|    Aug 23 Wed, 2017 5:23 pm
FLASH NEWS

ഐഐടി, ലോകബാങ്ക് ഉന്നതസംഘം പരിശോധിക്കണമെന്ന് നിര്‍ദേശം

Published : 2nd August 2017 | Posted By: fsq

 

ഇരിട്ടി: ഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ പൈലിങ് ഒഴുകിപ്പോയ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ ശക്തമാക്കി. കരാര്‍ കമ്പനിയുടെയും കണ്‍സള്‍ട്ടന്‍സിയുടെയും പിടിപ്പുകേടും അനാസ്ഥയുമാണ് ഇതിലേക്ക് നയിച്ചതെന്ന് ഉന്നതതല സംഘം വിലയിരുത്തി. ലോകബാങ്കിന്റെ പാലം നിര്‍മാണം വിദഗ്ധരുടെയും ഐഐടി സംഘത്തിന്റെയും പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ഡിസൈന്‍ ഉറപ്പുവരുത്തി മാത്രം പുതിയ പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ പൊതുമരാമത്ത്, കെഎസ്ടിപി ഉന്നതതല സംഘം നിര്‍ദേശിച്ചു. ഇരിട്ടി പുഴയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി സ്ഥാപിച്ച പൈലിങ് തൂണ്‍ ഒഴുകിപ്പോയതിന്റെ പശ്ചാത്തലത്തില്‍ പരിശോധനകള്‍ക്കായെത്തിയ പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിന്റെയും കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ അജിത്ത് പാട്ടീലിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധ പരിശോധനയ്ക്ക് ഉത്തരവിട്ടത്. പൈലിങ് തൂണ്‍ ഒഴുകിപ്പോയത് ഗൗരവത്തോടെയാണ് കാണുന്നത്. നല്ല നിലയില്‍ പോയ പ്രവൃത്തികള്‍ക്ക് മോശം പ്രചാരണം ഉണ്ടാവാന്‍ ഇത്തരം സംഭവം കാരണമായി. പുതുതായി എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് ആരാഞ്ഞപ്പോള്‍ വീണ്ടും ടെസ്റ്റ് പൈലിങ് നടത്തുമെന്ന് കരാര്‍ പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ അതും പോയാലേ എന്ന മറുചോദ്യമാണ് പൊതുമരാമത്ത് സെക്രട്ടറി ഉയര്‍ത്തിയത്. മഴക്കാലത്തും വേനല്‍ക്കാലത്തും പുഴയില്‍ ഉണ്ടാവുന്ന നീരൊഴുക്കിന്റെ തോത് മനസ്സിലാക്കിയുള്ള നടപടിയാണ് വേണ്ടത്. ഇതിന് അഞ്ചുവര്‍ഷത്തെ കണക്ക് മാത്രം ആധാരമാക്കിയാല്‍ പോര. കുറഞ്ഞത് 30 വര്‍ഷത്തെ പുഴയിലെ നീരൊഴുക്കിന്റെ ശക്തി മനസ്സിലാക്കി വേണം നിര്‍മാണം ആസൂത്രണം ചെയ്യാന്‍. നിര്‍മാണത്തിനിടെ ലോറി പുഴയില്‍ പോയതും പൈലിങ് ഒഴുകിപ്പോയതുമെല്ലാം മോശം സന്ദേശമാണ് ഉണ്ടാക്കുന്നതെന്ന് പൊതുമരാമത്ത് സെക്രട്ടറി പറഞ്ഞു. കരാര്‍ കമ്പനിയുടെയും കണ്‍സര്‍ട്ടന്‍സിയുടെയും വിശദീകരണത്തില്‍ അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചു. നിര്‍മാണം സമയബന്ധിതമായി തീര്‍ക്കണം. അല്ലെങ്കില്‍ പിഴിയിടാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരത്തുനിന്നു എനിക്ക് ഇത്രയും ദൂരം വന്ന് പരിശോധിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിപി റോഡ് നിര്‍മാണ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഈജിസ് കമ്പനി ടീം ലീഡര്‍ എഡ്ഗിയര്‍ തോമസ്, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ബെല്‍ദേവ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ മിനി, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ബി ലജീഷ് കുമാര്‍, അസി. എന്‍ജിനീയര്‍ സതീഷ്, പാലം വിഭാഗം കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ പി വി ശശികുമാര്‍ എന്നിവരും ഇകെകെ ഗ്രൂപ്പ് പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. തലശ്ശേരി-വളവുപാറ റോഡും പാപ്പിനിശ്ശേരി-പിലാത്തറ റോഡും സംഘം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക