|    Apr 27 Thu, 2017 1:08 am
FLASH NEWS

ഐഒസി പമ്പുകളില്‍ ഇന്ധനം ലഭിക്കുന്നില്ല; ഉടമകള്‍ സമരത്തിന്; പരിഹാരമില്ലെങ്കില്‍ നാളെമുതല്‍ പമ്പുകള്‍ അടച്ചിടും

Published : 21st November 2016 | Posted By: SMR

കൊച്ചി: തുടര്‍ച്ചയായ തൊഴിലാളി സമരം മൂലം കേരളത്തിലെ ഐഒസി പമ്പുകളില്‍ ഇന്ധനം ലഭിക്കാത്തതിനെതിരേ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സമരത്തിലേക്ക്. ഇതിനു മുന്നോടിയായി ഇന്നു രാവിലെ 10ന് പെട്രോളിയം ഡീലര്‍മാരും ഡീലര്‍ ടാങ്കറുകളുടെ ജീവനക്കാരും ഐഒസി ഇരുമ്പനം ടെര്‍മിനലിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്നും പ്രശ്‌നത്തില്‍ പരിഹാരമാവുന്നില്ലെങ്കില്‍ നാളെ സംസ്ഥാനത്തെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ടാങ്കര്‍ ടെന്ററിന്റെ പേരില്‍ ടെര്‍മിനലില്‍ തുടര്‍ച്ചയായി സമരം നടത്തുന്നതുമൂലം ഐഒസി പമ്പുകള്‍ നിരവധി ദിവസങ്ങള്‍ അടച്ചിടേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറില്‍ തുടര്‍ച്ചയായി ഒരാഴ്ചക്കാലം ഇന്ധനം ലഭിക്കാതെ കേരളത്തിലെ 900 ഐഒസി പമ്പുകള്‍ അടച്ചിടേണ്ടിവന്നിരുന്നു. പമ്പുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയ സമരം സംസ്ഥാന സര്‍ക്കാരുമായി ധാരണ ഉണ്ടാക്കി ഒരു മാസത്തെ നീട്ടിവയ്ക്കല്‍ നേടി അവസാനിപ്പിച്ചു.  സമയം നീട്ടിക്കിട്ടിയതിന്റെ ആഘോഷം നടത്താന്‍ വീണ്ടും ഒരുദിവസംകൂടി സമരക്കാര്‍ ടെര്‍മിനലിലെ ഫില്ലിങ് തടഞ്ഞു. ഇതിനാല്‍ പമ്പുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാവാന്‍ വീണ്ടും രണ്ടുദിവസംകൂടി വൈകിയിരുന്നു.
എന്നാല്‍ കമ്പനി നവംബര്‍ മൂന്നിന് വീണ്ടും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതോടെ ഇന്നുമുതല്‍ ടെര്‍മിനലില്‍ സമരത്തിന് വീണ്ടും നോട്ടീസ് കൊടുത്തിട്ടുണ്ട്.
നവംബര്‍ 18 മുതല്‍ പുതിയ വണ്ടികളില്‍ ഇന്ധനം നല്‍കാന്‍ കമ്പനി തയ്യാറായി. ഇതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയുടെ നിരോധനാജ്ഞ നിലനില്‍ക്കെ ഒരുവിഭാഗം തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. തന്‍മൂലം 750 ലോഡ് ലഭിക്കേണ്ട സ്ഥാനത്ത് 118 ലോഡ് മാത്രമേ ശനിയാഴ്ച പമ്പുകളില്‍ എത്തിയിട്ടുള്ളൂ. ഇതേത്തുടര്‍ന്നു നിരവധി ഐഒസി പമ്പുകള്‍ ഇന്ധനമില്ലാതെ അടഞ്ഞുകിടക്കുകയാണ്. ഇന്നു വീണ്ടും സമരം തുടര്‍ന്നാല്‍ ഇന്ധനക്ഷാമം രൂക്ഷമാവും. ഇത്തരത്തിലുള്ള സമരനാടകങ്ങള്‍ക്ക് ഇനിയും കൂട്ടുനില്‍ക്കാന്‍ പെട്രോളിയം ഡീലര്‍മാര്‍ക്ക് കഴിയില്ല തോമസ് വൈദ്യന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ദൈനംദിനം 60 ലക്ഷം ലിറ്റര്‍ ഡീസലും 40 ലക്ഷം ലിറ്റര്‍ പെട്രോളും ആണ് വിതരണം ചെയ്യുന്നത്. ഇതിനായി 2000 ഡീലര്‍മാര്‍ ബാങ്ക് വായ്പയെടുത്ത ഏകദേശം 65 കോടി രൂപ കമ്പനികളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമേ ഇന്ധനം പമ്പുകളിലെത്തുകയുള്ളൂ. ഇന്ധനവിതരണം തടസ്സപ്പെടുത്തിക്കൊണ്ട് ഒരുവിഭാഗം തൊഴിലാളികളും ടാങ്കര്‍ കോണ്‍ട്രാക്ടര്‍മാരും നടത്തുന്ന സമരത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 10 മണിക്ക് ഇരുമ്പനം ടെര്‍മിനലിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ നാളെമുതല്‍ കേരളത്തിലെ മുഴുവന്‍ പമ്പുകളും അടച്ചിടുമെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day