|    Apr 22 Sun, 2018 12:55 am
FLASH NEWS

ഐടിഎസ്ആറില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും

Published : 15th February 2016 | Posted By: SMR

കല്‍പ്പറ്റ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ അടുത്ത അധ്യയന വര്‍ഷം പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ എം ഐ ഷാനവാസ് എംപിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ബിഎസ്‌സി ബോട്ടണി, ബിഎസ്‌സി ഫോറസ്ട്രി കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ ചെതലയത്ത് 10 ഏക്കര്‍ ഭൂമിയില്‍ 2015ല്‍ ബിഎ സോഷ്യോളജി ബിരുദ കോഴ്‌സില്‍ 40 കുട്ടികളെ ഉള്‍പ്പെടുത്തിയാണ് റസിഡന്‍ഷ്യല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ജില്ലയിലെ പിന്നാക്ക വിഭാഗമായ എസ്ടി വിദ്യാര്‍ഥികള്‍ക്ക് ബിരുദപഠനത്തിന് അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഗവേഷണ കേന്ദ്രം സഹായകമാവുന്നത്. ഐടിഎസ്ആറില്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന പാഠ്യപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ ആദിവാസി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ സാധ്യതയൊരുക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പഠനത്തോടെപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനം ഉറപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ആദിവാസി വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്ക് തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ ഒന്നു മുതല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ വരെ പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നു ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.
2016ല്‍ സെന്ററില്‍ എംഎസ്ഡബ്ല്യു കോഴ്‌സും ടൂറിസം മേഖലയിലെ സാധ്യത പരിഗണിച്ച് ഹ്രസ്വകാല ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സും മറ്റ് പരിശീലന പരിപാടികള്‍ ഘട്ടംഘട്ടമായി ആരംഭിക്കാന്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ അന്യംനില്‍ക്കുന്ന പരമ്പരാഗത വൈദ്യചികില്‍സാ രീതികള്‍ പരിപോഷിപ്പിക്കുന്നതിനും കിര്‍ത്താഡ്‌സ്, ഡയറ്റ് എന്നിവയുടെ സഹകരണത്തോടെ ആദിവാസി വിഭാഗത്തിന്റെ ഭാഷ ശബ്ദരേഖയാക്കുന്നതിനും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ പിഎസ്‌സി, റെയില്‍വേ, ബാങ്ക് കോച്ചിങ്, സിവില്‍ സര്‍വീസ് എന്നിവയില്‍ പരിശീലനം ഉറപ്പാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. 23 പെണ്‍കുട്ടികളും 17 ആണ്‍കുട്ടികളും അടങ്ങുന്നതാണ് ഐടിഎസ്ആറിലെ ആദ്യബാച്ച്, വിദ്യാര്‍ഥികളെ മുഖ്യധാരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍ഗണന നല്‍കി കൂടുതല്‍ ബിരുദ കോഴ്‌സുകള്‍ അനുവദിക്കണമെന്നും ഐടിഎസ്ആര്‍ ഡയറക്ടര്‍ ഡോ. ഇ പുഷ്പലത അഭിപ്രായപ്പെട്ടു.
ട്രൈബല്‍ യൂനിവേഴ്‌സിറ്റിയുടെ അടിസ്ഥാന- ഭൗതിക സൗകര്യ വികസനത്തിനായുള്ള പദ്ധതി രൂപരേഖ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ടി അബ്ദുല്‍ മജീദ്, സി കെ ജാനു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss