ഐപിഎല്‍: കോഹ്ലി, വാര്‍ണര്‍, ഹൈദരാബാദ്…
Published : 31st May 2016 | Posted By: SMR

ബംഗളൂരു: റണ്‍മഴ കണ്ട ഐപിഎല്ലിന്റെ ഒമ്പതാം സീസണിനു തിരശീല വീണപ്പോള്‍ തലയുയര്‍ത്തി നിന്നത് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആരും കിരീടസാധ്യത കല്‍പ്പിക്കാതിരുന്ന ഹൈദരാബാദിന്റെ നേട്ടം ക്രിക്കറ്റിന്റെ വിജയം കൂടിയാണ്.
ആസ്ത്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറെ മാറ്റിനിര്‍ത്തിയാല്‍ മറ്റു സൂപ്പര്‍ താരങ്ങളൊന്നും ഹൈദരാബാദ് നിരയിലില്ല. എന്നാല്‍ ഒരു ടീമായി ഒത്തിണക്കത്തോടെ കളിച്ച് അവര്‍ ഏവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
17 മല്‍സരങ്ങളില്‍ നിന്ന് 848 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച വാര്‍ണറാണ് ഹൈദരാബാദിന്റെ ഹീറോ. ടീം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തന്റെ ബാറ്റ് കൊണ്ട് വാര്‍ണര്‍ രക്ഷകനായി. വാര്‍ണര്‍ നിറംമങ്ങിയപ്പോഴെല്ലാം ഹൈദരാബാദ് തോല്‍ക്കുകയും തിളങ്ങുമ്പോഴെല്ലാം ടീം ജയിക്കുകയും ചെയ്തത് വാര്‍ണറിന്റെ പ്രാധാന്യമാണ് തെളിയിക്കുന്നത്.
താരനിബിഢമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആവേശകരമായ ഫൈനലില്‍ എട്ടു റണ്‍സിനാണ് ഹൈദരാബാദ് മറികടന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാന്‍ വാര്‍ണര്‍ കാണിച്ച ചങ്കൂറ്റമാണ് മല്‍സരത്തില്‍ നിര്‍ണായകമായത്. വാര്‍ണര്‍ (38 പന്തില്‍ 69) പതിവുപോലെ തന്റെ റോള്‍ ഭംഗിയാക്കിയപ്പോള് ബെന്‍ കട്ടിങ് (15 പന്തില്‍ 34*), യുവരാജ് സിങ് (23 പന്തില്‍ 38), ശിഖര്‍ ധവാന് (25 പന്തില്‍ 28) എന്നിവരും മിന്നി. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 208 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.
മറുപടിയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം (54) വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ലും (76) ഫോമിലേക്കുയര്‍ന്നപ്പോള്‍ ബാംഗ്ലൂര്‍ അനായാസജയം നേടുമെന്നു തോന്നിച്ചു. 10 ഓവറില്‍ തന്നെ ടീം 114 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ ഗെയ്ലും കോഹ്ലിയും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ബാംഗ്ലൂരിന് അടിതെറ്റി.
സൂപ്പര്‍ താരങ്ങളായ എബി ഡിവില്ലിയേഴ്സും ഷെയ്ന് വാട്സനും 11 റണ്‍സ് വീതമെടുത്ത് മടങ്ങിയതോടെ ബാംഗ്ലൂരിന്റെ പോരാട്ടം ഏഴു വിക്കറ്റിന് 200ല്‍ അവസാനിച്ചു. ബാറ്റിങില്‍ കസയറിയ കട്ടിങ് രണ്ടു വിക്കറ്റെടുത്ത് ബൗളിങിലും മിന്നി.
ഇതു മൂന്നാംതവണയാണ് ബാംഗ്ലൂരിന് ഫൈനലില്‍ കാലിടറുന്നത്. എങ്കിലും കോഹ്ലിയുടേതാണ് ഈ ടൂര്‍ണമെന്റ്. 973 റണ്‍സോടെ ടോപ്സ്കോറര്‍ക്കുള്ള പുരസ്കാരം കൈക്കലാക്കിയ കോഹ്ലി തന്റെ മികവ് ഒരിക്കല്‍ക്കൂടി കാണിച്ചുതന്നു. ഐപിഎല്ലിന്റെ ഒരു സീസണില്‍ തന്നെ നാലു സെഞ്ച്വറികള്‍ നേടുന്ന താരം, ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്നീ റെക്കോഡുകള്‍ കോഹ്ലി സ്വന്തം പേരിലാക്കിയിരുന്നു.
ബാറ്റിങില്‍ കോഹ്ലി അമരക്കാരനായപ്പോള്‍ ബൗളിങില്‍ മറ്റൊരു ഇന്ത്യന്‍ താരമായ ഭുവനേശ്വര്‍ കുമാറാണ് മുന്നിലെത്തിയത്. ഹൈദരാബാദിനുവേണ്ടി 23 വിക്കറ്റുകള്‍ താരം കടപുഴക്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.