|    Oct 15 Mon, 2018 8:52 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഐഎസ്ആര്‍ഒ ചാരക്കഥ ചാരമായപ്പോള്‍

Published : 17th September 2018 | Posted By: kasim kzm

കുഞ്ഞമ്മദ് വാണിമേല്‍

കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാലു പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടുപോവുന്ന പത്രപ്രവര്‍ത്തനകാലത്തെ ശ്രദ്ധേയ അനുഭവം.
‘മറിയം റഷീദ വന്നത് ചാരപ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്നു ജോലി ചെയ്ത ചന്ദ്രിക ദിനപത്രത്തില്‍ അച്ചടിച്ചുവന്ന സമയവും കാലവും തിരിച്ചറിയുമ്പോള്‍ മാത്രമേ ആ വാര്‍ത്തയുടെയും വാര്‍ത്തയിലെ നിലപാടിന്റെയും ഗൗരവം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. വലിയ റിസ്‌ക്കുള്ള നിലപാടുതന്നെയായിരുന്നു അന്നത്. കേരളത്തിലെ മാധ്യമരംഗമാകെ അന്ന് മറ്റൊരു വഴിക്ക് ഒഴുകുകയായിരുന്നു. ചാനലുകള്‍ സജീവമല്ലാത്തതിനാല്‍ പത്രങ്ങളായിരുന്നു ഐഎസ്ആര്‍ഒ ചാരക്കഥ ആഘോഷിച്ചത്. ഒരു കഥ പിന്നെയും കഥ… കഥകള്‍ക്കുമേല്‍ കഥ, എന്നതായിരുന്നു അവസ്ഥ. അത്തരമൊരു ഘട്ടത്തില്‍ വേറിട്ട വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. ”മറിയം റഷീദ വന്നത് ചാരപ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്നു കിട്ടി ഈ വിവരം…” ഇങ്ങനെ കത്തിക്കയറുന്നതിനിടയ്ക്ക് ഒരു കമ്മ്യൂണിസ്റ്റ് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങനെ എഴുതിയത്’ എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശ്ശബ്ദം കേള്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
കെ കരുണാകരന്‍ മുഖ്യമന്ത്രിയായ കാലമായിരുന്നല്ലോ അത്. അദ്ദേഹം ഒരുനാള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വന്‍ ജനാവലിക്കു മുന്നിലെത്തിയപ്പോള്‍ ‘ചാരന്‍, ചാരന്‍’ എന്ന മര്‍മരത്താല്‍ സദസ്സ് പ്രകമ്പനം കൊണ്ടെങ്കില്‍ ചാരക്കഥയ്‌ക്കെതിരേ നിലപാട് സ്വീകരിച്ച വെറുമൊരു പത്രക്കാരന്‍ മാത്രമായ ഈ കുറിപ്പുകാരനും പത്രവും ആ വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നതില്‍ ഒരതിശയത്തിനും വകയില്ലായിരുന്നു. വിമര്‍ശനത്തിനും പരിഹാസത്തിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കാനും അന്നു ചില പത്രങ്ങള്‍ തയ്യാറായി. ചാരക്കേസില്‍ മറിയം റഷീദയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച പത്രങ്ങളുടെ ഓഫിസില്‍ സിബിഐ റെയ്ഡ് നടക്കുമെന്ന വാര്‍ത്ത പരന്നു. ലേഖകന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രചാരണവും അന്നു ചെവിമാറി ചെവിമാറി സഞ്ചരിച്ചു.
മറിയം റഷീദയ്ക്കു വേണ്ടി കേസ് വാദിച്ച തിരുവനന്തപുരത്തെ പ്രസാദ് ഗാന്ധി എന്ന അഭിഭാഷകന്റെ ഓഫിസിനു നേരെ നടന്ന ആക്രമണവും തിരുവനന്തപുരത്തെ ഐഎസ്ആര്‍ഒവിന്റെ ചാര നിറത്തിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതുമൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത മാസ് ഹിസ്റ്റീരിയയുടെ പ്രതിഫലനമായിരുന്നു.
അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാര്‍ത്തയുടെ കാര്യത്തില്‍ അന്ന് അങ്ങനെയൊരു നിലപാടെടുക്കാന്‍ പ്രേരണയായത്. സത്യത്തിന് എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ഉടമയുടെ പിന്തുണ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളില്‍ പ്രഥമസ്ഥാനീയരില്‍ ഒരാളായ പ്രഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയായിരുന്നു അന്നു ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹം ആദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു. ചരിത്ര വായനയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നു. ”ഒരു മാലിക്കാരനോ മാലിക്കാരിയോ ചാര പ്രവര്‍ത്തനം പോലുള്ള ചതിയും വഞ്ചനയും കാട്ടി ഇന്ത്യയെപ്പോലുള്ള ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനാവില്ല”- അതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ചാരക്കഥ വ്യാജമെന്നു പറഞ്ഞതിനെ ആക്രമിച്ചവരും അപഹസിച്ചവരും ഒടുവില്‍ പരിഹാസ്യരാവുന്നത് കേരളം കണ്ടു, കേട്ടു. അസീസ് മൗലവിയായിരുന്നു ശരി; അല്ല, അദ്ദേഹത്തിന്റെ അറിവും ബോധ്യവുമായിരുന്നു ശരി. സത്യത്തിന്റെ സൂചി എല്ലാ കറക്കങ്ങളും കഴിഞ്ഞ് യഥാസ്ഥാനത്ത് വന്നുനില്‍ക്കുന്നു. അതെ, മാധ്യമങ്ങളുടെ ചാരക്കഥ ചാരമായി. ‘..നിഷ മോള്‍ക്ക് ഉടുപ്പും വാങ്ങി മറിയം റഷീദ പോയി’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ കുറിപ്പുകാരന്‍ ആ സംഭവം ചന്ദ്രിക പത്രത്തില്‍ ആഘോഷിച്ചത്. മറിയം റഷീദ കേരളത്തിലേക്കു വരുമ്പോള്‍ അവരുടെ മകള്‍ക്ക് 12 വയസ്സായിരുന്നു. നാലു വര്‍ഷത്തിനുശേഷം ജയില്‍വാസവും പീഡനങ്ങളും കഴിഞ്ഞ് തിരിച്ചുപോവുമ്പോള്‍ നിഷമോള്‍ക്കായി വാങ്ങിയ ഉടുപ്പുമായി ബന്ധപ്പെടുത്തി നല്‍കിയ ആ വാര്‍ത്തയില്‍ അത്രയുംനാള്‍ സ്വീകരിച്ചുപോന്ന നിലപാടുകളത്രയും ചുരുക്കി വിവരിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കനുഭവിച്ച ആഹ്ലാദം അക്ഷരങ്ങളില്‍ ഒതുങ്ങുന്നതല്ല. അതിപ്പോഴും എന്റെ സന്തോഷത്തിന്റെ ഋതുവാണ്; വിജയത്തിന്റെ വസന്തമാണ്.
ഇന്നില്ലാത്ത, ഇന്ത്യാവിഷന്‍ ചാനലില്‍ ‘മാധ്യമപക്ഷ’ത്തെ ക്കുറിച്ച് 2007 ഡിസംബര്‍ 31ന് നടന്ന ഒരു ചര്‍ച്ച ഓര്‍ക്കട്ടെ. മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിക്കവെ, മുന്‍ ടെക്‌നോപാര്‍ക്ക് സിഇഒയും പ്രമുഖ ഐടി വിദഗ്ധനുമായ കെ വിജയരാഘവന്റെ ചോദ്യം, മാധ്യമങ്ങള്‍ ആഘോഷിച്ച ചാരക്കഥ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞപ്പോള്‍ എത്ര മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിച്ചു എന്നായിരുന്നു. ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം ടി എന്‍ ഗോപകുമാറില്‍നിന്നാണ് ആ ചോദ്യത്തിന് അന്നു പ്രതികരണമുണ്ടായത്. നമ്പി നാരായണനെ (ഐഎസ്ആര്‍ഒ ചാരക്കഥയുടെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍. ഈ പീഡനനാളുകളിലെപ്പോഴോ അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മനോനില തെറ്റുകപോലുമുണ്ടായി. ഇന്നദ്ദേഹം കാലത്തിനു മുന്നില്‍ തിളങ്ങിനില്‍ക്കുന്നു) വിളിച്ച് ഞാന്‍ ക്ഷമ ചോദിച്ചിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടിഎന്‍ജിയും അദ്ദേഹത്തിന്റെ ചാനലും അത്രയെങ്കിലും ചെയ്തു; പത്രങ്ങളോ? ചാരക്കഥയുടെ ഗുണഫലം ഏറെ അനുഭവിച്ച രാഷ്ട്രീയക്കാരോ? ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss