|    Oct 22 Sun, 2017 10:16 am
Home   >  Todays Paper  >  Page 4  >  

ഐജിയുടെ മകന്‍ കാറോടിച്ച സംഭവം: അന്വേഷണം ഇഴയുന്നു

Published : 31st July 2016 | Posted By: SMR

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: തൃശൂര്‍ പോലിസ് അക്കാദമിയിലെ മേധാവിയായിരുന്ന ഐജി സുരേഷ് രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ പോലിസ് വാഹനങ്ങള്‍ ഓടിച്ച സംഭവത്തിലെ അന്വേഷണം ഇഴയുന്നു.
വ്യത്യസ്ഥ ദിവസങ്ങളിലായി മൂന്ന് പോലിസ് വാഹനങ്ങളാണ് പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ഓടിച്ചത്. അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അടങ്ങിയ സിഡി അക്കാദമിയിലെ പോലിസുകാര്‍ ഡിജിപിക്ക് അയച്ചുകൊടുത്തതോടെയാണ് സംഭവം വാര്‍ത്തയായത്. ഡിജിപിയായിരുന്ന സെന്‍കുമാര്‍ സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയും ഏല്‍പ്പിച്ചിരുന്നു. തൃശൂരില്‍ ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ മകന്‍ വാഹനമോടിച്ച സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലിസ് സ്വമേധയാ കേസെടുത്തിരുന്നു. ഈ സംഭവം ഉദ്ധരിച്ചാണ് പൊതുപ്രവര്‍ത്തകര്‍ ഐജിയുടെ മകനെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ടത്.
എന്നാല്‍, മാസം നാലുപിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കുകയോ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയോ ചെയ്തിട്ടില്ല. ഡിജിപിക്ക് സിഡി കൈമാറിയെവരെന്ന് സംശയിച്ച അഞ്ച് പോലിസുകാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഐജി സുരേഷ് രാജ് തണ്ടര്‍ബോള്‍ട്ട് പരിശീലനത്തിന് കാട്ടിലേക്ക് അയച്ചിരുന്നു. ഐജിക്കും മകനുമെതിരേ നടപടിയാവശ്യപ്പെട്ട് അക്കാദമയിലെ ഇടതുപക്ഷ പോലിസ് അനുകൂല സംഘടന ഡിജിപിക്ക് പരാതിയും കൈമാറി. ബീഫ് നിരോധനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഐജിക്കെതിരേ ഇടതുപക്ഷ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
തിരുവനന്തപുരം പോലിസ് ട്രെയിനിങ് ക്യാംപിന്റെ ചുമതല നല്‍കി എല്‍ഡിഎഫ് സര്‍ക്കാരും സുരേഷ് രാജ് പുരോഹിതിനെ രക്ഷിക്കുകയായിരുന്നു. താമസസ്ഥലത്തെ വീടുകള്‍ക്ക് ഐജി ഹിന്ദുപുരാണങ്ങളിലെ നാമങ്ങള്‍ നല്‍കിയതും വിവാദമായിരുന്നു.
യുഡിഎഫിനെപോലെ എല്‍ഡിഎഫും ഐജിയെ തൊടാന്‍ മടിക്കുന്നത് കേന്ദ്രസര്‍ക്കാരിലെ ഉന്നതരുമായുള്ള ബന്ധത്താലാണെന്നാണ് സൂചന.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക