|    Jan 21 Sat, 2017 1:44 am
FLASH NEWS

ഐക്യം മഹാബലം, നമുക്കും കിട്ടണം…

Published : 5th December 2015 | Posted By: SMR

കുന്നത്തൂര്‍ രാധാകൃഷ്ണന്‍

ഓരോ കാലത്തും ഓരോ വിദൂഷകന്‍മാര്‍ അവതരിക്കാറുണ്ട്. അക്ബറുടെ കാലത്ത് ബീര്‍ബലും കൃഷ്ണദേവരായരുടെ കാലത്ത് തെന്നാലിരാമനും ഇപ്രകാരം രാജാവിനെയും പ്രജകളെയും രസിപ്പിച്ച ചിരിക്കോമരങ്ങളാണ്. സാമൂതിരിയുടെ കാലത്തെ കുഞ്ഞായന്‍ മുസ്‌ല്യാരെയും ഇക്കൂട്ടത്തില്‍ പെടുത്താം.
ഇപ്പോള്‍ തമാശ, ചിരിദിനത്തില്‍ മനഃപൂര്‍വം സൃഷ്ടിക്കുന്ന പൊള്ളച്ചിരിയില്‍ ഒതുങ്ങിയിരിക്കുകയാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, നമുക്ക് പുതിയൊരു വിദൂഷകന്‍ ഉണ്ടായിരിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. വെള്ളാപ്പള്ളി ആളൊരു പുലിയാണെന്ന് പ്രത്യേകം പറയേണ്ടതുണ്ട്. എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയാണ്. കാശാണെങ്കില്‍ ഇഷ്ടം പോലെ. മൈക്രോഫിനാന്‍സ് തട്ടിപ്പിലൂടെ സമ്പാദിച്ചതൊന്നുമല്ല. നല്ലവണ്ണം അധ്വാനിച്ചിട്ടാണ് പണമുണ്ടാക്കിയത്. വിഎസിനെപ്പോലുള്ള അസൂയക്കാര്‍ പലതും പറയും. അതുകൊണ്ടൊന്നും ഈ നടേശന്‍ ഞെട്ടില്ല. ഭാര്യാസമേതം ഇന്ദ്രപ്രസ്ഥത്തിലെ മോദിജിയെ സന്ദര്‍ശിച്ചതോടെയാണ് ‘ഞാനാരാ മോന്‍’ എന്നു വെള്ളാപ്പള്ളിക്ക് സ്വയം തോന്നിത്തുടങ്ങിയതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതാന്‍ അഡ്വാന്‍സ് വാങ്ങിയ ഒരു ചങ്ങായി ഈയിടെ പറയുകയുണ്ടായല്ലോ.
മോദിജിയെ കാണുന്നതിന് വിദൂഷകവേഷം കെട്ടിച്ചത് അമിത്ഷാ എന്ന മഹാനാണ്. ശെയ്ത്താന്റെ സ്വന്തം നാട്ടിലെ മുരളീധരാദി സ്വന്തക്കാരെ മുയ്മന്‍ തമസ്‌കരിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളിക്ക് അമിതന്‍ യാത്രയൊരുക്കിയത്. വെള്ളാപ്പള്ളിയും അമിതന്‍ തമ്പ്രാനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ ഡയലോഗ് ഇപ്രകാരമായിരുന്നുവത്രേ:
”മലയാളിയുടെ മഹത്ത്വമാണല്ലോ മ്മളെ ലക്ഷ്യം. അതിനെന്തൊക്കെ ചെയ്യാം?”
”ഹിന്ദു വിശാലഐക്യമാണ് ലക്ഷ്യം. സമത്വമുന്നേറ്റ യാത്ര വരുന്നുണ്ട്. അതു കഴിയുന്നതോടെ മറ്റ് ജാതികളൊക്കെ ഹിന്ദുക്കളാകും. അതായത് ഘര്‍വാപസി.”
തിരിച്ചെത്തിയ പള്ളിയാശാന്‍ യാത്ര തുടങ്ങി. യാത്രയിലുടനീളം നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒരു നായാടിയെ സ്പര്‍ശിച്ചുപോയ നമ്പൂതിരി ചൂടായി: ”താനേതാ?”
”ഞാന്‍ നായാടി. മ്മളൊക്കെ ഇനി ഒന്നല്ലേ?” ”ശ്ശേ! അതന്യാ ഒരു മൃഗത്തിന്റെ മണം. നാം നമ്പൂര്യാന്ന് തനിക്കറിഞ്ഞൂടേ? അശുദ്ധാക്കീലോ!”
വെള്ളാപ്പള്ളി വലിയ ആവേശത്തിലായിരുന്നു. കണ്ടോ ലക്ഷം ലക്ഷം പിന്നാലെ. ശ്രീനാരായണ ഗുരുദേവനു പോലും ഇങ്ങനെ ആളെ അണിനിരത്താന്‍ കഴിഞ്ഞിട്ടില്ല.
അമിതന്‍ തമ്പ്രാന്‍ പറഞ്ഞതിനും അപ്പുറത്തെ മുളക് വിതറിക്കൊണ്ട് പ്രസംഗം കാച്ചി: ”നൗഷാദിന്റെ കുടുംബത്തെ മതം നോക്കി സര്‍ക്കാര്‍ സഹായിച്ചു.” അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മാലിന്യക്കുഴിയില്‍ ഇറങ്ങിയപ്പോഴാണ് നൗഷാദ് മരിച്ചത്. അപ്പോഴാണ് വിദൂഷകവേഷം കെട്ടി വെള്ളാപ്പള്ളിയുടെ ഗീര്‍വാണം. ഇങ്ങനെയെങ്കില്‍ ഇത്തരം ഹിന്ദുവിനെ എന്തിനു കൊള്ളുമെന്ന് യഥാര്‍ഥ ഹിന്ദു തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക