|    Jul 27 Thu, 2017 8:23 am
Home   >  Todays Paper  >  page 6  >  

ഐടി മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: 10 ഐടിഐകള്‍ ലോകോത്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് വകയിരുത്തി. സാങ്കേതികവിദ്യാഭ്യാസത്തിന് ആകെ 235 കോടിയാണ് ഈ വര്‍ഷത്തെ വകയിരുത്തല്‍. തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, കോട്ടയം എന്‍ജിനീയറിങ് കോളജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന 17.3 കോടി രൂപയില്‍ 10 കോടി വിനിയോഗിച്ച് അസാപ്പിന്റെ കീഴില്‍ പരിശീലനം നല്‍കുന്ന യുവാക്കള്‍ക്ക് അപ്രന്റിസ്ഷിപ്പ് കാലത്ത് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നതുപോലുള്ള സ്‌കീം ആവിഷ്‌കരിക്കും. പോളിടെക്‌നിക്കുകള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന് 50 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് വകയിരുത്തി.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, പാലക്കാട് വിക്‌ടോറിയ കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവയുടെ ആധുനികവല്‍ക്കരണത്തിന് പ്രത്യേക നിക്ഷേപനിധിയില്‍നിന്ന് 150 കോടി. കേരളത്തിലെ 52 സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍ക്കും എന്‍ജിനീയറിങ് കോളജുകള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 500 കോടി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിശദമായ പഠനം നടത്തി പ്രത്യേക രേഖ തയ്യാറാക്കിയശേഷം സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന ധനസഹായം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും ബജറ്റില്‍ പറയുന്നു.
ഐടി വ്യവസായങ്ങളും പുതുസംരംഭങ്ങളും പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതി കൊണ്ടുവരും. അഞ്ചുവര്‍ഷംകൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കംകുറിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. നൂതന ആശയങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പ്രോല്‍സാഹനവും ഇതില്‍നിന്നു തിരഞ്ഞെടുത്ത മികച്ച ആശയങ്ങള്‍ക്ക് ഈടില്ലാതെ വായ്പയും ലഭ്യമാക്കുന്ന പദ്ധതിയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ആരംഭിച്ച കളമശ്ശേരിയിലെ ഇന്നൊവേഷന്‍ സോണിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 60 കോടിയാണ് വകയിരുത്തിയത്.
അഞ്ച് ഐടി പാര്‍ക്ക് സംരംഭങ്ങളിലെ നിര്‍മാണപ്രവൃത്തികള്‍ക്കായി 1,325 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് അനുവദിച്ചു. ബജറ്റില്‍ ഐടി മേഖലയുടെ വിഹിതം 482 കോടി രൂപയാണ്. ഇതില്‍ ടെക്‌നോപാര്‍ക്കിന് 79 കോടിയും ഇന്‍ഫോപാര്‍ക്കിന് 61 കോടിയും സൈബര്‍ പാര്‍ക്കിന് 25 കോടിയും വകയിരുത്തി. കൂടാതെ, കെഎസ്‌ഐടിഎല്‍ വികസിപ്പിക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊരട്ടി എന്നിവിടങ്ങളിലെ ചെറുകിട പാര്‍ക്കുകള്‍ക്ക് 58 കോടി രൂപ വകയിരുത്തി.
ബസ്‌സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷനുകള്‍, പാര്‍ക്കുകള്‍, കേരളത്തിലെ ഒന്നാംഗ്രേഡ് ലൈബ്രറികള്‍ എന്നിവിടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന പരിപാടി ആരംഭിക്കുന്നതിന് 25 കോടിയും വകയിരുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക