|    Mar 31 Fri, 2017 12:08 am
FLASH NEWS

ഐഒസി തൊഴിലാളി സമരം: ചര്‍ച്ച വീണ്ടും പരാജയം

Published : 9th February 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍പിജി പ്ലാന്റില്‍ തൊഴിലാളികള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകള്‍ക്കും കരാറുകാര്‍ക്കും ഇന്നുച്ചയ്ക്ക് പന്ത്രണ്ടുവരെ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം സമയം നല്‍കി. ഈ സമയത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ അവശ്യസാധന നിയമ (എസ്മ) പ്രകാരം അറസ്റ്റ് ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് യൂനിയനുകളും കരാറുകാരും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച നടക്കും. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇന്ന് പന്ത്രണ്ടിനു ശേഷം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ ബദല്‍ സംവിധാനം പോലിസ് സംരക്ഷണത്തോടെ സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സമരം ഇന്ന് ഉച്ചയ്ക്ക് അവസാനിപ്പിച്ചാല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് അവസരമൊരുക്കാമെന്ന് കലക്ടര്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി. എന്നാല്‍ ഒമ്പതു മാസമായി കരാറുകാരന്‍ തങ്ങളുടെ വേതനം പുതുക്കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ലെന്നു യൂണിയന്‍ പ്രതിനിധികള്‍ കലക്ടറെ അറിയിച്ചു. നിയമപ്രകാരമാണ് സമരത്തിനു നോട്ടീസ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.
അടിസ്ഥാന ശമ്പളമായി 8420 രൂപയും ഒരു സിലിണ്ടറിന് 50.4 പൈസ നിരക്കിലുമാണ് ഇപ്പോള്‍ ലോഡിങ് തൊഴിലാളിക്ക് വേതനം ലഭിക്കുന്നത്. ഇത് 15,000 രൂപയായി ഉയര്‍ത്തണമെന്നും യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കരാറുകാരന്‍ നിയാസ് യോഗത്തില്‍ അറിയിച്ചു. ഹൗസ് കീപ്പിംഗ് തൊഴിലാളിക്ക് നിലവില്‍ 9400 രൂപയാണ് അടിസ്ഥാന വേതനമായി ലഭിക്കുന്നത്. അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലോഡിങ് തൊഴിലാളിക്ക് ആകെ 25,368 രൂപ കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. അതേസമയം ഒരു തൊഴിലാളിക്ക് ദിവസം 500 രൂപയുടെ പ്രതിഫലമെങ്കിലും ലഭിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് യൂനിയന്‍ പ്രതിനിധികളും ആവശ്യപ്പെട്ടു. തുടര്‍ന്ന് വേതന വിഷയം മാനേജ്‌മെന്റിന്റെയും ലേബര്‍ വകുപ്പിന്റെയും സാന്നിധ്യത്തില്‍ കരാറുകാരും യൂനിയനുകളും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ഒമ്പതുമാസത്തിനിടയില്‍ ഒരുതവണ പോലും തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ മാനേജ്‌മെന്റോ കരാറുകാരോ തയ്യാറായില്ലെന്നും യൂനിയന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ മാനേജ്‌മെന്റിനോടു സജീവമായി ഇടപെടണമെന്നും കലക്ടര്‍ എം ജി രാജമാണിക്യം ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലേക്ക് സമരം മുന്നോട്ടു കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ചര്‍ച്ച നടക്കുന്ന 15 ദിവസത്തേക്ക് ഇടക്കാലാശ്വാസമായി 6000 രൂപ അനുവദിക്കണമെന്നും യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ട് കലക്ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയില്‍ മാനേജമെന്റ് പ്രതിനിധികള്‍, കരാറുകാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവരെക്കൂടാതെ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ റാണി അപരാജിത, പോലിസ് അസി. കമ്മീഷണര്‍ രാജേഷ് എന്നിവരും പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day