|    Mar 25 Sat, 2017 1:28 pm

ഐടി ജീവനക്കാരിയുടെ വധം: രണ്ടു പ്രതികള്‍ക്ക് വധശിക്ഷ

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഐടി ജീവനക്കാരി ജിഗിഷാ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടുപേര്‍ക്ക് ഡല്‍ഹിയിലിലെ സാകേത് കോടതി വധശിക്ഷ വിധിച്ചു. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല എന്നിവര്‍ക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മറ്റൊരു പ്രതിയായ ബല്‍ജീത്ത് മാലിക്കിന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ലഭിച്ചത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ട് പ്രതികള്‍ക്ക് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് യാദവ് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ അത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും സ്ത്രീകള്‍ക്കെതിരേയുള്ള അക്രമത്തിനെതിരേ കണ്ണടയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 2009 മാര്‍ച്ച് 18നാണ് ഹെവിറ്റ് അസോസിയേറ്റ് സ്ഥാപനത്തിന്റെ നോയ്ഡയിലെ ഓപറേഷന്‍ മാനേജരായ ജിഗിഷാ ഘോഷ് (28) കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് സ്ഥാപനത്തിന്റെ കാറില്‍ ഡല്‍ഹിയിലെ താമസസ്ഥലമായ വസന്ത് വിഹാറിലുള്ള വീടിനു സമീപം വന്നിറങ്ങിയ ജിഗിഷയെ രവിയും അമിതും ബല്‍ജീത്തും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജിഗിഷയുടെ ആഭരണങ്ങളും എടിഎം കാര്‍ഡുകളും രണ്ടു മൊബൈല്‍ ഫോണുകളും അപഹരിച്ച ശേഷം മൃതദേഹം ഹരിയാനയിലെ സൂരജ്കുന്ദില്‍ ഉപേക്ഷിക്കുകയായിരുന്നു. 2008 സപ്തംബറില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യാ വിശ്വനാഥിനെ വെടിവച്ചുകൊന്ന കേസിലും ഇവര്‍ പ്രതികളാണ്. കൂടാതെ, പ്രതികള്‍ക്കെതിരേ വേറെയും പിടിച്ചുപറി കേസുകളുണ്ട്.
ജിഗിഷയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ചു വിലകൂടിയ വസ്തുക്കള്‍ വാങ്ങിയതാണ് പ്രതികളെക്കുറിച്ച് സൂചനലഭിക്കാന്‍ കാരണമായത്. പ്രതികളില്‍ ഒരാളുടെ കൈയിലെ പച്ചകുത്തിയ അടയാളം കടയിലെ സിസിടിവിയി ക്യാമറയില്‍ പതിഞ്ഞതും ഇവരെ കണ്ടെത്താന്‍ സഹായകമായി. കൊലപാതകം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ പിടികൂടിയിരുന്നു. ആറുവര്‍ഷത്തെ വിചാരണയ്ക്കുശേഷം കഴിഞ്ഞ ജൂലൈ 17നാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാല്‍, വിധി പ്രഖ്യാപനം ഇന്നലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക