|    May 23 Tue, 2017 4:32 pm
FLASH NEWS

ഐഎസ്ആര്‍ഒ ചരിത്രപഥത്തില്‍ വിക്ഷേപണം ഒന്ന്; ദൗത്യം രണ്ട്

Published : 27th September 2016 | Posted By: SMR

ശ്രീഹരിക്കോട്ട: ദൈര്‍ഘ്യമേറിയ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തിലേക്ക് എട്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. കാലാവസ്ഥാ പഠനത്തിനുള്ള സ്‌കാറ്റ്‌സാറ്റ്-1 ഉപഗ്രഹം, അല്‍ജീരിയ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുടെ വാണിജ്യാവശ്യത്തിനുള്ള അഞ്ചു ചെറു ഉപഗ്രഹങ്ങള്‍, ബോംബെ ഐഐടി, ബംഗളൂരു സ്‌പേസ് സര്‍വകലാശാല എന്നിവയുടെ ഓരോ വിദ്യാഭ്യാസ ഉപഗ്രഹങ്ങള്‍ എന്നിവയാണ് ഇന്നലെ വിക്ഷേപിച്ചത്.
പിഎസ്എല്‍വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം 2.15 മണിക്കൂര്‍ നീണ്ടുനിന്നു. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്‌കാറ്റ്‌സാറ്റിനെ 730 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. രാവിലെ 11.25ഓടെ ബാക്കി ഏഴ് ഉപഗ്രഹങ്ങളെയും മറ്റൊരു ഭ്രമണപഥത്തിലും എത്തിച്ചു ചരിത്രം കുറിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്ന് ഇന്നലെ രാവിലെ 9.12നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ നാഴികക്കല്ലാണ് ഇന്നലെ നടന്ന വിക്ഷേപണമെന്ന് ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാര്‍ പറഞ്ഞു. നേരത്തേ നിരവധി വിക്ഷേപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് രണ്ടു ഭ്രമണപഥത്തിലേക്ക് ഒരേസമയം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്.
ഇന്നലെ വിക്ഷേപിച്ച സ്‌കാറ്റ്‌സാറ്റ്-1 എന്ന കാലാവസ്ഥാ പ്രവചനത്തിനും സമുദ്രപഠനത്തിനുമുള്ള ഉപഗ്രഹത്തിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. 377 കിലോഗ്രാമുള്ള ഈ ഉപഗ്രഹത്തിന്റെ നിര്‍മാണത്തിന് 120 കോടി രൂപ ചെലവു വന്നു. നമ്മുടെ ശാസ്ത്രജ്ഞര്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day