|    Jun 24 Sun, 2018 10:14 pm
FLASH NEWS
Home   >  Kerala   >  

ഐഎസ് ബന്ധം; അന്വേഷണം വ്യാപകം ആരോപണം നിഷേധിച്ച് ബന്ധുക്കള്‍

Published : 3rd October 2016 | Posted By: Navas Ali kn

തൊടുപുഴ: ഐഎസ് ബന്ധം ആരോപിച്ച് സംസ്ഥാനത്ത് അറസ്റ്റ് നടന്ന സാഹചര്യത്തില്‍ കേസിലുള്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ തുടങ്ങി. അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബ്ഹാനിയെക്കുറിച്ചുള്ള അന്വേഷണത്തിനായി എന്‍ഐഎ സംഘം തൊടുപുഴയിലെ സഹോദരങ്ങളുടെ വീട്ടിലെത്തി മൊഴിയെടുത്തു. അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും എന്‍ഐഎ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നു 40 വര്‍ഷം മുമ്പ് വ്യാപാരത്തിനായി തൊടുപുഴയിലെത്തിയ വസ്ത്രവ്യാപാരിയുടെ നാലു മക്കളില്‍ മൂന്നാമനാണു സുബ്ഹാനി (30). സ്ഥിരം മദ്യപാനിയായ സുബ്ഹാനിയെ സഹോദരന്‍മാര്‍ പലവട്ടം താക്കീതു ചെയ്തിട്ടും മദ്യം ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ സഹോദരങ്ങള്‍ അകന്നു. 2012ല്‍ തിരുനെല്‍വേലിയിലേക്കു പോയ സുബ്ഹാനി അവിടെ നിന്നും വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ മക്കളില്ല. 2013ല്‍ ഉംറയ്ക്കു പോയ സുബ്ഹാനി അതിനുശേഷം തൊടുപുഴയില്‍ വന്നിട്ടില്ലെന്നു സഹോദരങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ലെന്നും സഹോദരങ്ങള്‍ പറഞ്ഞു.
എന്‍ഐഎ അറസ്റ്റ് ചെയ്ത തന്റെ മകന്‍ സ്വഫുവാന് ഐഎസുമായോ മറ്റേതെങ്കിലും നിയമ വിരുദ്ധമായ സംഘടനകളുമായോ ഒരു ബന്ധവുമില്ലെന്ന് മാതാവ് തിരൂര്‍ പൂക്കാട്ടില്‍ ആയിഷ. മകന് ആറ് വയസുള്ളപ്പോഴാണ് ബാപ്പ മരിച്ചത്. വളരെ കഷ്ടപ്പെട്ടാണ് മകനേയും മകളേയും വളര്‍ത്തിയത്. മകന്‍ വളര്‍ന്ന് വലുതായി പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ലഭിച്ചതോടെയാണ് കുടുംബത്തിന്റെ നല്ല കാലം തെളിഞ്ഞത്. രാവിലെ കോഴിക്കോട്ടേക്ക് ജോലിക്ക് പോകുന്ന മകന്‍ രാത്രിയിലാണു തിരിച്ചെത്താറ്. വീട്ടിലും നാട്ടിലുമെത്തിയാല്‍ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അവനായിരുന്നു. മറ്റൊരു കാര്യത്തിനും മകന്‍ പോയിരുന്നില്ല. അവന് സമയവും ലഭിക്കുമായിരുന്നില്ല. മതകാര്യങ്ങളില്‍ വളരെ ഏറെ ചിട്ട പുലര്‍ത്തിയിരുന്ന സഫുവാന് ഒരിക്കലും തീവ്രവാദിയാകാന്‍ സാധിക്കുകയില്ല. അറസ്റ്റ് വാര്‍ത്ത കുടുംബങ്ങളെ മാത്രമല്ല നാട്ടുകാരേയും ഞെട്ടിച്ചിട്ടുണ്ട്. സ്വഫുവാനെ പറ്റി കെട്ടിച്ചമച്ചതാണ് ഈ കേസെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. സ്വഫുവാന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
കഴിഞ്ഞ ദിവസം പതിവു പോലെ കോഴിക്കോട്ടേക്ക് പോയ സ്വഫുവാന്‍ രാവിലെ എട്ടര മണിയോടെ തന്നെ ഫോണില്‍ വിളിച്ചിരുന്നതായി മാതാവ് പറയുന്നു. ഒരു സ്ഥലത്തേക്ക് സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നാണ് പറഞ്ഞത്. പിന്നീട് വൈകുന്നേരത്തോടെ വീട്ടില്‍ പോലിസെത്തിയപ്പോഴാണ് അറസ്റ്റും മറ്റു കാര്യങ്ങളും അറിയുന്നത്. അന്വേഷണത്തില്‍ എല്ലാം കെട്ടുകഥയാണെന്ന് തെളിയുമെന്നുറപ്പാണ്. ഭരണകൂടവും ബന്ധപ്പെട്ടവരും മകനെ ലക്ഷ്യം വെക്കുന്നതിന്റെ കാരണമറിയില്ല. യഥാര്‍ത്ഥ മതവിശ്വാസിയായ തന്റെ മകന് ഒരിക്കലും ഐഎസ് പോലെയുള്ള ഒരു സംഘടനയുമായും ബന്ധമുണ്ടാവാനുള്ള സാധ്യത പോലുമില്ല. എല്ലാം ആരുടേയോ സൃഷ്ടിയും ഗൂഡാലോചനയുമാണ്. അത് വരും നാളുകളില്‍ പുറത്തു വരുമെന്ന് തീര്‍ച്ച. ചെറുപ്പത്തിലേ കുടുംബത്തിന്റെ ഭാരം പേറേണ്ടി വന്ന മകന് ഇങ്ങനെയൊരവസ്ഥയുണ്ടായതില്‍ വളരെ സങ്കടമുണ്ട്. വാര്‍ത്ത അറിഞ്ഞത് മുതല്‍ ആയിശ വീട്ടില്‍ തളര്‍ന്നിരിക്കുകയാണ്. ഭാര്യയും കുട്ടിയും ഇപ്പോഴും ഇതിന്റെ ആഘാതത്തില്‍ നിന്നുമുണര്‍ന്നിട്ടില്ല. എല്ലാം ദൈവത്തിലര്‍പ്പിച്ച് മകന്റെ നിരപരാധിത്വം പുറത്തു വരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആയിഷയും മറ്റു ബന്ധുക്കളും.
എന്‍ഐഎ സംഘം അറസ്റ്റ് ചെയ്ത തൃശൂര്‍ ചേലക്കരയിലെ സ്വാലിഹ് മുഹമ്മദിന് ഐഎസ് ബന്ധമുണ്ടെന്ന വാര്‍ത്ത അവിശ്വസനീയമാണെന്ന് ചേലക്കരയിലെ ബന്ധുക്കളും സുഹൃത്തുക്കളും. പൊതുവെ ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്ന സ്വാലിഹ് സംശയകരമായ യാതൊരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ലെന്ന് കൂട്ടുകാര്‍ ഉറപ്പിച്ചുപറയുന്നു. സ്വാലിഹ് മുഹമ്മദും വീട്ടുകാരും ചേലക്കര വെങ്ങാനെല്ലൂരിലെ വീട്ടിലായിരുന്നു മുമ്പ് താമസിച്ചിരുന്നത്. ഒന്നരവര്‍ഷത്തോളമായി തൃപ്രയാര്‍ പഴുവില്‍ ചാഴൂരിലെ വീട്ടിലാണു താമസം. പിന്നീട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വാലിഹിന്റെ ചേലക്കരയിലെ ബന്ധുവായ വെങ്ങാനെല്ലൂര്‍ വലിയകത്ത് വീട്ടില്‍ ബഷീര്‍ പറയുന്നു. തങ്ങളുടെ കളിക്കൂട്ടുകാരന്‍ സ്വാലിഹിന് ഇങ്ങനെയൊരു ബന്ധമുള്ളതായി അറിവില്ലെന്നും പെരുമാറ്റത്തില്‍ അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്നും കൂട്ടുകാരും പറയുന്നു. ചെന്നൈയില്‍ ജോലി കിട്ടിയതിനുശേഷം കോഴിക്കോട്ടുനിന്നു വിവാഹം കഴിച്ചതായി മാത്രമേ തങ്ങള്‍ക്ക് അറിയൂവെന്നും ഇവര്‍ പറയുന്നു. നാലുദിവസം മുമ്പ് വെങ്ങാനെല്ലൂരിലെ വീട്ടില്‍ സ്വാലിഹ് വന്നുപോയതായും പറയപ്പെടുന്നുണ്ട്.
എന്‍ഐഎ പിടികൂടിയ അണിയാരം സ്വദേശി മദീന മഹലില്‍ മന്‍സീദിന്റെ ബന്ധുക്കളും ഐഎസ് പ്രചാരണങ്ങള്‍ക്കെതിരേ രംഗത്തെത്തി. വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. മന്‍സീദിനെ കെണിയില്‍പ്പെടുത്താന്‍ ചിലര്‍ മനപ്പൂര്‍വം ചതി ഒരുക്കുകയായിരുന്നുവെന്ന് സംശയമുണ്ടെന്ന് സഹോദരി മെഹറുന്നീസയും ഭാര്യ മറിയവും പറഞ്ഞു. ഐഎസിന്റെ ജിഹാദ് ഇസ്‌ലാമികമല്ലെന്നും ഒരു യഥാര്‍ഥ മുസ്‌ലിമിന് ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വാദിക്കുന്നയാളാണ് മന്‍സീദ്. അദ്ദേഹത്തിന് ഒരിക്കലും ഇത്തരക്കാരുമായി കൂട്ടുചേരാന്‍ സാധിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss