|    Apr 22 Sun, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരേ; ഇന്ന് തീരുമോ, ആരാധകരുടെ കാത്തിരിപ്പ്

Published : 14th October 2016 | Posted By: SMR

പി എന്‍ മനു

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് ഇന്നു തീരുമോ? ആരാധകര്‍ പ്രാര്‍ഥനയിലാണ്. ഇന്നു ഹോംഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തില്‍ മികച്ച ഫോമിലുള്ള മുംബൈ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്‌സ് അങ്കം കുറിക്കുന്നത്.  ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നു ബ്ലാസ്റ്റേഴ്‌സിനു നേടാനായത് ഒരു പോയിന്റ് മാത്രം. സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയാണ് മഞ്ഞപ്പട ആദ്യ പോയിന്റ് കരസ്ഥമാക്കിയത്. അതിനുമുമ്പ് കളിച്ച രണ്ടു മല്‍സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് തോല്‍വിയേറ്റുവാങ്ങി.
ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് 0-1നു പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ കളിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ വച്ച് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോടും ഇതേ സ്‌കോറിനു തലകുനിച്ചു.
ഹോംഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരമാണ് ഇന്നത്തേത്. ഇതു കഴിഞ്ഞാല്‍ ടീമിന്റെ അടുത്ത നാലു കളികളും എതിരാളികളുടെ തട്ടകത്തിലാണ്. അടുത്ത മാസം എട്ടിന് എഫ്‌സി ഗോവയ്‌ക്കെതിരേയാണ് അടുത്ത മല്‍സരം. അതുകൊണ്ടു തന്നെ ഇന്നു ജയത്തോടെ അടുത്ത എവേ മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കാനായിരിക്കും ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമം.
മെച്ചപ്പെടുന്ന ബ്ലാസ്റ്റേഴ്‌സ്
ഓരോ കളി കഴിയുന്തോറും ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നത് ശുഭസൂചനയാണ്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ കേവലം ആള്‍ക്കൂട്ടമായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരേയുള്ള രണ്ടാമത്തെ കളിയില്‍ പ്രകടനം അല്‍പ്പം മെച്ചപ്പെടുത്തി. ഡല്‍ഹിക്കെതിരായ മൂന്നാമത്തെ കളിയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ടൂര്‍ണമെന്റില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മൈക്കല്‍ ചോപ്ര ചില അവസരങ്ങള്‍ മുതലാക്കിയിരുന്നെങ്കില്‍ ആദ്യജയം ബ്ലാസ്റ്റേഴ്‌സിനു സ്വന്തമാക്കാമായിരുന്നു. അന്നു സംഭവിച്ച പിഴവുകള്‍ ഇന്ന് ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഇന്നു ചോപ്രയുടെ ശ്രമം.
ഡല്‍ഹിക്കെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ പരീക്ഷിച്ച 4-3-3 എന്ന ശൈലിയില്‍ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍ ഇന്നു ടീമിനെ അണിനിരത്തുക.
ചോപ്രയ്‌ക്കൊപ്പംഅന്റോണിയോ ജര്‍മന്‍, ഡക്കന്‍സ് നാസോണും മുന്നേറ്റത്തില്‍ അണിനിരക്കും.  കഴിഞ്ഞ മല്‍സരത്തില്‍ കസറിയ സ്പാനിഷ് താരം ജോസു ഇന്നും പ്രകടനമാവര്‍ത്തിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ നേടാന്‍ വിഷമമുണ്ടാവില്ല. ഡല്‍ഹിക്കെതിരേ നിരന്തരം ക്രോസുകള്‍ ഉതിര്‍ത്ത് ജോസു മുന്നേറ്റനിരയ്ക്ക് പന്തെത്തിച്ചിരുന്നു.

ആരാവും ആ ഭാഗ്യശാലി ?
ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കന്നി ഗോള്‍ ആരുടെ പേരിലാവും. ടൂര്‍ണമെന്റില്‍ ഇതുവരെ  മൂന്നു മല്‍സരങ്ങളില്‍ കളിച്ചിട്ടും ഒരു ഗോള്‍ പോലും നേടാനാവാത്ത ഏക ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്.
ഏഴു സ്്‌ട്രൈക്കര്‍മാര്‍ ടീമിലുണ്ടായിട്ടും ഗോളിലേക്ക് ഒരു ഷോട്ട് മാത്രമേ ഇതുവരെയുള്ള മൂന്നു കളികളില്‍ ബ്ലാസ്‌റ്റേഴ്‌സിനു പരീക്ഷിക്കാനായിട്ടുള്ളൂ,
മഞ്ഞക്കുപ്പായത്തില്‍ ആദ്യ ഗോള്‍ നേടുന്ന താരമാവാന്‍ ആര്‍ക്കാണ് ഭാഗ്യം ലഭിക്കുകയെന്ന് ഇന്ന് അറിഞ്ഞേക്കും. ചോപ്ര-നാസോണ്‍-ജര്‍മന്‍ എന്നിവരിലൊരാളാവുമോ അതോ മധ്യനിരയിലെ ആരെങ്കിലുമാവുമോ ആദ്യ ഗോള്‍ നേടുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഹെര്‍ബെര്‍ട്ടിന്റെ പരിക്ക് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി
ഡല്‍ഹിക്കെതിരായ കഴിഞ്ഞ മല്‍സരത്തിനിടെ പ്രതിരോധത്തിലെ നിറസാന്നിധ്യമായ സെഡ്രിഡ് ഹെര്‍ബെര്‍ട്ടിനു പരിക്കേറ്റത് ഇന്നു ബ്ലാസ്റ്റേഴ്‌സിനെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു കളികളിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ പാറപോലെ ഉറച്ചുനിന്ന ഹെങ്‌ബെര്‍ട്ട് പുറത്തിരിക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനു കനത്ത തിരിച്ചടിയാവും.
എന്നാല്‍ വടക്കന്‍ അയര്‍ലന്‍ഡിനുവേണ്ടി ലോകകപ്പ് യോഗ്യതാ മല്‍സരം കളിക്കുന്നതിനുവേണ്ടി കഴിഞ്ഞ രണ്ടു കളികളില്‍ നിന്നു വിട്ടുനിന്ന മാര്‍ക്വി താരവും ഡിഫന്ററുമായ ആരോണ്‍ ഹ്യൂസ് ഇന്നു മടങ്ങിയെത്തുന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാവും. ഹെങ്‌ബെര്‍ട്ടിന്റെ പൊസിഷനില്‍ ഹ്യൂസ് കളിച്ചേക്കുമെന്നാണ് സൂചന.

ഫോര്‍ലാന്‍ കളിച്ചേക്കില്ല
തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം കഴിഞ്ഞ കഴിയില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി 1-1ന്റെ സമനില വഴങ്ങിയ ശേഷമാണ് മുംബൈ ഇന്നലെ കൊച്ചിയിലെത്തിയത്. ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡിയേഗോ ഫോര്‍ലാന്‍ ഇന്നും മുംബൈയ്ക്കായി കളിക്കാന്‍ സാധ്യതയില്ല. പരിക്കിനെത്തുടര്‍ന്ന് കൊല്‍ക്കത്തയ്‌ക്കെതിരേയും താരത്തിനു പുറത്തിരിക്കേണ്ടിവന്നിരുന്നു.
ടീമിലെ മറ്റൊരു സ്‌ട്രൈക്കറായ ഇന്ത്യയുടെ സുനില്‍ ഛേത്രി പരിക്കുമൂലം നേരത്തേ തന്നെ കളത്തിനു പുറത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ ടീമിന്റെ ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ മത്യാസ് ഡിഫെഡറിക്കോ തന്നെ ഇന്നും മുന്നേറ്റത്തില്‍ കളിക്കാനാണ് സാധ്യത.
പുതിയ തന്ത്രങ്ങളും പുചിയ കളി ശൈലിയുമായി ബ്ലാസ്റ്റേഴ്‌സ് മുംബൈക്കെതിരേ ബൂട്ടണിയുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ചിന്തിക്കില്ല. കൊച്ചി സ്‌റ്റേഡിയത്തെ മഞ്ഞക്കടലാക്കി ആരാധകര്‍ ബ്ലാസ്‌റ്റേഴിസിനായി കളമൊരുക്കുമ്പോള്‍ എതിര്‍വശത്ത് വമ്പന്‍മാരായ മുബൈയെ പൂട്ടാന്‍ കനത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss