|    Dec 17 Mon, 2018 10:33 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ഐഎസ്: യുഎസ് അധിനിവേശത്തിന്റെ സൃഷ്ടി

Published : 29th May 2018 | Posted By: kasim kzm

മെഹ്ദി   ഹസന്‍
2015 മെയ് മാസത്തില്‍ നെവാഡയിലെ റിനോ പട്ടണത്തില്‍ നടന്ന ഒരു റിപബ്ലിക്കന്‍ പാര്‍ട്ടി യോഗത്തില്‍ ഒരു കോളജ് വിദ്യാര്‍ഥി ജോര്‍ജ് ബുഷിന്റെ മൂത്ത സഹോദരന്‍ ജെഫ് ബുഷിനോട് പറഞ്ഞ കാര്യം അയാളെ നടുക്കിക്കാണും.  പിന്നീട് പ്രസിഡന്റായ ഒബാമ ഇറാഖില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിച്ചതു മൂലമുണ്ടായ ശൂന്യതയില്‍ നിന്നാണ് ഐഎസ് ഉണ്ടായതെന്ന് ജെഫ് ന്യായീകരിക്കുമ്പോഴാണ് വിദ്യാര്‍ഥി അയാളെ ഉത്തരം മുട്ടിച്ചത്. ”അല്ല താങ്കളുടെ അനിയനാണ് ഐഎസിന്റെ സൃഷ്ടി.” വിദ്യാര്‍ഥിയുടെ ആരോപണം അത്ര തെറ്റായിരുന്നില്ല.
2003ല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ മുഴുവന്‍ ധിക്കരിച്ച് ഇറാഖ് കീഴ്‌പ്പെടുത്താന്‍ ബുഷ് സൈന്യത്തെ അയച്ചില്ലായിരുന്നെങ്കില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ് ഉയര്‍ന്നുവരുമായിരുന്നില്ല. യുഎസ് സാമ്രാജ്യത്വത്തിനുള്ള തിരിച്ചടിയായിരുന്നു അത്. ഇപ്പോള്‍ മധ്യപൗരസ്ത്യത്തെ സമാധാനത്തിനും യുഎസിനു തന്നെയും വലിയ സുരക്ഷാ ഭീഷണിയാണെന്ന് അമേരിക്ക കരുതുന്ന ഐഎസ് മെസപൊട്ടേമിയയില്‍ ബുഷ് കാണിച്ച പിഴച്ച സാഹസികതയുടെ സൃഷ്ടിയാണ്. സൈനികാധിനിവേശം എപ്പോഴും തദ്ദേശീയരെ കുപിതരാക്കുകയും സായുധകലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്യും. ലബ്‌നാനില്‍ ഹിസ്ബുല്ലയും ഗസയില്‍ ഹമാസും വളര്‍ന്നുവന്നത് അങ്ങനെയാണ്.
ഇറാഖിലെത്തിയ യുഎസ് സൈന്യം ആഴ്ചകള്‍ക്കുള്ളില്‍ വിമോചനവീരന്‍മാര്‍ എന്ന നിലയില്‍ നിന്നു ക്രൂരരായ അധിനിവേശകരായി മാറി. 2003 ഏപ്രിലില്‍ ഇറാഖി നഗരമായ ഫലൂജയില്‍ സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ തദ്ദേശീയരെ യുഎസ് പട്ടാളം വെറുതെ വെടിവച്ച് അനേകം പേരെ കൊലപ്പെടുത്തി. അതേ ഫലൂജയിലാണ് ഐഎസിന്റെ കറുത്ത കൊടി ആദ്യമുയര്‍ന്നത്. നിഷ്ഠുരനായ അബു മുസ്്അബ് അല്‍ സര്‍ഖാവിയെ പോലുള്ളവര്‍ നയിക്കുന്ന സംഘത്തില്‍ ചേരാന്‍ ന്യൂനപക്ഷമായ സുന്നികളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ തയ്യാറാവുന്നതിന്, ഒരു ന്യായവുമില്ലാത്ത വെടിവയ്പും തടങ്കല്‍പ്പാളയങ്ങളിലെ പീഡനങ്ങളും അരക്ഷിതാവസ്ഥയും കാരണമായിട്ടുണ്ട്. 2004ല്‍ രൂപംകൊണ്ട അല്‍ഖാഇദയുടെ ഇറാഖി ശാഖയിലെ പോരാളികളും മറ്റു സായുധസംഘങ്ങളുമാണ് പിന്നീട് ഐഎസ് ആയി മാറിയത്.
2003 മെയ് മാസത്തില്‍ യുഎസ് കുറ്റകരമായതും മുന്‍പിന്‍ചിന്തയില്ലാത്തതുമായ ഒരു തീരുമാനമെടുത്തു. അവര്‍ ഇറാഖി സൈന്യത്തെ പിരിച്ചുവിട്ടു. ഒരൊറ്റ രാത്രികൊണ്ടാണ് നല്ല പരിശീലനം സിദ്ധിച്ച, മികച്ച ആയുധങ്ങള്‍ കൈവശമുള്ള അരലക്ഷം ഭടന്‍മാര്‍ തൊഴിലില്ലാത്തവരായി മാറിയത്. ബുഷിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ജന: കോളിന്‍ പവല്‍ തന്നെയാണ് പിരിച്ചുവിട്ട ഇറാഖി ഭടന്‍മാരാണ് ചെറുത്തുനില്‍പിന്റെ പ്രധാന റിക്രൂട്ട്‌മെന്റ് മേഖല എന്നു പറഞ്ഞത്. ഐഎസിന്റെ പടത്തലവന്‍മാരില്‍ പലരും സദ്ദാം ഹുസയ്‌ന്റെ ഉന്നത സൈനികോദ്യോഗസ്ഥരായിരുന്നു എന്നത് വെറും യാദൃച്ഛികതയല്ല.
യുഎസ് സൈന്യം അനേകസഹസ്രം ആളുകളെയാണ് പിടികൂടി തെക്കന്‍ ഇറാഖിലെ ബക്ക തടങ്കല്‍പ്പാളയത്തില്‍ തടവുകാരാക്കിയത്. തടവുകാരായ ജിഹാദി പോരാളികള്‍ക്ക് അവരെ സ്വാധീനിക്കാനും ഐഎസ് അംഗങ്ങളാക്കാനും കഴിഞ്ഞു. പാളയത്തിന്റെ കമാന്‍ഡറായ ജെയിംസ് സ്‌കൈലര്‍ തന്നെ ‘തീവ്രവാദം’ പാകം ചെയ്യാനുള്ള പ്രഷര്‍കുക്കറായിരുന്നു ബക്ക എന്നാണു പിന്നീട് അഭിപ്രായപ്പെട്ടത്.
ബക്കയിലെ തടവുകാരില്‍ ഒരാളായിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദി. ബക്കയിലായിരുന്നപ്പോഴാണ് ബഗ്ദാദി ജിഹാദി പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുകയും ഐഎസിന്റെ പ്രമുഖ നേതാക്കളിലൊരാളായി വളരുകയും ചെയ്തതെന്ന് ഇറാഖി സുരക്ഷാ വിദഗ്ധനായ ഹിശാം അല്‍ ഹാശിമി പറയുന്നു.
അതായത് യുഎസ് അധിനിവേശത്തിന്റെ സൃഷ്ടിയായിരുന്നു ഐഎസ്. യുഎസ് സൈനിക മേധാവി ജന. ഡേവിഡ് പെട്രേയസിന്റെയും ബുഷിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസിന്റെയും ഉപദേഷ്ടാവായിരുന്ന ഡേവിഡ് കാല്‍കല്ലന്‍ പറയുന്നതു കേള്‍ക്കൂ: പ്രശ്‌നമുണ്ടാക്കിയതില്‍ നമുക്ക് വലിയ പങ്കുണ്ട്. നാം ഇറാഖ് കീഴടക്കിയില്ലായിരുന്നെങ്കില്‍ ഐഎസ് ഉണ്ടാവുമായിരുന്നില്ല എന്നത് മൂന്നുതരം.                         ി

(വാഷിങ്ടണില്‍ താമസിക്കുന്ന
ബ്രിട്ടിഷ് ജേണലിസ്റ്റും
ഗ്രന്ഥകാരനുമാണ് ലേഖകന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss