|    Mar 30 Thu, 2017 6:17 pm
FLASH NEWS

ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസ്; മഅ്ദനിയടക്കം 18 പേര്‍ക്കെതിരേ വിചാരണ തുടങ്ങുന്നു

Published : 8th July 2016 | Posted By: SMR

കൊച്ചി: ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയടക്കം 18 പേര്‍ക്കെതിരേ കോടതി വിചാരണ തുടങ്ങുന്നു. ശാസ്താംകോട്ട പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് 24 വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. 1992ല്‍ ബാബരി മസ്ജിദ് സംഭവത്തിന് ശേഷം കൊല്ലം മൈനാഗപ്പള്ളിയിലെ മഅ്ദനിയുടെ വീട്ടില്‍ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്നാണ് പോലിസ് കേസ്.
പോലിസ് റെയ്ഡില്‍ നാടന്‍ കൈത്തോക്ക്, തിരകള്‍, 1.400 ഗ്രാം വെടിമരുന്ന്, ലാത്തി, മെറ്റല്‍ ഡിറ്റക്റ്റര്‍, ഐഎസ്എസ് നോട്ടീസുകള്‍, സംഘടനയുടെ അംഗത്വ ഫോറം എന്നിവ പിടിച്ചെടുത്തിരുന്നു. പല കാരണങ്ങളാല്‍ നീണ്ടുപോയ കേസിലെ 21 സാക്ഷികളില്‍ രണ്ടുപേര്‍ മരിച്ചു. 1994ല്‍ പോലിസ് കൊല്ലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതാണെങ്കിലും മഅ്ദനിയുടെ അപേക്ഷയെത്തുടര്‍ന്ന് കേസിന്റെ വിചാരണ എറണാകുളത്തെ സെഷന്‍സ് കോടതിയിലേക്കു മാറ്റുകയായിരുന്നു.
കേസിന്റെ കാലപ്പഴക്കം ശ്രദ്ധിച്ച ജഡ്ജി കെ എം ബാലചന്ദ്രനാണ് അടുത്തമാസം 18 മുതല്‍ കേസ് വിചാരണ നടത്താന്‍ തീരുമാനിച്ചത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജു വടക്കേക്കര ഹാജരാവും.
മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശാസ്താംകോട്ട: ബംഗ്ലൂരു സ്‌ഫോടന ക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടി അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി വൃക്കരോഗ സംബന്ധമായ പരിശോധനയ്ക്ക് മീയണ്ണൂര്‍ അസീസിയാ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ കര്‍ണാടക പോലിസിന്റെ കനത്ത സുരക്ഷയില്‍ ശാസ്താംകോട്ട, കടപുഴ, കുണ്ടറ, കണ്ണനല്ലൂര്‍ റോഡ് വഴിയാണ് മഅ്ദനിയെ കൊണ്ടുപോയത്. മഅ്ദനിക്കൊപ്പം കര്‍ണാടക പോലിസിന്റെ ഇരുപത് അംഗ സംഘവും കേരള പോലിസ് സംഘവും അനുഗമിച്ചിട്ടുണ്ട്. പിഡിപി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, സെക്രട്ടറി സാബു കൊട്ടാരക്കര, മുഹമ്മദ് റജീബ്, ഭാര്യ സൂഫിയ മഅ്ദനി, മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരും മഅ്ദനിക്കൊപ്പം ഉണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day