|    Jun 25 Mon, 2018 7:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ് ബന്ധം: ആറുപേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published : 15th October 2016 | Posted By: SMR

കൊച്ചി: ഐഎസ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത തിരുനെല്‍വേലിയില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി സുബ്ഹാനിയെ എന്‍ഐഎ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. മറ്റ് ആറു പ്രതികളെ അടുത്തമാസം നവംബര്‍ രണ്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് (31) എന്‍ഐഎ സംഘം കൂടുതല്‍ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വാങ്ങിയത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിന് ശേഷം മറ്റ് പ്രതികള്‍ക്കൊപ്പം വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എന്‍ഐഎ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. തിങ്കളാഴ്ച മുതല്‍ അടുത്ത ശനിയാഴ്ച വരെയുള്ള ആറ് ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന എന്‍ഐഎയുടെ അപേക്ഷ പ്രത്യേക കോടതി ജഡ്ജി കെ എം ബാലചന്ദ്രന്‍ അനുവദിച്ചു. കണ്ണൂര്‍ മേക്കുന്ന് കനകമലയില്‍ പിടിയിലായ ഒമര്‍ അല്‍ ഹിന്ദി എന്നീ പേരുകളിലറിയപ്പെടുന്ന മന്‍സീദ് (30), ചെന്നൈയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി അബൂഹസ്‌ന എന്ന സ്വാലിഹ് മുഹമ്മദ് (26), കുറ്റിയാടി എന്‍ കെ ജാസിം (25)കോയമ്പത്തൂര്‍ സ്വദേശി റാഷിദ് എന്ന അബുബഷീര്‍ (29), കുറ്റിയാടി ആമു എന്ന റംഷാദ് (24),തിരൂര്‍ സ്വദേശി പി സഫ്‌വാന്‍ (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. അതിനിടെ, കൂടുതല്‍ അന്വേഷണത്തിനായി കേസിലെ പ്രതിയായ സ്വാലിഹ് മുഹമ്മദിന്റെ മൊബൈല്‍ ഫോണ്‍ വീണ്ടും സി-ഡാക്കിലേക്ക് പരിശോധനയ്ക്ക് അയക്കാന്‍ അനുവദിക്കണമെന്നും ഇയാള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന ടെലിഗ്രാം ആപ്പിലെ വിശദാംശങ്ങള്‍ കണ്ടെത്താനാണെന്നും എന്‍ഐഎ അറിയിച്ചു. സുബ്ഹാനിയുടെ കംപ്യൂട്ടറിലെ ഒരു ഹാര്‍ഡ് ഡിസ്‌കും മൊബൈലും പരിശോധനയ്ക്ക് കൈമാറണമെന്നുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അനുവദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss