|    Jun 22 Fri, 2018 10:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഐപിഎല്ലിലെ കലാശക്കൊട്ടില്‍ മുംബൈയും പൂനെയും നേര്‍ക്കുനേര്‍

Published : 20th May 2017 | Posted By: ev sports

ഐപിഎല്‍ 10ാം സീസണിന്റെ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് – റൈസിങ് പൂനെസൂപ്പര്‍ജയന്റിനെ നേരിടും

( മല്‍സരം വൈകീട്ട് 8 മണിമുതല്‍ സോണി മാക്‌സ്, സോണി സിക്‌സ്, സോണി ഇഎസ്പിഎന്‍ ചാനലുകളില്‍)

ഐപിഎല്‍ 10ാം സീസണ്‍ ഭരിക്കാന്‍ പൂനെയും മുംബൈയും നേര്‍ക്കുനേര്‍; സാധ്യത കൂടുതല്‍ പൂനെയ്ക്ക് കാരണം ഇതാണ്‌

ഹൈദരാബാദ്: ഐപിഎല്‍ 10ാം സീസണില്‍ ഇന്ന് വിധി എഴുതും പോര്. ഫൈനലില്‍ കരുത്തന്‍മാരായ  മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റുമായി പോരടിക്കും. ഹൈദരാബാദില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ചരിത്രത്തിന്റെ കണക്കുകള്‍ പ്രകാരം മുംബൈയ്ക്ക് ആധിപത്യം ഉണ്ടെങ്കിലും ഈ സീസണിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഒരു പടി പൂനെ മുന്നിലാണ്. ഒന്നാം പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് പൂനെ ഫൈനലില്‍ കടന്നത്. രണ്ടാം പ്ലേ ഓഫില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം. ആവേശം വാനോളം ഉയര്‍ത്തി ഫൈനല്‍ പോരാട്ടത്തിന് പെരുമ്പറ മുഴങ്ങു മ്പോള്‍ 10ാം സീസണില്‍ ആര് കിരീടം ചൂടും?

റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌
വിവാദങ്ങളുടെ ഭാരവുമായാണ് റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സ് ഐപിഎല്‍ 10ാം സീസണില്‍ എത്തിയത്. മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രണ്ടുതവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനുമായ എംഎസ് ധോണിയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ പൂനെയുടെ നായക പദവി നല്‍കിയാണ് പൂനെ ഈ സീസണിലെ ഐപിഎല്ലിലെത്തിയത്. മുംബൈയ്‌ക്കെതിരായ പൂനെയുടെ ആദ്യ മല്‍സരത്തില്‍ പുറത്താവാതെ 84 റണ്‍സ് നേടി സ്മിത്ത് കളി വിജയിപ്പിച്ചതോടെ പൂനെ ടീം ഉടമകള്‍ ധോണിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തതും വന്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഒന്നാം ക്വാളി ഫയറില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ധോണിയുടെ വെടിക്കെട്ട് ബാറ്റിങാണ് പൂനെയ്ക്ക് ഫൈനല്‍ ബര്‍ത്ത് സമ്മാനിച്ചത്.

ധോണി സ്മിത്ത് കൂട്ടുകെട്ട്
ലോക ക്രിക്കറ്റിലെ രണ്ട് ഇതിഹാസ നായകന്‍മാര്‍ ഒരു ടീമിന് കീഴില്‍ കളിക്കുന്നതാണ് പൂനെയുടെ പ്രധാന കരുത്ത്. ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് ഔദ്യോഗികമായി ടീമിനെ നയിക്കുമ്പോള്‍ കളിക്കളത്തില്‍ സ്മിത്തിന് നിര്‍ദേശങ്ങളുമായി ധോണിയും നിറഞ്ഞ് നില്‍ക്കുന്നു. പല മല്‍സരങ്ങളിലും ധോണിയുടേയും സ്റ്റീവ് സ്മിത്തിന്റേയും നായക മികവുകൊണ്ട് മാത്രമാണ് പൂനെ വിജയം സ്വന്തമാക്കിയത്. വിക്കറ്റിന് പിന്നിലെ ധോണിയുടെ തകര്‍പ്പന്‍ പ്രകടനവും ടീമിന് കരുത്തേകുന്നു.
ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്ന് 38.27 ശരാശരിയില്‍ 421 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84* റണ്‍സാണ് ഈ സീസണിലെ സ്മിത്തിന്റെ മികച്ച ബാറ്റിങ് പ്രകടനം.
15 മല്‍സരങ്ങളില്‍ നിന്ന് 28 ശരാശരിയില്‍ 280 റണ്‍സാണ് ഈ സീസണിലെ ധോണിയുടെ സമ്പാദ്യം. ഒരു അര്‍ധ സെഞ്ച്വറി മാത്രമേ ധോണിക്ക് ഈ സീസണില്‍ നേടാനായുള്ളൂ എങ്കിലും മൂന്ന് സ്റ്റംപിങും 10 ക്യാച്ചുകളും നേടി വിക്കറ്റിന് പിന്നില്‍ മിന്നും പ്രകടനമാണ് ധോണി പുറത്തെടുക്കുന്നത്. 61 റണ്‍സാണ് ഈ സീസണിലെ മികച്ച ബാറ്റിങ് പ്രകടനം.

ബൗളിങ് നിര ശക്തം
പേരുകേട്ട ബൗളിങ് നിരയല്ലെങ്കിലും മികച്ച പ്രകടനം തന്നെയാണ് പൂനെ ബൗളര്‍മാര്‍ കാഴ്ചവയ്ക്കുന്നത്. ഫാസ്റ്റ് ബൗളിങില്‍ ജയദേവ് ഉനദ്ഗട്ട് മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ശര്‍ദുല്‍ താക്കൂര്‍, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ മികച്ച പിന്തുണയേകുന്നു. സ്പിന്‍ കെണിയൊരുക്കാന്‍ ഇമ്രാന്‍ താഹിറിന്റെ അഭാവത്തില്‍ വാഷിങ്ടണ്‍ സുദ്ധറും ആദം സാംമ്പയുമാണുള്ളത്. മുംബൈയ്‌ക്കെതിരായ ഒന്നാം പ്ലേ ഓഫില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാഷിങ്ടണ്‍ സുദ്ധറിന്റെ പ്രകടനമാണ് പൂനെയെ വിജയത്തിലേക്കെത്തിച്ചത്.
ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്‌സ് ഇംഗ്ലണ്ട് ടീമിലേക്ക് തിരികെപ്പോയത് പൂനെയ്ക്ക് കനത്ത തിരിച്ചടിയാണ്.

ബാറ്റിങ് കരുത്ത്
ഓപണര്‍മാരായ അജിന്‍ക്യ രഹാനെയും രാഹുല്‍ ത്രിപതിയും മികവുറ്റ പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. 13 മല്‍സരങ്ങളില്‍ നിന്ന് 388 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യമെങ്കില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 338 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്. മധ്യനിരയില്‍ സ്റ്റോക്‌സിന്റെ അഭാവം നികത്തി മനോജ് തിവാരി മിന്നല്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. 14 മല്‍സരങ്ങളില്‍ നിന്ന് 317 റണ്‍സാണ് തിവാരി ഈ സീസണില്‍ നേടിയത്. ഓള്‍ റൗണ്ടര്‍ ഡാനിയല്‍ ക്രിസ്റ്റിയന്‍ ബാറ്റുകൊണ്ടും ബൗളുകൊണ്ടും പൂനെയ്ക്ക് വേണ്ടി മികവു പുലര്‍ത്തുന്നുണ്ട്. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ പൂനെ കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയം പൂനെയ്‌ക്കൊപ്പമായിരുന്നു എന്നത് പൂനെയുടെ വിജയ പ്രതീക്ഷകളെ ഉയര്‍ത്തുന്നു.

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ നാലാം ഫൈനല്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സ് പൂനെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ നിര മികവുറ്റ ഓള്‍ റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്. രണ്ട് തവണ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈയ്ക്ക് ഇന്ന് നടക്കുന്ന ഫൈനലില്‍ ജയിച്ചാല്‍ മൂന്ന് തവണ ഐപിഎല്‍ കിരീടം നേടുന്ന ടീമെന്ന ചരിത്ര നേട്ടത്തിലേക്കെത്താം.
മുംബൈ ഇന്ത്യന്‍സ് എന്ന ഐപിഎല്‍ ടീമിന്റെ കണ്ടെത്തലാണ് രോഹിത് ശര്‍മ എന്ന നായകന്‍. എതിര്‍ ടീമിന്റെ മനസറിഞ്ഞ് കരുക്കള്‍ നീക്കുന്ന രോഹിതിന്റെ ക്യാപ്റ്റന്‍സി മികവാണ് മുംബൈയുടെ പ്രധാന കരുത്ത്.

വെടിക്കെട്ട് ഓപണര്‍മാര്‍

ഈ സീസണിലെ ഏറ്റവും മികച്ച ഓപണിങ് നിരയിലൊന്ന് മുംബൈയ്‌ക്കൊപ്പമാണ്. സീസണിന്റെ തുടക്കത്തില്‍ പാര്‍ഥിവ് പട്ടേലും ജോസ് ബട്‌ലറും കയ്യടിവാങ്ങിയ ഒന്നാം വിക്കറ്റില്‍ ഇപ്പോള്‍ പട്ടേലിനൊപ്പം ലിന്‍ഡന്‍ സിമ്മണ്‍സാണ് കളിക്കുന്നത്. മുംബൈ വിജയം കണ്ട മല്‍സരങ്ങളിലെല്ലാം തന്നെ മികവുറ്റ പ്രകടനം പുറത്തെടുത്ത ഓപണര്‍മാര്‍ ആദ്യ പ്ലേ ഓഫിലും രണ്ടാം പ്ലേ ഓഫിലും അത്ര മികച്ച പ്രകടനമല്ല പുറത്തെടുത്തത്. 15 മല്‍സരങ്ങളില്‍ നിന്ന് 391 റണ്‍സാണ് പാര്‍ഥിവിന്റെ സമ്പാദ്യം. സിമ്മണ്‍സ് ആറ് മല്‍സരങ്ങളില്‍ നിന്ന് 134 റണ്‍സാണ് നേടിയത്.

പൊള്ളാര്‍ഡ് നയിക്കുന്ന മധ്യനിര

മധ്യനിരയിലെ കീറോണ്‍ പൊള്ളാര്‍ഡിന്റെ  ബാറ്റിങാണ് ഈ സീസണിലെ മുംബൈയുടെ കരുത്ത്. 16 മല്‍സരങ്ങളില്‍നിന്ന് 378 റണ്‍സാണ് പൊള്ളാര്‍ഡ് ഈ സീസണില്‍ അടിച്ചെടുത്തത്. മുന്‍നിരയില്‍ രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങിയ നിധീഷ് റാണയ്‌ക്കേറ്റ പരിക്ക് മുംബൈയ്ക്ക് തിരിച്ചടിയാണ്. 13 മല്‍സരങ്ങളില്‍ നിന്ന് 333 റണ്‍സാണ് നിധീഷിന്റെ അക്കൗണ്ടിലുള്ളത്. നിധീഷിന് പകരം അവസരം ലഭിച്ച അമ്പാട്ടി റായിഡു ആദ്യ മല്‍സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും അവസാന രണ്ട് മല്‍സരത്തിലും നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക് പാണ്ഡ്യയും മുംബൈയ് നിരയിലുണ്ട്. ഇരുവരുടേയും ഓള്‍ റൗണ്ട് പ്രകടനം മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമാണ്.ഹര്‍ദിക് 16 മല്‍സരങ്ങളില്‍ നിന്ന് 240 റണ്‍സും ആറു വിക്കറ്റും സ്വന്തമാക്കിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 12 മല്‍സരങ്ങളില്‍ നിന്ന് 196 റണ്‍സും 10 വിക്കറ്റും നേടി.

ബൗളിങ് മുംബൈയുടെ കുന്തമുന

ഏത് എതിരാളിയും ഭയക്കുന്ന തകര്‍പ്പന്‍ ബൗളിങ് നിരയാണ് മുംബൈയുടെ പ്രധാന കരുത്ത്. യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുകളായ ലസിത് മലിംഗയും ജസ്പ്രീത് ബൂംറയും എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമ്പോള്‍ സ്പിന്‍മാന്ത്രികതയുമായി കരണ്‍ ശര്‍മയും ടീമിലുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വിട്ട് നല്‍കി നാല് വിക്കറ്റ് വീഴ്ത്തി കരണ്‍ ശര്‍മ തിളങ്ങിയതോടെ ഫൈനല്‍ മല്‍സരത്തിലും ഹര്‍ഭജന്‍ സിങിന് പകരം കരണിന് തന്നെ അവസരം ലഭിച്ചേക്കും.
മിച്ചല്‍ മഗ്ലെങ്ങന്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണെങ്കിലും പകരം മിച്ചല്‍ ജോണ്‍സണ്‍ മുംബൈയ്ക്കുവേണ്ടി ഇറങ്ങും. ടിം സൗത്തിയും വിനയ് കുമാറും മുംബൈ ബൗളിങ് നിരയില്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.
19 വിക്കറ്റുകളുള്ള മഗ്ലെങ്ങനാണ് മുംബൈയുടെ വിക്കറ്റു വേട്ടക്കാരില്‍ മുന്നിലുള്ളത്. കരണ്‍ ശര്‍മ എട്ട് മല്‍സരങ്ങളില്‍നിന്ന് 13 വിക്കറ്റുകളും  ബൂംറ 15 മല്‍സരങ്ങളില്‍ നിന്ന് 16 വിക്കറ്റും മലിംഗ 11 മല്‍സരങ്ങളില്‍നിന്ന് 11 വിക്കറ്റും മിച്ചല്‍ ജോണ്‍സണ്‍ നാല് മല്‍സരങ്ങളില്‍ നിന്ന് നാല് വിക്കറ്റും നേടിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss