|    Aug 17 Fri, 2018 2:25 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം ജയം; വമ്പുകാട്ടി കൊമ്പന്‍മാര്‍

Published : 25th October 2016 | Posted By: SMR

ഗോവ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ആതിഥേയരായ ഗോവയെ ബ്ലാസ്‌റ്റേഴ്‌സ് മുട്ടുകുത്തിച്ചത്. മലയാളിത്താരം മുഹമ്മദ് റാഫിയും  കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കിയപ്പോള്‍ ഗോവയുടെ ആശ്വാസ ഗോള്‍ നോടിയത് ജൂലിയോ സീസറാണ്.
ആദ്യ പകുതിയുടെ 24ാം മിനിറ്റില്‍ സീസറിലൂടെ ആദ്യ വലകുലുക്കിയ ഗോവ ആദ്യ പകുതിയില്‍ 1-0 ന്റെ ലീഡോഡെയാണ് കളം വിട്ടത്. എന്നാല്‍ രണ്ടാം പകുതിയുടെ 46ാം മിനിറ്റില്‍ വലകുലുക്കി മലയാളിത്താരം മുഹമ്മദ് റാഫി കേരളത്തിന് സമനില ഗോള്‍ നേടിത്തന്നു. കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ 84ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സിന് വിജയം ഗോള്‍ നേടിത്തന്നു.
മഞ്ഞത്തിരയിളക്കം; ഗോവ വിറച്ചു
പൂനെ സിറ്റിക്കെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ 1-1 നു സമനിലയില്‍ പിരിയേണ്ടിവന്നെങ്കിലും അതേ ഇലവനെത്തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ പ്രഖ്യാപിച്ചത്. അത്യുജ്ജ്വലമായിരുന്നു കളിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കം. ഒന്നാം മിനിറ്റില്‍ത്തന്നെ കേരളത്തിന്റെ മഞ്ഞപ്പട അക്കൗണ്ട് തുറക്കേണ്ടതായിരുന്നു. മെഹ്താബ് ഹുസയ്ന്‍ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ലോങ് പാസ് മുഹമ്മദ് റഫീഖിന്. ഗോവ ഡിഫന്റര്‍ ജോഫ്രെയുയര്‍ത്തിയ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റഫീഖ് പന്ത് പുറത്തേക്കടിച്ചു പാഴാക്കുകയായിരുന്നു.
തുടര്‍ന്നും ബ്ലാസ്റ്റേഴ്‌സിന്റെ മിന്നല്‍ ആക്രമണങ്ങളാണ് കണ്ടത്. അതിവേഗ നീക്കങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആതിഥേയരെ പ്രതിരോധത്തിലാക്കി. 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചു. സ്വന്തം ഹാഫില്‍ നിന്നു പന്തുമായി കുതിച്ച ബെല്‍ഫോര്‍ട്ട് ഗോവന്‍ പ്രതിരോധത്തെ കീറിമുറിച്ച് ബോക്‌സിനരികിലെത്തി തൊടുത്ത ഷോട്ട് ഗോവന്‍ ഗോളിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.
18ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടിന് വീണ്ടും ഗോള്‍ നേടാന്‍ മറ്റൊരു മികച്ച അവസരം. ഇടതുമൂലയില്‍ നിന്നുള്ള ജോസുവിന്റെ കോര്‍ണര്‍ കിക്കില്‍ ബെല്‍ഫോര്‍ട്ടിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ പോസ്റ്റിന് തൊട്ടുമുകളിലൂടെ പുറത്തുപോയി.
21ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തു വച്ച് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക്. വലയിലേക്കു താഴ്ന്നിറങ്ങിയ മെഹ്താബിന്റെ ഫ്രീകിക്ക് ഗോളി കുത്തിയകറ്റി. റീബൗണ്ട് ചെയ്ത പന്ത് അസ്‌റാക്ക് ബോക്‌സിനുള്ളിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ടീമംഗങ്ങള്‍ക്കു കണക്ട് ചെയ്യാന്‍ സാധിക്കാതിരുന്നതോടെ പുറത്തേക്ക് പോയി.
സെസാര്‍ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടി
ആദ്യ 20 മിനിറ്റോളം ചിത്രത്തില്‍ പോലുമില്ലാതിരുന്ന ഗോവ കളിയുടെ ഗതിക്കു വിപരീതമായാണ് 24ാം മിനിറ്റില്‍ ലീഡ് കരസ്ഥമാക്കിയത്. ഇടതുമൂലയില്‍ നിന്ന് റിച്ചാള്‍സന്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് ജൂലിയോ സെസാര്‍ കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുമ്പോള്‍ ഗോളി സന്ദീപ് നന്തിക്ക് ഒന്നും ചെയ്യാനായില്ല.
39ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി ലഭിക്കേണ്ടതായിരുന്നു. സന്ദേശ് ജിങ്കാന്‍ നല്‍കിയ ക്രോസ് ബോക്‌സിനുള്ളില്‍ വച്ച് മൈക്കല്‍ ചോപ്ര വലയിലേക്ക് തൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഗോവന്‍ ഡിഫന്റര്‍ ഫൗള്‍ ചെയ്തു വീഴ്ത്തി. എന്നാല്‍ റഫറി പെനല്‍റ്റി നിഷേധിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് നിരാശരായി.
ആദ്യ പകുതിയില്‍ 73 ശതമാനവും പന്ത് കൈവശം വച്ച ബ്ലാസ്റ്റേഴ്‌സ് ഗോളിലേക്ക് ഏഴു ഷോട്ടുകളും പരീക്ഷിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss