്‍ നാല് അര്‍ധസെഞ്ച്വറികളുമായി ആദ്യ നാല് സ്ഥാനം പങ്കിട്ടു.

* വേഗമേറിയ അര്‍ധ സെഞ്ച്വറി– സുനില്‍ നരേയ്ന്‍ (കൊല്‍ക്കത്ത) 15 പന്തില്‍ നേടിയ അര്‍ധ സെഞ്ച്വറി. ക്രിസ് ലിന്‍( കൊല്‍ക്കത്ത) 19 പന്തിലും ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്) 20 പന്തിലും അര്‍ധ സെഞ്ച്വറി നേടി.

*വേഗമേറിയ സെഞ്ച്വറി
ഡേവിഡ് വാര്‍ണര്‍ 43 പന്തില്‍ സെഞ്ച്വറി കണ്ടെത്തി.  10 ഫോറും എട്ട് സിക്‌സറും ഉള്‍പ്പെടെ 126 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

*സെഞ്ച്വറികള്‍
ഹാഷിം അംല( പഞ്ചാബ്) രണ്ട് തവണ സെഞ്ച്വറി നേടി. 104 റണ്‍സാണ് രണ്ട് മല്‍സരങ്ങളിലും നേടിയത്.
* ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്) 126 റണ്‍സ്
* സഞ്ജു സാംസണ്‍( ഡല്‍ഹി) 102 റണ്‍സ്
* ബെന്‍ സ്‌റ്റോക്‌സ്(പൂനെ) 103 റണ്‍സ്.

വിക്കറ്റ് വേട്ടക്കാരില്‍ ഭുവനേശ്വര്‍ കുമാര്‍
ഹൈദരാബാദിന്റെ  ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വേട്ടക്കാരുടെ മുന്‍നിരയിലുള്ളത്. 14 മല്‍സരങ്ങളില്‍ നിന്ന് 26 വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്. പൂനെയുടെ ജയദേവ് ഉനദ്ഗട്ട് 12 മല്‍സരങ്ങളില്‍നിന്ന് 24 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മുംബൈയുടെ ജസ്പ്രീത് ബൂംറ 16 മല്‍സരങ്ങളില്‍നിന്ന് 20 വിക്കറ്റും മുംബൈയുടെ മിച്ചല്‍ മഗ്ലെങ്ങന്‍ 14 മല്‍സരങ്ങളില്‍നിന്ന് 19 വിക്കറ്റും പൂനെയുടെ ഇമ്രാന്‍ താഹിര്‍ 12 മല്‍സരങ്ങളില്‍നിന്ന് 18 വിക്കറ്റും സ്വന്തമാക്കി ആദ്യ അഞ്ചില്‍ ഇടം പിടിച്ചു.
* മികച്ച ബൗളിങ് പ്രകടനം– ഗുജറാത്ത് ലയണ്‍സിന്റെ ആന്‍ഡ്രൂ ടൈ 17 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ 19 റണ്‍സിന് അഞ്ച് വിക്കറ്റും ജയദേവ് ഉനദ്ഗട്ട് 30 റണ്‍സിനും അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി.

*ഏറ്റവും വേഗമേറിയ ബൗളര്‍
ഡല്‍ഹിയുടെ പാറ്റ് കുമ്മിന്‍സ് 153.56 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് വേഗമേറിയ ബൗളര്‍ പദവി സ്വന്തമാക്കി. ലോക്കി ഫെര്‍ഗൂസന്‍(പൂനെ) 150.90 കിലോമീറ്റര്‍ വേഗത്തിലും കഗിസോ റബദ 150.67 കിലോമീറ്റര്‍ വേഗത്തിലും പന്തെറിഞ്ഞു.

* ഹാട്രിക് നേട്ടം
ആന്‍ഡ്രൂ ടൈ( ഗുജറാത്ത് ), ജയദേവ് ഉനദ്ഗട്ട്( പൂനെ), സാമുവല്‍ ബദ്രി(ബംഗളൂരു) എന്നിവരാണ് ഹാട്രിക് നേടിയ ബൗളര്‍മാര്‍.

മലയാളികള്‍ക്കും ഇത് അഭിമാനിക്കാവുന്ന സീസണ്‍

ഐപിഎല്‍ 10ാം സീസണ്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ അഭിമാനിക്കാന്‍ വക നല്‍കിയാണ് കടന്നുപോയത്. അതില്‍ ഏറ്റവും പ്രധാനം ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസില്‍ തമ്പിയെ ഈ സീസണിലെ എമേര്‍ജിങ് താരമായി തിരഞ്ഞെടുത്തതാണ്. 12 മല്‍സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് ബേസില്‍ തമ്പി ഈ സീസണില്‍ സ്വന്തമാക്കിയത്. മിന്നല്‍ യോര്‍ക്കറുമായി മൈതാനത്ത് ബേസില്‍ എറിഞ്ഞ് തകര്‍ത്തതാണ് ഗുജറാത്തിന് ആശ്വാസജയങ്ങള്‍ സമ്മാനിച്ചത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റാണ് ബേസിലിന്റെ ആദ്യ ഐപിഎല്‍ വിക്കറ്റ്. 29 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ബേസിലിന്റെ മികച്ച ബൗളിങ് പ്രകടനം. 10 ലക്ഷം രൂപ അടിസ്ഥാന വിലയില്‍നിന്ന് 85 ലക്ഷം രൂപയ്ക്കാണ് ബേസിലിനെ ഗുജറാത്ത് ടീമിലെത്തിച്ചത്.
മറ്റൊരു മലയാളിതാരം ഡല്‍ഹിയുടെ സഞ്ജും സാംസണാണ്. ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 386 റണ്‍സാണ് സഞ്ജും സ്വന്തമാക്കിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഐപിഎല്ലില്‍ ആകെ പിറന്നത് 18775 റണ്‍സ്, ആകെ വീണത് 708 വിക്കറ്റ്, ആകെ പിറന്ന സിക്‌സറുകള്‍ 705 റണ്‍സ്, ഏറ്റവും ഉയര്‍ന്ന ടീം സ്‌കോര്‍ മുംബൈയ്‌ക്കെതിരേ പഞ്ചാബ് നേടിയ മൂന്ന് വിക്കറ്റിന് 230 എന്ന സ്‌കോറാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss