|    Sep 25 Mon, 2017 1:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഐഎസ് അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങള്‍ക്ക് പിന്തുണ: കെ പി എ മജീദ്

Published : 6th October 2016 | Posted By: SMR

മലപ്പുറം: ഐഎസ് ഭീകരതയ്ക്കും അതിലെ കണ്ണികളായവര്‍ക്കും എതിരേയുള്ള സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏതാനും ചില യുവാക്കളെങ്കിലും ഐഎസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വച്ചു പൊറുപ്പിക്കാനാവില്ല.
അറസ്റ്റും നടപടികളും യഥാര്‍ഥ കുറ്റവാളികള്‍ക്ക് നേരെ മാത്രമേ നടക്കുന്നുവെന്നുള്ളത് ഭരണകൂടം ഉറപ്പിക്കണം. ഐഎസ് ഭീകരരുടെ അപകടം തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ അതിനെ തള്ളിക്കളഞ്ഞവരാണ് കേരളത്തിലെ മുസ്‌ലിംലീഗും മറ്റു മുസ്‌ലിം മതസംഘടനകളും. അവരെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നടപടികള്‍ക്ക് മാത്രമേ ആത്യന്തികമായി വിജയിക്കാനാവുകയുള്ളൂ. ഐഎസിന്റെ പേരിലുള്ള അറസ്റ്റും റെയ്ഡും പൊതൂ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ചുമതല അന്വേഷണ ഏജന്‍സികളും സര്‍ക്കാരും ഏറ്റെടുത്തേ മതിയാവൂ. സമൂഹത്തില്‍ സംശയവും ആശങ്കയും നിലനില്‍ക്കാന്‍ ഇടവരുത്തുന്ന നടപടികള്‍ ഉണ്ടാവരുത്.
സംശയത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും പേരിലുള്ള എല്ലാ നടപടികളും ഐഎസിനെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ ഫാഷിസ്റ്റ് ചെയ്തികള്‍ ഭയത്തിലാക്കിയ ന്യൂനപക്ഷത്തെ ഐഎസിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല.
ഐഎസ് അടക്കമുള്ള ഛിദ്രശക്തികളെ നേരിടുന്നതിന് ജനാധിപത്യ മതനിരപേക്ഷവാദികളെ വിശ്വാസത്തിലെടുത്ത് മാത്രമേ സാധ്യമാകുവെന്ന് ഓര്‍മിപ്പിക്കുന്നു. ഇന്നത്തെ ഈ സാഹചര്യത്തില്‍ എല്ലാ മതസംഘടനകളും അവരുടെ വേദികളിലും വെള്ളിയാഴ്ച നടക്കുന്ന ഉദ്‌ബോധനങ്ങളിലും ഇക്കാര്യത്തില്‍ സന്ദേശം നല്‍കണം.
വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ഫേസ്ബുക്കില്‍ വരുന്ന ചില സന്ദേശങ്ങളെ പിന്തുടര്‍ന്ന് വഴി തെറ്റിപോവുന്നത് ജാഗ്രതയോടെ കാണേണ്ടതാണ്. മുസ്‌ലിം വിദ്യാര്‍ഥി യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും മജീദ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക