|    Jan 21 Sat, 2017 8:47 pm
FLASH NEWS

ഐഎസ്എല്‍: ഡൈനാമോ കെടുത്താന്‍ മഞ്ഞപ്പട

Published : 9th October 2016 | Posted By: SMR

പിഎന്‍ മനു

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ കന്നി വിജയമെന്ന മോഹവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മികച്ച ഫോമിലുള്ള ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് കിക്കോഫ്. ആദ്യ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്നു ജയിച്ചേ തീരൂ. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഇന്നു വെന്നിക്കൊടി പാറിച്ച് കഴിഞ്ഞ രണ്ടു തോല്‍വികളുടെയും ക്ഷീണം തീര്‍ക്കാനുറച്ചാവും ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടുകെട്ടുക.
അതേസമയം, ആദ്യ കളിയില്‍ നിലവിലെ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയെ 3-1ന് നിസ്സഹായരാക്കിയാണ് ഡല്‍ഹിയുടെ വരവ്. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ മല്‍സരമാണ് ഇന്നത്തേതെങ്കില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ കളിയാണിത്.

ടീം കോമ്പിനേഷന്‍; പ്രധാന പ്രശ്‌നം
സീസണില്‍ ഇതിനകം രണ്ടു മല്‍സരങ്ങള്‍ കളിച്ചിട്ടും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ കോച്ച് സ്റ്റീവ് കോപ്പലിന് സാധിക്കാത്തതാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ തലവേദന.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ ഉദ്ഘാടനമല്‍സരത്തില്‍ 0-1നു പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാമത്തെ കളിയില്‍ കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ ഉടച്ചുവാര്‍ത്തിരുന്നു. ആറു പേരെ മാറ്റിയാണ് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ കളിയില്‍ കോച്ച് ടീമിനെ ഇറക്കിയത്. എന്നിട്ടും ജയം കൈപ്പിടിയിലൊതുക്കാനായില്ല. എങ്കിലും ആദ്യകളിയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പ്രകടനം കൊല്‍ക്കത്തയ്ക്കതിരേ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചു.
നോര്‍ത്ത് ഈസ്റ്റിനെതിരേ പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്ന പ്രതീക് ചൗധരി, മുഹമ്മദ് റഫീഖ്, ഫാറൂഖ് ചൗധരി, എല്‍ഹാജി എന്‍ഡോയെ, ഡക്കന്‍സ് നാസോണ്‍, ജോസു എന്നിവരാണ് കഴിഞ്ഞ മല്‍സരത്തില്‍ ടീമിലെത്തിയത്. ഇവരില്‍ റഫീഖ് മാത്രമാണ് കൊല്‍ക്കത്തയ്‌ക്കെതിരേ കൂടുതല്‍ തിളങ്ങിയത്. കൊല്‍ക്കത്ത പ്രതിരോധത്തെ വിറപ്പിക്കുന്ന ചില മുന്നേറ്റങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു സാധിച്ചു. എന്നാല്‍ കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോസു വേണ്ടത്ര മികവിലേക്കുയര്‍ന്നില്ല. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ജോസുവിനെ കോച്ച് പ്രതിരോധത്തിലേക്ക് മാറ്റിയത് അമ്പെ പരാജയമായി മാറി. ആദ്യ കളിയില്‍ ബെല്‍ഫോര്‍ട്ടിനു തൊട്ടു പിറകില്‍ മുന്നേറ്റനിരയില്‍ അണിനിരന്ന അന്റോണിയോ ജര്‍മനെ കൊല്‍ക്കത്തയ്‌ക്കെതിരേ കോച്ച് മുന്നിലേക്ക് മാറ്റിയത് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തി. ചില മിന്നല്‍ നീക്കങ്ങള്‍ ജര്‍മന്‍ നടത്തിയെങ്കിലും പലപ്പോഴും ഒറ്റയ്ക്ക് ഗോളിനായി ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു.
നാസോണിനു പകരം ജര്‍മനൊപ്പം മുന്നേറ്റത്തില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്രയെ കോച്ച് ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വടക്കന്‍ അയര്‍ലന്‍ഡിനു വേണ്ടി ലോകകപ്പ് യോഗ്യതാമല്‍സരം കളിക്കുന്നതിനായി മടങ്ങിയ മാര്‍ക്വി താരവും ക്യാപ്റ്റനുമായ ആരോണ്‍ ഹ്യൂസ് ഇന്നു ബ്ലാസ്റ്റേഴ്‌സ് നിരയില്‍ തിരിച്ചെത്തുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് മാത്രമാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ അവസാന അരമണിക്കൂറില്‍ സ്റ്റാക്കിനെ പിന്‍വലിച്ച് ഇന്ത്യന്‍ ഗോളി സന്ദീപ് നന്തിക്ക് കോച്ച് അവസരം നല്‍കിയിരുന്നു.
ആദ്യകളിയില്‍ 4-4-1-1 എന്ന ശൈലിയിലാണ് കോപ്പല്‍ ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്തിയതെങ്കില്‍ രണ്ടാമത്തെ മല്‍സരത്തില്‍ 4-4-2 എന്ന ശൈലിയാണ് പിന്തുടര്‍ന്നത്. ഇന്ന് അദ്ദേഹം പുതിയൊരു ശൈലി പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.നിരാശരായ കാണികള്‍ക്ക് വിജയം കൊണ്ടു മറുപടി പറയാനാകും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിയെ നേരിടാനിറങ്ങുക
മികച്ച ഒരു ഫിനിഷറുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പ്രകടമാണ്. ആദ്യ സീസണില്‍ ഇയാന്‍ ഹ്യൂമിന്റെ ഗോളടിമികവിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ വരെയെത്തിയത്. രണ്ടാം സീസണില്‍ ഏഴു ഗോള്‍ നേടിയ ജര്‍മനും ആറു ഗോളുകളടിച്ച ക്രിസ് ഡഗ്‌നലും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് ചുക്കാന്‍പിടിച്ചിരുന്നു. പക്ഷെ ഈ സീസണില്‍ ഇതുവരെ കേരളത്തിന് അക്കൗണ്ട് തുറക്കാന്‍ പോലുമായിട്ടില്ല. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഒരു ഗോള്‍ മാര്‍ജിനിലാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയേറ്റുവാങ്ങിയത്. ഇത്തവണ ജര്‍മനോ ചോപ്രയോ ഈ ഉത്തരവാദിത്വം ഏറ്റെടുത്തില്ലെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാവും.
ഓരോ സീസണ്‍ കഴിയുന്തോറും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഡല്‍ഹി ഡൈനാമോസ് ഇത്തവണ തികഞ്ഞ തയ്യാറെടുപ്പോടെയാണ് എത്തിയത്. ആദ്യമല്‍സരത്തിലെ ജയത്തോടെ ഡല്‍ഹി വരവറിയിച്ചു.കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലാണ് ഡല്‍ഹി മുട്ടുമടക്കിയത്. കൊമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരം ആവോശകരമാകുമെന്നുറപ്പാണ്.
ബ്ലാസ്റ്റേഴ്‌സ് പ്രകടനം മെച്ചപ്പടണം:   സ്റ്റീവ് കോപ്പല്‍
ഡല്‍ഹി ഡൈനാമോസിനെ തോല്‍പിക്കാന്‍ എല്ലാ പൊസിഷനിലും താരങ്ങളുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ കോച്ച് സ്റ്റീവ് കോപ്പല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.എല്ലാ മേഖലയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ട്. അതിനുള്ള പരിശ്രമത്തിലാണ് താരങ്ങള്‍.
ഇന്നത്തെ മല്‍സരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകില്ല. എങ്കിലും മല്‍സരം ആവശ്യപ്പെടുന്ന മാറ്റങ്ങളുമായാകും ടീം കളത്തിലിറങ്ങുക. ദേശിയ ടീമിനായി കളിക്കാന്‍ പോയ മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസിന് പുറമേ കാലിനു പരുക്കേറ്റ കെ പ്രശാന്തും ഡല്‍ഹിക്കെതിരെ കളിക്കില്ല. ബാക്കിയുള്ള താരങ്ങളെല്ലാം മല്‍സരത്തിനു സജ്ജമാണ്.  ഹോസു കഴിഞ്ഞ മല്‍സരത്തില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നന്നായി നിറവേറ്റിയെന്നും

കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.
അതേ സമയം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മികച്ച കളി പുറത്തെടുക്കുകയാണു  തങ്ങളുടെ  ലക്ഷ്യമെന്ന് ഡല്‍ഹി ഡൈനാമോസ് കോച്ച് ജിയാന്‍ലൂക്ക സാംബ്രോട്ട  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനസ് ഒഴികെ ബാക്കിയുള്ള താരങ്ങള്‍ എല്ലാം മല്‍സരത്തിനു തയാറാണ്. അനസിന്റെ കാര്യത്തില്‍ മാത്രമാണ് സംശയം. മെഡിക്കല്‍ റിപോര്‍ട്ട് കിട്ടുന്നതിനനുസരിച്ചാകും അനസ് കളിക്കളത്തിലിറങ്ങുക.  കൊച്ചിയിലെ നിറഞ്ഞു നില്‍ക്കുന്ന ഗാലറി കേരളത്തിനു ഗുണകരമാണ്.
ഒരു ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നും അതു മല്‍സരത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനെതിരെ വിജയം തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു..

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക