|    Jul 22 Sun, 2018 8:33 am
FLASH NEWS

ഐഒസി സംഭരണി: വിദഗ്ധ സമിതി തെളിവെടുത്തു

Published : 29th September 2017 | Posted By: fsq

 

വൈപ്പിന്‍: പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി പുതുവൈപ്പിനിലെ പദ്ധതി പ്രദേശത്ത് എത്തി തെളിവെടുത്തു. ഉച്ചയോടെ പുതുവൈപ്പിനിലെ പദ്ധതി പ്രദേശത്തെത്തിയ സമിതിയംഗങ്ങള്‍ പരിസര പ്രദേശങ്ങളും ചുറ്റി സഞ്ചരിച്ച് കണ്ടു. ഡോ. പൂര്‍ണചന്ദ്രറാവുവിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡോ. കെ വി  തോമസ്, ഈപ്പന്‍ വര്‍ഗീസ്, എം ഡി ദത്തന്‍ എന്നീ അംഗങ്ങളാണ് ഉണ്ടായിരുന്നത്. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുല്ല, എസ്പി എ വി ജോര്‍ജ് എന്നിവരും സ്ഥലത്തെത്തി. ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ ഐഒസിയുടെ  പാചക വാതക സംഭരണി സ്ഥാപിക്കുന്നതിനെതിരേ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഉപരോധ സമരം വ്യാഴാഴ്ച 225 ദിവസം പിന്നിട്ടു. ഫെബ്രുവരി 16നാണ് ഉപരോധ സമരം ആരംഭിച്ചത്. നാല് മാസം വലിയ പ്രശ്‌നങ്ങളില്ലാതെയാണ് സമരം മുന്നോട്ട് പോയത്. ജൂണ്‍ 14ന് ഉപരോധസമരക്കാരെ നീക്കം ചെയ്യാന്‍ പോലിസ് നടപടി തുടങ്ങിയതോടെ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. തുടര്‍ച്ചയായിദിവസങ്ങളില്‍  ദിവസങ്ങളില്‍ പോലിസ് നടപടിയുണ്ടായി. വൈപ്പിന്‍കരയുടെ സമരചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിചേര്‍ത്ത സമരത്തിന് പിന്തുണയുമായി നിരവധി സംഘടനകള്‍ രംഗത്തെത്തി.പ്രശ്‌നങ്ങള്‍ക്കൊടുവില്‍ സമരക്കാര്‍ ഉ—ന്നയിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന ഉറപ്പില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം കൈവരികയായിരുന്നു. പാചകവാതകസംഭരണിക്കെതിരായ സമരം ഇപ്പോഴും തുടരുകയാണ്. പ്രദേശവാസികള്‍ രാവിലെ മുതല്‍ സമരപന്തലില്‍ ഇപ്പോഴുമെത്തുന്നുണ്ട്. നേരത്തെ നിയമസഭാ കമ്മറ്റി പ്രദേശം സന്ദര്‍ശിക്കാനെത്തിയപ്പോഴും വ്യാഴാഴ്ച വിദഗ്ധ സമിതിയെത്തിയപ്പോഴും നൂറുകണക്കിന് സ്ത്രീകള്‍ സമരപന്തലില്‍ എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss