|    Oct 20 Fri, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍; പോരാട്ടങ്ങള്‍ മുറുകുന്നു

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 2016 ഐഎസ്എല്‍ സീസണിലെ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിജയിയെ പ്രവചിക്കുകപോലും അസാധ്യം. തുടക്കത്തിലെ മികച്ച മുന്നേറ്റങ്ങള്‍ക്കുശേഷം പല ടീമുകളും പോയിന്റ് പട്ടികയില്‍ താഴേക്കു വീണപ്പോള്‍ തുടക്കം പാളിയവര്‍ ജയിച്ചുകയറി.
സീസണിന്റെ തുടക്കത്തില്‍ മികച്ച മുന്നേറ്റമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയ്ന്‍ എഫ്‌സിയും കാഴ്ചവച്ചത്. അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് സമനിലയോടെ തുടങ്ങിയ ചെന്നൈയ്ന്‍ ഡല്‍ഹിയോട് അടിപതറിയെങ്കിലും നോര്‍ത്തീസ്റ്റിനെയും ഗോവയെയും തകര്‍ത്ത് വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ മൂന്ന് സമനില വഴങ്ങേണ്ടിവന്ന ചെന്നൈയ്ന്‍ പോയിന്റ് പട്ടികയില്‍ കൂപ്പുകുത്തി. അവസാന രണ്ട് മല്‍സരങ്ങളില്‍ ഡല്‍ഹിയോടും കേരള ബ്ലാസ്‌റ്റേഴ്‌സിനോടും നാണം കെട്ട തോല്‍വി വഴങ്ങിയതോടെ ചെന്നൈയ്ന്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നോര്‍ത്തീസ്റ്റും പേരിനൊത്ത പ്രതാപം നിലനിര്‍ത്താനാവാതെ വലയുകയാണ്. സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും വിജയത്തോടെയാണ് നോര്‍ത്തീസ്റ്റ് തുടങ്ങിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെയും എഫ്‌സി ഗോവയെയും കീഴടക്കിയ നോര്‍ത്തീസ്റ്റ് മുംബൈയോട് തോല്‍വി വഴങ്ങിയെങ്കിലും പൂനെയെ തോല്‍പ്പിച്ച് തിരിച്ചു വന്നു. എന്നാല്‍ അവസാനത്തെ നാല് മല്‍സരങ്ങളിലും തോല്‍വി വഴങ്ങേണ്ടിവന്ന നോര്‍ത്തീസ്റ്റ് പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്ക് ഒതുങ്ങിപ്പോയി.
മികച്ച മുന്നേറ്റമാണ് ബ്ലാസ്‌റ്റേഴ്‌സ് കാഴ്ചവച്ചത്.തുടക്കത്തിലേറ്റ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയിച്ചുകയറിയ ബ്ലാസ്‌റ്റേഴ്‌സ് 15 പോയിന്റുകളുമായി രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം സീസണ്‍ ആവേശകരമായി മുന്നേറുമ്പോള്‍ ആരാകും വിജയിയെന്നത് പ്രവചനാതീതമാവുന്ന പ്രകടനമാണ് ടീമുകള്‍ കാഴ്ചവയ്ക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക