|    Apr 27 Thu, 2017 6:24 pm
FLASH NEWS

ഐഎസ്എല്‍: മുംബൈ സിറ്റിക്ക് പൂനെ ഷോക്ക്

Published : 11th November 2016 | Posted By: SMR

മുംബൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ കരുത്തരായ മുംബൈക്ക് തോല്‍വി. പൂനെയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം മൈതാനത്ത് മുംബൈ നാണം കെട്ടത്. ഇയൂജെന്‍സന്‍ ലിങ്‌ഡോഹാണ് പൂനെയ്ക്കായി വിജയ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ 12 പോയിന്റുകളുമായി പൂനെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
കളിയുടെ ആദ്യ മിനിറ്റില്‍ത്തന്നെ മുംബൈക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും  ഫോര്‍ലാന്റെ കിക്ക് വിഫലമായി പുറത്തേക്ക് പോയി. ഇരു ടീമുകളും മികച്ച മുന്നേറ്റമാണ് തുടക്കം മുതലേ കാഴ്ചവച്ചത്.  ഫോര്‍ലാനും സുനില്‍ ഛേത്രിയും മുംബൈക്കായി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവച്ചുകൊണ്ടേയിരുന്നു. 13ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ ലഭിച്ച മികച്ച അവസരം മുതലാക്കി ഡെഫഡറിക്കോ ഷോട്ടെടുത്തെങ്കിലും പൂനെ ഗോളി എഡല്‍ അപകടമില്ലാതെ പന്ത് കൈക്കുള്ളിലാക്കി. 25 മിനിറ്റ് കഴിയുമ്പോള്‍ കൂടുതല്‍ സമയവും പന്ത് കൈവശം വച്ച് മുംബൈ പൂനെയെ വട്ടം കറക്കി.  മുംബൈയുടെ മാറ്റീസ് ഡിഫഡെറിക്കോയുടെ ഫ്രീകിക്കും ഗോളാവാതെ അവസാനിച്ചു.
കളി ഒന്നാം പകുതിയിലേക്കടുക്കുമ്പോള്‍ മുംബൈ ആധികാരികമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കെത്തിക്കാനായില്ല. 34ാം മിനിറ്റില്‍ ഡെഫഡറിക്കോയുടെ മികച്ച ഷോട്ട് തട്ടിയകറ്റി പൂനെ ഗോളി വീണ്ടും ടീമിനെ രക്ഷിച്ചു.  ഒന്നാം പകുതി പിരിയുമ്പോള്‍ ഗോള്‍രഹിതമായാണ് ഇരു ടീമുകളും മടങ്ങിയത്.
രണ്ടാം പകുതിയിലും മുംബൈ കളി മികവ് തുടര്‍ന്നെങ്കിലും മല്‍സരത്തിന്റെ 89ാം മിനിറ്റില്‍ മുംബൈയെ ഞെട്ടിച്ച് ലിങ്‌ഡോഹ് പൂനെയ്ക്കായി വലകുലുക്കി. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 1-0 ന്റ തകര്‍പ്പന്‍ ജയത്തോടെയാണ് പൂനെ കളം വിട്ടത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day