|    Jul 23 Sun, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഡിയ നെറ്റ്‌വര്‍ക്ക് തകരാറിലായി; ഉപഭോക്താക്കള്‍ വലഞ്ഞു

Published : 3rd July 2016 | Posted By: SMR

കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഡിയ നെറ്റ്‌വര്‍ക്ക് കേരളത്തിലുടനീളം ഇന്നലെ മണിക്കൂറുകളോളം നിശ്ചലമായി. ലക്ഷക്കണക്കിന് ഐഡിയ ഉപഭോക്താക്കള്‍ വലഞ്ഞു. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ഉപഭോക്താക്കള്‍ കമ്പനിയുടെ കൊച്ചി വൈറ്റിലയിലെ ഓഫിസ് ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസും രംഗത്തെത്തി. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഉപഭോക്താക്കളുടെ പ്രതിഷേധം. തുടര്‍ന്ന് സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന് പോലിസ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.
നെറ്റ്‌വര്‍ക്ക് ജാമായതിനെത്തുടര്‍ന്നുള്ള ഉപഭോക്താക്കളുടെ പ്രതിഷേധം സോഷ്യല്‍മീഡിയയിലും ഇരമ്പി. ഫേസ്ബുക്ക് ട്രോളുകളിലൂടെയും പ്രതിഷേധം നിറഞ്ഞുനിന്നു. ഇന്നലെ രാവിലെ 10 മണി മുതലാണ് ഐഡിയയുടെ ഉപഭോക്തൃ സേവനങ്ങള്‍ നിലച്ചത്. ഔട്ട്‌ഗോയിങ്-ഇന്‍കമിങ് കോള്‍ സ ര്‍വീസും ഇന്റര്‍നെറ്റ് സേവനവും തടസ്സപ്പെട്ടതോടെ ഐഡിയ ഉപഭോക്താക്കള്‍ മൊബൈ ല്‍ നെറ്റ്‌വര്‍ക്കിന്റെ പരിധിക്കു പുറത്തായി. പ്രശ്‌നം അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്കു വിളിക്കാനും കഴിഞ്ഞിരുന്നില്ല. രാവിലെ മുതല്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഉപഭോക്താക്കള്‍ കാരണം അന്വേഷിച്ച് കമ്പനിയുടെ സെന്ററുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വ്യക്തിഗത കണക്ഷനുകളും കോര്‍പറേറ്റ് കണക്ഷനുകളും ഒരു പോലെ നിശ്ചലമായതോടെ വലിയ തോതിലുള്ള കഷ്ടനഷ്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സംഭവിച്ചത്.
കാക്കനാട്ടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിങ് സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ്‌വര്‍ക്ക് തടസ്സപ്പെടാന്‍ കാരണമെന്നാണ് കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്. വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചതെന്നും കേരളത്തിന്റെ ചില മേഖലകളില്‍ മാത്രമാണ് മൊബൈല്‍ ശൃംഖലയില്‍ തടസ്സങ്ങളുണ്ടായതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. തടസ്സങ്ങളില്ലാത്ത മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ ഐഡിയ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഇത്തരത്തില്‍ തടസ്സങ്ങളുണ്ടാവുന്നത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. 18 വര്‍ഷത്തെ സേവനത്തിനിടെ നെറ്റ്‌വര്‍ക്ക് മണിക്കൂറോളം നിശ്ചലമായത് ആദ്യസംഭവമാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്പനി ഖേദം അറിയിച്ചു. സാങ്കേതിക തകരാര്‍ ഉച്ചയോടെ തന്നെ പരിഹരിക്കുകയും നെറ്റ്‌വര്‍ക്ക് സേവനം സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക