|    Jan 22 Sun, 2017 1:16 am
FLASH NEWS

ഐഎസ് ബന്ധം സ്ഥാപിക്കാനാവുന്നില്ല; ഐആര്‍എഫ് നിരോധനനീക്കം മതപരിവര്‍ത്തനത്തിന്റെ മറവില്‍

Published : 10th August 2016 | Posted By: SMR

കൊച്ചി: ഇസ്‌ലാമിക പ്രബോധകന്‍ സാക്കിര്‍ നായിക്കിനെ ലക്ഷ്യമിട്ടു പ്രചരിപ്പിച്ച ഐഎസ് റിക്രൂട്ട്‌മെന്റ് ആരോപണം സ്ഥാപിക്കാനാവാത്ത കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഒടുവില്‍ മതപരിവര്‍ത്തനത്തില്‍ തന്നെ ശരണം തേടുന്നു.
ഐഎസ് റിക്രൂട്ട്‌മെന്റിലൂടെ സാക്കിര്‍ നായിക്കിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും എളുപ്പത്തില്‍ കുടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഏജന്‍സികള്‍. എന്നാല്‍, ഇതിനാവശ്യമായ തെളിവുകള്‍ ലഭിക്കാതായതോടെയാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന കച്ചിത്തുരുമ്പ് ഇപ്പോള്‍ ഐആര്‍എഫിനെതിരേ കൊണ്ടുവന്നിരിക്കുന്നത്. ഐആര്‍എഫിനെ യുഎപിഎ അനുസരിച്ച് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാമെന്ന് കേന്ദ്ര നിയമമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ഉപദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, മതപരിവര്‍ത്തനം ഭരണഘടനയുടെ 25ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് അനുവദനീയമാണെന്നിരിക്കെ നിരോധനം എത്രകണ്ട് ഫലംചെയ്യുമെന്ന പരിശോധനയിലാണ് ആഭ്യന്തരമന്ത്രാലയം. മതപരിവര്‍ത്തനം നടത്തിയവര്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതാണെങ്കില്‍ സംഘടനയെ നിരോധിക്കാന്‍ വകുപ്പില്ലാതാവും. അതുകൊണ്ടു തന്നെയാണ് ഈ കേസിന്റെ തുടക്കം മുതല്‍ ഐഎസ് റിക്രൂട്ട്‌മെന്റുമായി ഐആര്‍എഫിനെ ഏതു വിധേനയും ബന്ധിപ്പിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ കിണഞ്ഞു ശ്രമിക്കുന്നത്.
ഐആര്‍എഫും അതിന്റെ പിആര്‍ഒ ഇപ്പോള്‍ കേരളാ പോലിസിന്റെ കസ്റ്റഡിയിലുള്ള ഖുറേഷിയും റിസ്‌വാന്‍ ഖാനും ധാരാളം പേരെ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ട്. അതെല്ലാം നിയമവിധേയമായാണ്. ആരെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി തെളിവുകളൊന്നും പോലിസിനു ലഭിച്ചിട്ടില്ല. മതപരിവര്‍ത്തനം നടത്തിയ പലരെയും വിദേശത്തേക്കു പോവാന്‍ റിസ്‌വാന്‍ ഖാന്‍ സഹായിച്ചുവെന്നതിനും രേഖകളുണ്ട്. ഈ രേഖകള്‍ ഉപയോഗിച്ചാണ് പോലിസ് ഇപ്പോള്‍ നീങ്ങുന്നത്. വിദേശത്തേക്കു പോയവരെല്ലാം ഐഎസില്‍ ചേരാനാണു കടന്നതെന്നാണ് പോലിസിന്റെ വാദം. എന്നാല്‍, ഇതിന് കൃത്യമായ തെളിവുകളൊന്നും അന്വേഷണ ഏജന്‍സികളുടെ പക്കലില്ല. കൂടുതല്‍ തെളിവിനായി ചോദ്യംചെയ്യാന്‍ വേണമെന്നു പറഞ്ഞ് പോലിസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.
ഐഎസ് ബന്ധം സംബന്ധിച്ച് ഇവരില്‍ നിന്ന് കൂടുതലായൊന്നും ലഭിക്കില്ലെന്നു വ്യക്തമായതോടെയാണ് മതപരിവര്‍ത്തനം നടത്തിയതിന്റെ രേഖകള്‍ വച്ചെങ്കിലും ഐആര്‍എഫിനെ നിരോധിക്കാന്‍ കേന്ദ്രം തയ്യാറെടുപ്പു നടത്തുന്നത്. നിരോധനത്തിനു ശേഷം വരുന്ന ട്രൈബ്യൂണലുകള്‍ തെളിവുകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്ന സമയം വരെ ഐആര്‍എഫിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ  പണം സ്വീകരിക്കാനോ കഴിയില്ല എന്നതു കൊണ്ടു തന്നെ തെളിവുകളില്ലാതെയുള്ള കേവലം നിരോധനം വഴി കേന്ദ്രത്തിനു താല്‍ക്കാലിക ലക്ഷ്യം കാണാന്‍ കഴിയും. ഇതിന്റെ ചുവടുപിടിച്ച്  സാക്കിര്‍ നായിക്കിനെതിരേ യുഎപിഎ ചുമത്താമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക