|    Dec 17 Mon, 2018 2:13 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഐക്യാഹ്വാനങ്ങളുടെ നിസ്സഹായത

Published : 29th August 2016 | Posted By: SMR

ഡോ. സി കെ അബ്ദുല്ല

മുസ്‌ലിം സമുദായത്തിനു വേണ്ടി അകത്തുനിന്നും പുറത്തുനിന്നും ചിലപ്പോള്‍ ഉയരാറുള്ള ഐക്യാഹ്വാന ഉള്‍വിളികളില്‍ ഒരു ബാലന്‍സ് തീര്‍ക്കുന്ന ജോലി പല ‘നിഷ്പക്ഷര്‍’ക്കും ക്ലേശകരമാണ്. ഹിന്ദുത്വ ഫാഷിസത്തെക്കുറിച്ച് പറയുമ്പോള്‍ ഇപ്പുറത്ത് ആരെങ്കിലും വേണം തുലാസില്‍ വയ്ക്കാന്‍. മുമ്പ് അത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നു. ഇപ്പോള്‍ പറ്റിയ ഉരുപ്പടി പോപുലര്‍ ഫ്രണ്ടാണ്. അവരില്ലെങ്കില്‍ വേറെ ആരെയെങ്കിലും കയറ്റിവയ്ക്കും. പോപുലര്‍ ഫ്രണ്ടിനോടൊപ്പം ഇടയ്ക്ക് ജമാഅത്തെ ഇസ്‌ലാമിയും ഉണ്ടാവും. എങ്കിലും ഫ്രണ്ട് ഉള്ളത് പലര്‍ക്കും ഒരു സമാധാനമാണ്. തങ്ങള്‍ പലരുടെയും നോട്ടപ്പുള്ളിയാവാതെ രക്ഷപ്പെട്ടേക്കാമെന്ന മൗഢ്യമായ കണക്കുകൂട്ടലായിരിക്കാം ഇതിനു പ്രേരകം.
കഴിഞ്ഞ ദിവസം (ആഗസ്ത് 20) കേരളത്തിലെ രണ്ടു മുസ്‌ലിം സ്ഥാപനങ്ങളിലേക്ക് സംഘപരിവാരം ആഹ്വാനം ചെയ്ത മാര്‍ച്ചില്‍ കേരള പോലിസ് തക്കസമയത്ത് ഇടപെട്ടതുമൂലം ഇരുവിഭാഗങ്ങളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കി മഹാദുരന്തം ഒഴിവായി എന്ന തരത്തിലായിരുന്നു. സ്ഥിരം ഐക്യാഹ്വാനക്കാരുടെ പ്രചാരണം. കൂര്‍ത്ത മുനകളുമായി നടക്കുന്ന ചില മാധ്യമപ്രഭുക്കള്‍ സംഭവത്തെ വിശേഷിപ്പിച്ച ‘മുള്‍മുന’ പ്രയോഗങ്ങള്‍ അത്തരം ധാരണ പരത്തുന്നതിനു കാരണമായിരിക്കാം. പക്ഷേ, ഹിന്ദു ഐക്യവേദിയും പോപുലര്‍ ഫ്രണ്ടും മുഖാമുഖം പോരിനു നില്‍ക്കുമ്പോള്‍ നിയമപാലകരുടെ സമയോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷമുണ്ടായില്ല എന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ബാധ്യതയുള്ള ഇടതുപാളയം ഇറക്കിയ കുപ്രചാരണം മറ്റുള്ളവര്‍ അറിഞ്ഞും അറിയാതെയും ഏറ്റുപിടിക്കുന്നു.
സിപിഎമ്മിന്റെ മുസ്‌ലിം പ്രേമം കഴിഞ്ഞ ദിവസം മലപ്പുറത്ത് പൂത്തുലഞ്ഞത് നാം കണ്ടു. തിരൂര്‍ ഉണ്ണിയാല്‍ പ്രദേശങ്ങളില്‍ അവര്‍ മുസ്‌ലിം വീടുകള്‍ കൊള്ള ചെയ്തു. അടിസ്ഥാനപരമായി മതവിരുദ്ധരായ, പ്രത്യേക സമയങ്ങളില്‍ മുസ്‌ലിം വിരുദ്ധത പ്രകടമാക്കുന്നവരാണ് സിപിഎം പ്രവര്‍ത്തകരില്‍ ഒരു വിഭാഗം. എന്നാല്‍, സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ ഇസ്‌ലാമിക സ്ഥാപനങ്ങളോട് സംഘപരിവാരവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പുലര്‍ത്തുന്ന സമാന നിലപാടുകള്‍ തൂക്കമൊപ്പിക്കല്‍ വ്യഗ്രതയില്‍ വിസ്മരിക്കുന്നു.
മുസ്‌ലിം കേന്ദ്രങ്ങളിലേക്ക് ഇരച്ചുകയറി കലാപം നടത്താനുള്ള ആഹ്വാനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാരം അനവധി തവണ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്. അധികാരികള്‍ ഫലപ്രദമായി ഇടപെടാതിരിക്കുകയോ കലാപകാരികള്‍ക്ക് അരുനില്‍ക്കുകയോ ചെയ്ത സംഭവങ്ങളും അനവധി. ഭൂരിപക്ഷ സമുദായത്തില്‍ ആരെയും പ്രകോപിപ്പിക്കാതിരിക്കാനാണ് ഭരണകൂടം ശ്രമിക്കുക. ലളിതമായ വോട്ടുബാങ്ക് തത്ത്വം.
കേരളത്തിലും ഇത്തരം ശ്രമങ്ങള്‍ അവര്‍ നടത്തിനോക്കിയിട്ടുണ്ട്. അപ്പോഴൊക്കെ ജനകീയ പ്രതിരോധമാണ് ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്. ഉദാഹരണത്തിന്, 2013ല്‍ വ്യാജമായ ലൗജിഹാദ് ആരോപണങ്ങളുടെ പിന്‍ബലത്തില്‍ കോഴിക്കോട് മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‌ലാം എന്ന മതപഠന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘപരിവാരം പ്രഖ്യാപിച്ചിരുന്നു. അന്നും അതിനെതിരേ പോപുലര്‍ ഫ്രണ്ട് രംഗത്തു വന്ന് ജനകീയമായി തടുക്കുമെന്നു പ്രഖ്യാപിച്ചു. ലൗജിഹാദ് ആരോപണത്തില്‍ പ്രതിസ്ഥാനത്താണ് തങ്ങളെന്നത് അവരെ അലട്ടിയില്ല. അധികാരികള്‍ കണ്ണുതുറന്നു. സംഘപരിവാര മാര്‍ച്ച് വളരെ അകലെ വച്ചുതന്നെ തടയാന്‍ അവര്‍ തയ്യാറായി.
ഇപ്രാവശ്യം മുസ്‌ലിം സ്ഥാപനങ്ങള്‍ കൈയേറാനുള്ള ആര്‍എസ്എസ് ശ്രമം തടയുമെന്ന പോപുലര്‍ ഫ്രണ്ട് പോസ്റ്റര്‍ പോലും ചില നിഷ്പക്ഷരെ ഭയപ്പെടുത്തിപോലും! പോസ്റ്റര്‍ കള്ളം പ്രചരിപ്പിക്കുന്നു എന്നാണ് അവര്‍ പരിഭവപ്പെട്ടത്. ഫാഷിസത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ധാരണ ഇല്ലാത്തതുകൊണ്ടായിരിക്കാം ഇത്തരം ഉദീരണങ്ങള്‍. ആഗസ്ത് 20നു സംഘപരിവാരം പ്രഖ്യാപിച്ച മാര്‍ച്ച് അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാവുമെന്നതു വ്യക്തം. അത്തരം സാഹചര്യത്തില്‍ മാര്‍ച്ച് നിരോധിക്കുകയായിരുന്നു സര്‍ക്കാര്‍ വേണ്ടിയിരുന്നത്. കാംപസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടന ഫാഷിസത്തിനെതിരേ കലാജാഥ സംഘടിപ്പിച്ചപ്പോള്‍ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ചു ജാഥയ്ക്ക് അനുമതി നിഷേധിച്ചത് അതിന് ഒരാഴ്ച മുമ്പാണ് എന്നോര്‍ക്കുക.
മഞ്ചേരിയിലും തലസ്ഥാന നഗരിയിലും മാര്‍ച്ച് നിരോധിച്ചില്ലെന്നു മാത്രമല്ല, മൈക്ക് പെര്‍മിറ്റ് അടക്കമുള്ള അനുമതികള്‍ അവര്‍ക്ക് ലഭിച്ചു. ഭരണപക്ഷം അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സ് കളിക്കുകയായിരുന്നു. മഞ്ചേരിയില്‍ സിപിഎം പ്രഖ്യാപിച്ച വര്‍ഗീയതാവിരുദ്ധ സംഗമം അതു വിളിച്ചോതുന്നു. ചില ഉന്തും തള്ളുമൊക്കെ നടക്കുമെന്നും അതു മുതലെടുത്ത് മലപ്പുറത്തു പാര്‍ട്ടി വളര്‍ത്താമെന്നും സംഘാടകര്‍ കണക്കുകൂട്ടിയിരിക്കാം. പോപുലര്‍ ഫ്രണ്ടിന്റെ ജനകീയ പ്രതിരോധം മൂലം അതിന് അവസരമില്ലാതായി.
തിരുവനന്തപുരത്തെ സലഫി സെന്ററുമായി ബന്ധപ്പെട്ട സംഘടനാ പ്രാതിനിധ്യങ്ങള്‍ ജനകീയ പ്രതിഷേധത്തിനെതിരേ പ്രമാണങ്ങള്‍ വളച്ചൊടിച്ചു പോസ്റ്റുകളും വോയ്‌സ്‌ക്ലിപ്പുകളും പ്രചരിപ്പിച്ചു. രണ്ടിടങ്ങളിലും നാട്ടുകാരെയും പ്രവര്‍ത്തകരെയും സംഘടിപ്പിച്ചു തീര്‍ത്ത ജനകീയ പ്രതിരോധം വിജയം കണ്ടു. മഞ്ചേരിയില്‍ സംഘപരിവാരം ആസൂത്രണം ചെയ്തത് കച്ചേരിപ്പടിയില്‍ നിന്നു മാര്‍ച്ച് തുടങ്ങി ടൗണ്‍ വഴി കടന്നുപോകാനായിരുന്നു. മഞ്ചേരി ടൗണിലൂടെ നടത്തുന്ന ഒരു മാര്‍ച്ച് തന്നെ അവര്‍ക്ക് വലിയ വിജയമാകുമായിരുന്നു. രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം സ്വന്തം തീരുമാനപ്രകാരം ഇസ്‌ലാം സ്വീകരിച്ച ഒരു സഹോദരി സംഘപരിവാരത്തിന്റെ കുത്തേറ്റ് മാപ്പിളമക്കളുടെ നെഞ്ചിലേക്കു മരിച്ചുവീണത് ഇതേ കച്ചേരിപ്പടിയിലെ കോടതിമുറ്റത്തു വച്ചായിരുന്നു.
പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മഞ്ചേരി ടൗണില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള സത്യസരണിക്ക് പരിസരത്തും ടൗണിന്റെ നാനാവശങ്ങളിലും നേരത്തേ നിലയുറപ്പിച്ചു. കച്ചേരിപ്പടിയുടെ അതിര്‍ത്തിക്കപ്പുറം വന്‍ ജനസന്നാഹം തടിച്ചുകൂടി സംഘപരിവാരത്തെ ടൗണിനു പുറത്തുള്ള പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒതുക്കി. ചില മാധ്യമങ്ങള്‍ നിഗളിപ്പോടെ എഴുതിയപോലെ പോലിസ് വരച്ച വരയില്‍ നില്‍ക്കുകയല്ല, പോപുലര്‍ ഫ്രണ്ട് വരച്ച വരയ്ക്കു സമീപം പോലിസ് നില്‍ക്കുകയാണ് ചെയ്തത്. മാര്‍ച്ച് തുടങ്ങി 300 മീറ്റര്‍ അപ്പുറം മെഡിക്കല്‍ കോളജ് വരെയെങ്കിലും പോയി മാനം കാക്കാന്‍ അനുവദിക്കണമെന്ന് അവരുടെ അപേക്ഷ പ്രകാരം പോലിസ് ആവശ്യപ്പെട്ടുവെങ്കിലും ഫ്രണ്ട് അതനുവദിച്ചില്ല. ഒരടി മുന്നോട്ടുപോവാന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നത് നിമിത്തം മണിക്കൂറുകള്‍ക്കു ശേഷം അവര്‍ സ്റ്റാന്‍ഡിനു പരിസരത്ത് പരിപാടി അവസാനിപ്പിച്ചു പിരിഞ്ഞുപോവുകയായിരുന്നു.
മുസ്‌ലിം സമൂഹത്തിനു വേണമെങ്കില്‍ ആഗസ്ത് 20ലെ മാര്‍ച്ച് അനുവദിക്കാമായിരുന്നു. അല്ലെങ്കില്‍ നിസ്സംഗരാവാമായിരുന്നു. പക്ഷേ, ഭവിഷ്യത്ത് ഭയാനകമായിരിക്കും. ആശങ്കയല്ല, മതകീയ ഫാഷിസം പത്തിവിടര്‍ത്തിയാടുന്ന ഇന്ത്യയിലെ അനുഭവങ്ങള്‍ അതാണ് കാണിച്ചുതരുന്നത്- മതസമൂഹങ്ങള്‍ക്കു മാത്രമല്ല, രാഷ്ട്രീയപാര്‍ട്ടികള്‍ക്കും. സിപിഎമ്മിന്റെ ഡല്‍ഹിയിലുള്ള ദേശീയ ആസ്ഥാനത്തേക്ക് സംഘപരിവാരം നടത്തിയ മാര്‍ച്ച് തടയാന്‍ പോലിസ് ബാരിക്കേഡുകള്‍ തീര്‍ത്തിട്ടും അവ മറികടന്ന് അവര്‍ ആസ്ഥാനം കൈയേറിയിട്ട് അധികം കാലമായിട്ടില്ല. അവിടെ പ്രതിരോധം തീര്‍ക്കാന്‍ ചുവപ്പുപട്ടാളം ഉണ്ടായില്ല എന്നതില്‍ സിപിഎമ്മുകാര്‍ ഖിന്നരാണ്.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് ‘കാക്കുവാന്‍’ ആയിരക്കണക്കിനു പട്ടാളവും പോലിസും നിലയുറപ്പിച്ചിട്ടും എന്താണ് സംഭവിച്ചത്? (ബാബരി മസ്ജിദിനു മുകളില്‍ ശൂലവുമായി കയറിനിന്ന സ്വയംസേവകരുടെ ആര്‍പ്പുവിളി കൊണ്ടല്ല, താഴെ കണ്‍ട്രോള്‍ഡ് ഡിമോളിഷന്‍ രീതി ഉപയോഗിച്ചാണ് മസ്ജിദ് തകര്‍ന്നതെന്നും സംഭവത്തില്‍ കുറേ കര്‍സേവകര്‍ കൊല്ലപ്പെട്ടുവെന്നും ഒരു പരിപാടിയില്‍ തുറന്നടിച്ചതു മൂലമാണ് സാക്കിര്‍ നായിക് എന്ന കറകളഞ്ഞ അരാഷ്ട്രീയ സലഫിയെ അവര്‍ ഉന്നമിട്ടതെന്ന് ഓര്‍ക്കുക).
അന്ന് 15 കോടിയിലധികം ഉണ്ടായിരുന്ന മുസ്‌ലിംകളില്‍ ആരെങ്കിലും മുന്നോട്ടുവന്ന് ജനകീയ പ്രതിരോധം തീര്‍ത്തിരുന്നുവെങ്കില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ നാണംകെട്ടുപോവില്ലായിരുന്നു. (ഒരു സ്വകാര്യ സംഭാഷണത്തില്‍ പരേതനായ സേട്ട് സാഹിബ് അക്കാര്യം സമ്മതിക്കുകയും ചെയ്തു). പക്ഷേ, റസൂല്‍ തിരുമേനിയുടെ പിതാമഹന്‍ അബ്ദുല്‍ മുത്തലിബിന്റെ കാലത്ത് കഅ്ബാലയം തകര്‍ക്കാന്‍ വന്ന അബ്രഹത് രാജാവില്‍ നിന്ന് അല്ലാഹു അവന്റെ ഭവനം കാത്ത കഥ പറഞ്ഞുകൊടുത്ത് സമൂഹത്തെ ഉറക്കുകയായിരുന്നു ശാന്തിയാശ്രമങ്ങളിലെ അന്തേവാസികള്‍. അത്തരം കഥകള്‍ കേട്ട് ഇനിയും ഉറങ്ങിയാല്‍ അവസ്ഥ വേറെയായിരിക്കും. കാരണം, അബ്ദുല്‍ മുത്തലിബിന്റെ പേരക്കിടാവ് വിമോചനത്തിന്റെ ശരിയായ വഴികള്‍ കാണിച്ചുതന്നിട്ടുണ്ട്.
ആരുടെ മതസ്ഥാപനങ്ങളിലേക്കും ഇത്തരം അതിക്രമങ്ങള്‍ അനുവദിക്കില്ലെന്ന, ഒരു പൗരനെയും ഇരയാക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് എടുക്കാന്‍ എന്നു സമുദായത്തിലെ വിഭിന്ന നേതൃവിഭാഗങ്ങള്‍ക്കു സാധിക്കുമോ, അന്നേ ഐക്യാഹ്വാനങ്ങള്‍ക്ക് അര്‍ഥമുള്ളൂ. മുസ്‌ലിം സമുദായം ഒരുമിച്ചുനിന്നിട്ടോ അനുവദിച്ചിട്ടോ ഒരു ജനകീയ പ്രതിരോധവും അടുത്തൊന്നും ഉണ്ടാവില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം.
സംഘടനകള്‍ ഫാഷിസത്തിനെതിരേ നടത്തുന്ന ബോധവല്‍ക്കരണങ്ങളില്‍ ബിജെപി-ആര്‍എസ്എസ് പ്രതിനിധികള്‍ മുഖ്യാതിഥികളാകുന്ന തമാശയും നാം കണ്ടുകൊണ്ടേയിരിക്കുന്നു. സലഫികളിലെ ഒരു വിഭാഗം കോഴിക്കോട്ട് നടത്തുന്ന ‘ഭീകരതാവിരുദ്ധ’ സെമിനാറിലെ ഒരു മുഖ്യ പ്രഭാഷകന്‍ ആര്‍എസ്എസിന്റെ പ്രാദേശിക നേതാവാണ്. ടി പി വധക്കേസില്‍ ആരോപിതനായ സിപിഎം സഖാവുമുണ്ട് കൂടെ. ഫാഷിസത്തെയും അക്രമരാഷ്ട്രീയത്തെയും പ്രീതിപ്പെടുത്താതെ തങ്ങളുടെ സ്‌റ്റേജ് ഷോകള്‍ നടക്കില്ലെന്ന നിവൃത്തികേടിന്റെ മനശ്ശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അപകര്‍ഷബോധം പേറുന്നവര്‍ മാത്രമാണ് ജനകീയ പ്രതിരോധം അപരാധമായി കാണുന്നത്.

mugabe-shot

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss