|    Sep 26 Wed, 2018 12:15 pm
FLASH NEWS

ഐജിക്കു പിന്നാലെ എസ്പിയും സ്ഥലംമാറ്റ ഭീഷണിയില്‍

Published : 22nd January 2017 | Posted By: fsq

 

കണ്ണൂര്‍: കലോല്‍സവനാളില്‍ കണ്ണൂരിന്റെ മുഖംകെടുത്തുന്ന വിധത്തില്‍ നടന്ന കൊലപാതകവും തുടര്‍ന്നു പ്രധാന നഗരിക്കു സമീപമുണ്ടായ നാടകീയ രംഗങ്ങളും സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയതോടെ ഉത്തരമേഖലാ ഐജിക്കു പിന്നാലെ ജില്ലാ പോലിസ് ചീഫും സ്ഥലംമാറ്റ ഭീഷണിയില്‍. ഉത്തരമേഖലാ ഐജിയായിരുന്ന ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ച് ഐജിയായി സ്ഥാനക്കയറ്റം നല്‍കിയാണ് സ്ഥലംമാറ്റിയതെങ്കില്‍ എസ്പി കെ പി ഫിലിപ്പ് ചുമതലയേറ്റ് ഒരാഴ്ച പിന്നിടുമ്പോഴേക്കും സ്ഥലം മാറ്റാനാണു നീക്കം. സംഘര്‍ഷഭരിതമായ 32 മാസത്തെ സേവനത്തിനൊടുവിലാണ് ദിനേന്ദ്ര കശ്യപ് കണ്ണൂര്‍ വിടുന്നത്. അക്രമങ്ങളും കൊലപാതകങ്ങള്‍ മറ്റുമുണ്ടാവുമ്പോള്‍ ഇദ്ദേഹത്തിന്റെ ഇടപെടല്‍ പൊതുവം അംഗീകരിക്കപ്പെട്ടിരുന്നു. കലോല്‍സവത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് ജില്ലാ പോലിസ് ചീഫായിരുന്ന കോറി സഞ്ജയ് കുമാര്‍ ഗുരുദിനെ സ്ഥലം മാറ്റിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജില്ലയിലുണ്ടായ കൊലപാതകങ്ങളിലും അക്രമങ്ങളിലും ഗുരുദിന്‍ സ്വീകരിച്ച നിലപാടുകള്‍ സിപിഎമ്മിനെ ചൊടിപ്പിച്ചിരുന്നു. പയ്യന്നൂരില്‍ സിപിഎം പോലിസ് സ്‌റ്റേഷന്‍ ഉപരോധത്തില്‍ വരെ കാര്യങ്ങളെത്തിയിരുന്നു. മാത്രമല്ല, ജില്ലയിലെ ആര്‍എസ്എസ് ആയുധപരിശീലനത്തെ കുറിച്ചു നല്‍കിയ പരാതിയില്‍ പോലിസ് നടപടിയെടുക്കാത്തതും അതൃപ്തിക്കു കാരണമായിരുന്നു. പുതുതായി ചുമതലയേറ്റ ജില്ലാ പോലിസ് ചീഫ് കെ പി ഫിലിപ്പിനു, കലോല്‍സവ നാളിലെ കൊലപാതകവും വിലാപയാത്രയും കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നാണു ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന കൊലപാതകം, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം നടക്കുന്ന വേദിക്കു സമീപമെത്തിച്ച് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയെന്ന തന്ത്രത്തില്‍ എസ്പി വീഴുകയായിരുന്നു. മൃതദേഹം പരിയാരത്തു നിന്ന് ദേശീയപാത വഴി തലശ്ശേരിയിലേക്കു പോവാമെന്നിരിക്കെ, കലോല്‍സവ വേദിക്കു സമീപത്തെ പഴയ ബസ് സ്റ്റാന്റില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നല്‍കിയതാണ് വലിയ വീഴ്ചയായത്. പൊതുദര്‍ശനത്തിനു അനുമതി നല്‍കില്ലെന്ന് ആദ്യം എസ്പി കടുത്ത നിലപാടെടുത്തെങ്കിലും ബിജെപിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അരമണിക്കൂര്‍ നല്‍കി. എന്നാല്‍, മൃതദേഹമെത്തിയതോടെ ബിജെപി നിലപാട് മാറ്റി. പൊതുവേദിക്കു മുന്നിലൂടെ വിലാപയാത്ര പോവുമെന്ന് ശാ ഠ്യം പിടിച്ചു. ഇതോടെ ഇരുപക്ഷവും സംഘടിക്കുകയും കലോല്‍സവത്തിനെത്തിയവരെ മണിക്കൂറുകളോളം മുള്‍മുനയി ല്‍ നിര്‍ത്തുകയും ചെയ്തു. മൂന്നു മണിക്കൂറോളം കഴിഞ്ഞ ശേഷം ഐജിയും ജില്ലാ കലക്്ടറും ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്. ആദ്യസമയത്ത് തന്നെ വിലാപയാത്ര പോവാന്‍ അനുവദിച്ചിരുന്നെങ്കില്‍ ഇത്രമാത്രം പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണു പോലിസ് സേനയിലെ ഒരുവിഭാഗത്തിന്റെ വാദം. ഉത്തരേന്ത്യയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള മഹിപാല്‍ യാദവാണ് പുതിയ കണ്ണൂര്‍ ഐജി. അടുത്തമാസം 15 ഓടെ ചുമതലയേല്‍ക്കുമെന്നാണു വിവരം. അതുവരെ കണ്ണൂര്‍ ജില്ലയുടെ അധിക ചുമതല തൃശൂര്‍ ഐജി എം ആര്‍ അജിത്ത് കുമാറിനാണ്. കണ്ണൂര്‍ എസ്പിയായി പത്തനംതിട്ട എസ്പി അശോകനെ നിയമിക്കാനാണ് ആലോചിക്കുന്നത്. സന്തോഷ് വധത്തിലെ പ്രതികളെ എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തത്. കൊല നടന്നതു മുതല്‍ എസ്പി തലശ്ശേരിയില്‍ ക്യാംപ് ചെയ്താണ് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കൊലപാതക കാരണത്തെ ചൊല്ലി സിപിഎം പ്രചാരണത്തിനു വിരുദ്ധമായി രാഷ്ട്രീയം തന്നെയാണ് ഉറപ്പിച്ചതു സിപിഎമ്മിനെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss