|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐഎസ്ആര്‍ഒ ചാരക്കേസ്; സര്‍ക്കാരിനെതിരേ ടി പി സെന്‍കുമാര്‍

Published : 3rd December 2018 | Posted By: kasim kzm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വീണ്ടും പിണറായി സര്‍ക്കാരിനെതിരേ മുന്‍ പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചന.
ചാരക്കേസില്‍ നമ്പി നാരായണനെ ഉപദ്രവിച്ചതില്‍ സെന്‍കുമാറിനും പങ്കുണ്ടെന്നു കാണിച്ചു സത്യവാങ്മൂലം നല്‍കിയതിനെതിരേയാണ് നടപടി. തനിക്കെതിരായി ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോള്‍ സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പാപ്പരത്തമാണു നടപടിയെന്നു സെന്‍കുമാര്‍ സ്വകാര്യ ചാനലിനോടു പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചപ്പോഴാണു നമ്പി നാരായണനെതിരായ കേസില്‍ സെന്‍കുമാറും തെറ്റായ ഇടപെടല്‍ നടത്തിയെന്നു കാണിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
ഇതു കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്നു കാണിച്ചു വീണ്ടും നിയമനടപടി സ്വീകരിക്കാനാണു സെന്‍കുമാറിന്റെ തീരുമാനം. സര്‍ക്കാര്‍ ആവശ്യപ്രകാരം ഐഎസ്ആര്‍ഒ ചാരക്കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുമ്പു തന്നെ ഹൈക്കോടതി നിര്‍ദേശപ്രകാരം ഫയലുകള്‍ മടക്കിനല്‍കിയിരുന്നു. കേസില്‍ താന്‍ വേറൊന്നും ചെയ്തിട്ടില്ല. നമ്പി നാരായണന്‍ തനിക്കേറ്റ പീഡനങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി എഴുതിയ “ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയില്‍ പോലും തന്റെ പേരില്ല. താന്‍ കുറ്റക്കാരനെങ്കില്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ ഒന്നാംപ്രതിയാവും. നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രിംകോടതി വിധിക്കു ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നില്‍ തന്നെയും കുറ്റക്കാരനാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നാണു സെന്‍കുമാറിന്റെ ആരോപണം. തനിക്കെതിരേയെടുത്ത എല്ലാ കേസുകളും കോടതി തള്ളിക്കളഞ്ഞതിനാല്‍ അടുത്ത പ്രതികാര നടപടിയാണിതെന്നും സെന്‍കുമാര്‍ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss