|    Oct 19 Fri, 2018 5:35 pm
FLASH NEWS

ഐടി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൊബൈല്‍ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Published : 11th January 2017 | Posted By: fsq

 

കൊല്ലം: ഐടി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൊബൈല്‍ ഷോപ്പുകളില്‍ നിന്നും ആള്‍ക്കാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന യുവാവിനെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. കാവനാട് മീനത്തുചേരി കളിക്കല്‍ കിഴക്കതില്‍ വീട്ടില്‍ ബിനുകൃഷ്ണന്‍(25) ആണ് പിടിയിലായത്. സ്വര്‍ണാഭരണശാലയില്‍ സെയില്‍സ്മാനായി നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതിനും കൃത്രിമമായി ആധാര്‍കാര്‍ഡ് ഉണ്ടാക്കിയതിനും ഇയാളെ മുമ്പ് പിടികൂടിയിരുന്നു. ഈ കേസുകളില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് മൊബൈല്‍ഫോണ്‍ കവര്‍ച്ച തുടങ്ങിയത്. വടയാറ്റുകോട്ടയിലുള്ള സെല്‍വേള്‍ഡ് എന്ന മൊബൈല്‍കടയില്‍ ചെന്ന് ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എക്‌സിക്യൂട്ടീവാണെന്ന് പരിചയപ്പെടുത്തിയശേഷം നാല് മൊബൈല്‍ഫോണുകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. വിലകൂടിയ നാല് ഫോണുകള്‍ വാങ്ങിയശേഷം ഡെബിറ്റ്കാര്‍ഡ് എടുക്കാന്‍ മറന്നുപോയി എന്ന് പറഞ്ഞ് മൊബൈല്‍കടയിലെ സ്റ്റാഫിനെ കൂടെ കൂട്ടി ടെക്‌നോപാര്‍ക്കിലെത്തിയശേഷം ഫോണുകളുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ കടയുടെ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തി മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ചതായി പോലിസ് കണ്ടെത്തി. മാന്യമായി വേഷം ധരിച്ച് കാര്‍ വാടകയ്‌ക്കെടുത്താണ് ഇയാള്‍ മൊബൈല്‍ കടകളില്‍ എത്തുന്നത്. ആകര്‍ഷകമായ പെരുമാറ്റത്തിലൂടെ ജീവനക്കാരുടെ വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ്.തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഫോണ്‍കെയര്‍ എന്ന കടയിലെത്തി ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ച് മൊബൈല്‍ഫോണ്‍ വാങ്ങിയശേഷം കടയിലെ സ്റ്റാഫുമായി ടെക്‌നോപാര്‍ക്കില്‍ ചെന്ന് ഫോണുമായി ഇയാള്‍ മുങ്ങിയിരുന്നു. കൊട്ടിയത്തെ മൊബൈല്‍കടയില്‍ നിന്നും സമാനമായ രീതിയില്‍ മോഷണം നടത്തിയിട്ടുണ്ട്. കൊല്ലം എസ്എന്‍ കോളജ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൗര്‍ണമി ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തില്‍ നിന്ന് വേണുഗോപാല്‍ എന്നയാളുടെ മൊബൈല്‍ഫോണ്‍ പരിചയഭാവം നടിച്ച് ഫോണ്‍ ചെയ്യുന്നതിനായി വാങ്ങി കടന്നുകളഞ്ഞതും ഇയാളാണ്. വാളത്തുംഗല്‍ സ്വദേശിയുടെ ലാപ്‌ടോപ് ശരിയാക്കുന്നതിന് വീട്ടിലെത്തിയശേഷം ഫോണ്‍ വിളിക്കുന്നതിന് മൊബൈല്‍ഫോണ്‍ വാങ്ങിയും മുളങ്കാടകത്തെ ഫഌക്‌സ് പ്രിന്റിങ് സ്ഥാപനത്തിലെത്തി ജീവനക്കാരന്റെ ഫോണ്‍ വാങ്ങി ഫോണ്‍ ചെയ്യാനെന്ന വ്യാജേന കടയ്ക്ക് പുറത്തിറങ്ങി കടന്നുകളഞ്ഞതും ഇയാളാണ്. മോഷ്ടിച്ചെടുത്ത ഫോണുകള്‍ മറ്റ് പ്രദേശങ്ങളിലെ മൊബൈല്‍ കടകളില്‍ വില്‍പ്പന നടത്തിയതായി ഇയാള്‍ പോലിസിനോട് സമ്മതിച്ചു. വാടകയ്‌ക്കെടുത്ത കാറുകള്‍ക്ക് വാടക നല്‍കാതെയും ലോഡ്ജുകളിലും ഹോട്ടലുകളിലും താമസിച്ച് വാടക നല്‍കാതെയും ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. അഡീഷനല്‍ എസ്‌ഐ എന്‍ പ്രകാശന്‍, എഎസ്‌ഐ ജി സുരേഷ്‌കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ബിനു, ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, ഹരിലാല്‍, സജു, സുനു, വിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss