|    Aug 22 Tue, 2017 3:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഎസ്എല്‍: അവസാനവട്ട പരിശീലനത്തിന് ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്ക്ക്

Published : 20th September 2016 | Posted By: SMR

കൊച്ചി: തായ്‌ലന്‍ഡില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം  ഹോം ഗ്രൗണ്ടായ കൊച്ചിക്ക് പകരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന് സമീപമുള്ള മോഹന്‍ബഗാന്‍ സ്റ്റേഡിയത്തില്‍ അവസാനവട്ട പരിശീലനം നടത്തും. ഇന്നു മുതല്‍ 28 വരെയാണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.  കൊച്ചിയിലെത്താതെ ആദ്യ മല്‍സരത്തിനായി ഇവിടെനിന്നുതന്നെ ഗുവാഹത്തിയിലേക്ക് ടീം യാത്രതിരിക്കുമെന്നാണു സൂചന.
ഒക്‌ടോബര്‍ ഒന്നിന് ഉദ്ഘാടനമല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വിദേശ പര്യടനത്തിലെ മൂന്ന് സന്നാഹമല്‍സരങ്ങളില്‍ രണ്ടും വിജയിച്ചാണ് ടീം മടങ്ങിയെത്തിയത്. ഞായറാഴ്ച നടന്ന അവസാന പരിശീലന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. മൈക്കിള്‍ ചോപ്രയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടിയത്.
ആദ്യ പരിശീലന മല്‍സരത്തില്‍ ബിഗ് ബാങ് ചുല യുനൈറ്റഡിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചത്. തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുനൈറ്റഡുമായുള്ള രണ്ടാം പരിശീലന മല്‍സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്.
ഒരാഴ്ചയോളം തിരുവനന്തപുരത്ത് പരിശീലനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഈ മാസം എട്ടിനാണ് തായ്‌ലന്‍ഡിലേക്കു പറന്നത്. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം തായ്‌ലന്‍ഡില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. അവശേഷിക്കുന്ന താരങ്ങള്‍ കൊല്‍ക്കത്തയില്‍ വച്ച് ടീമിനൊപ്പം ചേരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക