|    Nov 15 Thu, 2018 8:11 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഎസ് ഭീകരമുദ്ര മുതല്‍ വ്യാജ പോസ്റ്റര്‍ വരെ…

Published : 2nd November 2017 | Posted By: fsq

തയ്യാറാക്കിയത്: ബഷീര്‍ പാമ്പുരുത്തി

ഏകോപനം: എം ടി പി റഫീക്ക്

ഒരു നുണ 1000 തവണ ആവര്‍ത്തിച്ചാല്‍ സത്യമായി പുലരുമെന്ന് ആര്‍എസ്എസിന് ബോധ്യമുണ്ട്. കുപ്രചാരണങ്ങളും അര്‍ധസത്യങ്ങളും ആവര്‍ത്തിച്ചു സംഘപരിവാരം നേട്ടം കൊയ്തതിന്റെ ചരിത്രം ഇന്ത്യയില്‍ തന്നെ നിരവധിയാണ്. ഗാന്ധിവധവും ബാബരി മസ്ജിദും മുസ്‌ലിം തീവ്രവാദവും ലൗ ജിഹാദുമെല്ലാം അതില്‍ ചിലതു മാത്രം. ലൗ ജിഹാദിന്റെ പേരില്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെയും സംസ്ഥാന പോലിസ് മേധാവിയെയും വരെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടല്ലോ. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള ചെറുതാഴം സ്വദേശിനി ശ്രുതിയുടെയും തളിപ്പറമ്പ് സ്വദേശി അനീസ് ഹമീദിന്റെയും വിവാഹം തടയാനും ശ്രുതിയെ പീഡനകേന്ദ്രത്തിലെത്തിക്കാനും ഇതേ നുണക്കഥകള്‍ തന്നെയാണ് അവര്‍ പ്രയോഗിച്ചത്. അതിനു ചേരുവകളാക്കിയതാവട്ടെ ഐഎസ് ഭീകരമുദ്രയും വ്യാജ പോസ്റ്ററും വരെ. തൃപ്പൂണിത്തുറയിലെ ആര്‍ഷവിദ്യാ സമാജത്തിലെ പീഡനാനുഭവങ്ങള്‍ അക്കമിട്ടു നിരത്തിയ ശ്രുതി ഹൈക്കോടതിയില്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. 2011-14 കാലഘട്ടത്തില്‍ ബിരുദ പഠനത്തിനിടെയാണു ശ്രുതി മാലേടത്തും അനീസ് ഹമീദും പ്രണയത്തിലായത്. ഡല്‍ഹിയിലായിരുന്നു വിവാഹം. ഹിന്ദുമത വിശ്വാസിയായ ശ്രുതി സ്വമേധയാ ഇസ്‌ലാം മതം സ്വീകരിച്ച് തന്നെ വിവാഹം കഴിച്ചതാണെന്നു അനീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സംയുക്തമായി നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി പോലിസ് സഹായവും അനുവദിച്ചു.വിവാഹശേഷം ഹരിയാനയില്‍ താമസിക്കുന്നതിനിടെ ശ്രുതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അനീസിനൊപ്പം പോവണമെന്നു ശ്രുതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ കോടതി അനുവദിക്കുകയും ചെയ്തു. എന്നാല്‍, കോടതിക്കു പുറത്തിറങ്ങിയപ്പോള്‍ സിഐയുടെ സഹായത്തോടെ മാതാപിതാക്കള്‍ ശ്രുതിയെ തട്ടിയെടുത്തെന്നാണു അനീസിന്റെ ആരോപണം. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ സെര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചു. ആരോപണ വിധേയനായ സിഐ തന്നെ തിരച്ചില്‍ നടത്തിയപ്പോള്‍ ശ്രുതിയെ കണ്ടെത്താനായില്ലെന്നു റിപോര്‍ട്ട് നല്‍കി. തന്റെ ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി മാതാപിതാക്കള്‍ മറ്റു ചിലരുടെ സഹായത്തോടെ തടവില്‍ വച്ചെന്നും ഇതു തുടര്‍ന്നാല്‍ തനിക്കു ഭാര്യയെ നഷ്ടപ്പെടുമെന്നും അനീസ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴാണു ശ്രുതിയെ യോഗാ കേന്ദ്രമെന്ന പേരില്‍ അറിയപ്പെടുന്ന പീഡന കേന്ദ്രത്തിലെത്തിച്ച വിവരം പുറത്തുവന്നത്. വിവാഹം നടന്നതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയതോടെ ശ്രുതിക്ക് അനീസിനൊപ്പം പോവാന്‍ കോടതി അനുമതി നല്‍കി. ഇക്കാലമത്രയും ഘര്‍വാപസി കേന്ദ്രത്തില്‍ ക്രൂരപീഡനത്തിന് ഇരയായതായി ശ്രുതി വെളിപ്പെടുത്തി. 2017 ജൂണ്‍ 22 മുതല്‍ ആഗസ്ത് 18 വരെ യോഗാ സെന്ററിലായിരുന്നെന്നും ശ്രുതി വെളിപ്പെടുത്തിയിരുന്നു. വിവാഹത്തില്‍ നിന്നു പിന്‍മാറാന്‍ ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചു. നിര്‍ബന്ധിച്ച് ഗര്‍ഭ പരിശോധന നടത്തി. മുഖത്തടിച്ചും വയറ്റില്‍ ചവിട്ടിയും ഉപദ്രവിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരില്‍ പതിച്ച വ്യാജ പോസ്റ്ററുകള്‍

ഇരുവരും ഒന്നിക്കുമ്പോഴേക്കും അനീസിനു വിലപ്പെട്ട ജോലിയാണു നഷ്ടപ്പെട്ടത്. ഡ ല്‍ഹിയില്‍ അറസ്റ്റ് ചെയ്യാനെത്തിയ കേരള പോലിസ് താന്‍ ഐഎസ് ഭീകരനാണെന്നു പറഞ്ഞതു പിന്നീട് ജോലി നഷ്ടപ്പെടുത്തിയെന്ന് അനീസ് ഹമീദും ശ്രുതിയും ദേശീയ മാധ്യമമായ ദ സ്‌ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടും കേരള പോലിസിന്റെ പച്ചയായ ഇസ്‌ലാമോ ഫോബിയ ആരും ചര്‍ച്ച ചെയ്തില്ല. ‘ഡല്‍ഹിയി ല്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ വന്ന സമയത്ത് എന്റെ റിപോര്‍ട്ടിങ് മാനേജറോട് പോലിസ് ഓഫിസര്‍ പറഞ്ഞതു ഞാന്‍ ഐഎസ് ഭീകരനാണെന്നും ഹിന്ദു പെണ്‍കുട്ടിയെ സിറിയയിലേക്കു കടത്താനായി വശീകരിച്ച് കൊണ്ടുവന്നെന്നുമാണ്. ഇതു കാരണം ജോലി നഷ്ടപ്പെട്ടു. ജോലി തിരിച്ചുകിട്ടുമെന്നു കരുതുന്നില്ല. പുതിയ ജോലി കിട്ടാനും ബുദ്ധിമുട്ടായിരിക്കും.’ഇതിനിടയിലാണു തളിപ്പറമ്പിലും പരിസരങ്ങളിലും വ്യാജ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘സംഘപരിവാര ശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന പോലിസേ… ഞങ്ങള്‍ കൊണ്ടുപോവണമെന്ന് ആഗ്രഹിച്ചാല്‍ ചെറുതാഴം ശ്രുതിയെ ഞങ്ങള്‍ കൊണ്ടുപോയിരിക്കും. അതു സിറിയയിലേക്കായാലും യമനിലേക്കായാലും. പറയുന്നത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.’ ശ്രുതിയുടെ ചിത്രം സഹിതം പുറത്തിറക്കിയ പോസ്റ്ററിലെ വരികള്‍ ഇതായിരുന്നു. വ്യാജ പോസ്റ്ററിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ജില്ലാ പോലിസ് മേധാവി ശിവവിക്രമിനു പരാതി നല്‍കി. പോസ്റ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചതു യോഗാ കേന്ദ്രമോ, സംഘപരിവാരമോ ആയിരിക്കുമെന്നും പേരു പരാമര്‍ശിക്കപ്പെട്ട സംഘടനയാണെന്നു വിശ്വസിക്കുന്നില്ലെന്നുമാണു കോടതിയില്‍ ശ്രുതി മൊഴി നല്‍കിയത്. ഇത്തരത്തില്‍ മിശ്രവിവാഹിതരെ ഘര്‍വാപസിയിലേക്ക് എത്തിക്കാനും വേട്ടയാടാനും പലവിധ കുപ്രചാരണങ്ങളാണു സംഘപരിവാരം ആസൂത്രണം ചെയ്യുന്നതെന്നതു പകല്‍ പോലെ വ്യക്തമാണ്.

ഭാഗം ഒന്‍പത്: മതംമാറുന്നവരെ പീഡിപ്പിക്കുന്ന ആര്‍എസ്എസ് ഭീകരതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കം

ഒന്നാം ഭാഗം ഇവിടെ വായിക്കാം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss