|    Mar 23 Fri, 2018 3:02 am
Home   >  Todays Paper  >  page 11  >  

ഐഎസ്എല്‍: കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്

Published : 5th October 2016 | Posted By: SMR

കൊച്ചി: മലയാളക്കരയെ ആവേശത്തിലാഴ്ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കൂട്ടം ഇന്നിറങ്ങും. ഐഎസ്എല്‍ മൂ ന്നാം സീസണിലെ തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ജേതാക്കളായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായാണ് പോരടിക്കുന്നത്. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് 6.50നാണ് കിക്കോഫ്.
സീസണിലെ ആദ്യജയം മോഹിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ബൂട്ടുകെട്ടുന്നതെങ്കില്‍ കൊല്‍ക്കത്തയുടെയും ലക്ഷ്യം ഇതു തന്നെയാണ്. ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് അവരുടെ മൈതാനത്തേറ്റ 0-1ന്റെ തോല്‍വിയുടെ ക്ഷീണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ കൊല്‍ക്കത്ത ആദ്യ കളിയില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായി 2-2ന്റെ സമനിലയില്‍ പിരിയുകയായിരുന്നു.
കൊച്ചി മഞ്ഞയില്‍ മുങ്ങും
സ്വന്തം മൈതാനത്ത് ആര്‍പ്പുവിളികളുമായി പ്രോല്‍സാഹിപ്പിക്കാനെത്തുന്ന ആരാധകരുടെ സാന്നിധ്യം ബ്ലാറ്റേഴ്‌സിന് വിജയതീരത്തെത്തിക്കുമെന്ന പ്രതീക്ഷയിലാണ് കളിക്കാരും കോച്ച് സ്റ്റീവ് കോപ്പലും. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ എതിര്‍ ടീമുകള്‍ക്ക് ഇതുവരെ കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ടൂര്‍ണമെന്റില്‍ കാണികളുടെ എണ്ണത്തിന്റെ ശരാശരി പരിശോധിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിലുള്ളത്. ശരാശരി 49000ത്തില്‍ അധികം കാണികളാണ് ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ മല്‍സരത്തിനുമെത്തിയത്.
രണ്ടാം സീസണിലും ഇതിനു മാറ്റമുണ്ടായില്ല. 52000ത്തില്‍ അധികം ശരാശരിയുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചു.
2014ലെ പ്രഥമ ഐഎസ്എ ല്‍ ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്നത്തെ പോരാട്ടം. അന്ന് അധികസമയത്തേക്കു നീണ്ട വാശിയേറിയ കലാശക്കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് കൊല്‍ക്കത്തയോട് കീഴടങ്ങുകയായിരുന്നു.
2014ല്‍ ആദ്യമായി എവേ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ 1-1ന്റെ സമനിലയില്‍ പിരിഞ്ഞിരുന്നു. ഹോം മാച്ചില്‍ ബ്ലാസ്‌റ്റേഴ്‌സ് 2-1ന് കൊല്‍ക്കത്തയെ കീഴടക്കി. കഴിഞ്ഞ സീസണില്‍ ആദ്യമായി ഇരുടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. എവേ മല്‍സരത്തില്‍ 2-1നാണ് കൊല്‍ക്കത്ത വെന്നിക്കൊടി നാട്ടിയത്. കൊച്ചിയില്‍ നടന്ന കളിയിലും കൊല്‍ക്കത്തയ്ക്കായിരുന്നു വിജയം. ആവേശകരമായ കളിയി ല്‍ 3-2ന് കൊല്‍ക്കത്ത ബ്ലാസ്റ്റേഴ്‌സിനെ അടിയറവ് പറയിക്കുകയായിരുന്നു.
തിരിച്ചടി മറന്ന് ബ്ലാസ്റ്റേഴ്‌സ്
നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടനമല്‍സരം ബ്ലാസ്റ്റേഴ്‌സ് മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. നോര്‍ത്ത് ഈസ്റ്റിന്റെ ആക്രമണാത്മക ഫുട്‌ബോളിനു മുന്നില്‍ പകച്ചുപോയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയുടെ അവസാന 20 മിനിറ്റോളം മാത്രമാണ് ജയിക്കണമെന്ന ആവേശത്തോടെ കളിച്ചത്. ഡിഫന്റര്‍ സന്ദേഷ് ജിങ്കാന്‍ മാത്രമേ ഈ കളിയില്‍ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മികവ് പുലര്‍ത്തിയുള്ളൂ.
പുതുതായി ടീമിലെത്തിയ ഐറിഷ് ഡിഫന്ററും ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്വി താരവുമായ ആരോണ്‍ ഹ്യൂസും മികച്ച പ്രകടനം നടത്തി. മധ്യനിരയും മുന്നേറ്റനിരയും നിറംമങ്ങിയ പ്രകടനമാണ് നടത്തിയത്.
ഹ്യൂമേട്ടാ ചതിക്കല്ലേ…
പ്രഥമ സീസണില്‍ കേരളത്തിന്റെ സ്വന്തം ഹ്യൂമേട്ടനായിരുന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഇന്ന് കൊല്‍ക്കത്ത നിരയില്‍ അണിനിരക്കുമ്പോള്‍ ആരാധകര്‍ പ്രാര്‍ഥനയിലാണ്. ഗോള്‍ നേടി തങ്ങളെ ചതിക്കരുതേയെന്നാണ് ആരാധകര്‍ മനസില്‍ പ്രാര്‍ഥിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സിനൊപ്പം മാത്രമ ല്ല കൊല്‍ക്കത്തയ്ക്കായി കഴിഞ്ഞ സീസണിലും ഹ്യൂം ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. 11 ഗോളോടെ ഗോളടിവീരന്‍മാരി ല്‍ രണ്ടാമതായിരുന്നു അദ്ദേഹം. ഹ്യൂം മാത്രമല്ല പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ, സ്‌പെയിനിന്റെ ബോര്‍യ ഫെര്‍ണാണ്ടസ്, ഇന്ത്യന്‍ താരങ്ങളായ ലാല്‍റിന്‍ഡിക റാല്‍റ്റെ എന്നീ മികച്ച കളിക്കാരും കൊ ല്‍ക്കത്ത നിരയിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss