|    Apr 27 Fri, 2018 2:38 am
FLASH NEWS

ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയില്ലെന്ന് മഅ്ദനി

Published : 13th July 2016 | Posted By: SMR

കഴക്കൂട്ടം: കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് അപ്രത്യക്ഷരായവര്‍ ഐഎസില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയില്ലെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. രോഗിയായ മാതാവിനെ കാണാന്‍ സുപ്രിം കോടതി കേരളത്തിലെത്താന്‍ അനുവദിച്ച എട്ട് ദിവസത്തിന് ശേഷം ബംഗളൂരുവിലേക്ക് മടങ്ങവേ കഴക്കൂട്ടം അല്‍സാജ് ഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ കേരളത്തിന്റെ മുക്കിലോ മൂലയിലോ ഇതുമായി ബന്ധപ്പെട് എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ അവരെ പൂര്‍ണമായി ഒറ്റപ്പെടുത്തണം. എത്രയും വേഗം ഇക്കാര്യങ്ങളില്‍ വ്യക്തത പൊതുസമൂഹത്തിനു മുന്നില്‍ വെളിവാക്കപ്പെടണം.
കഴിഞ്ഞ ഏതാനം ദിവസങ്ങളായി പത്രമാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഏറേ വേദനാജനകമാണെന്നും ഈ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹവും പണ്ഡിതരും സംഘടനകളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ കഴിഞ്ഞിരുന്ന തനിക്ക് ഒന്നര പതിറ്റാണ്ടിന് ശേഷം ലഭിച്ച സുന്ദരമായ ദിനങ്ങളായിരുന്നു കോടതി അനുവദിച്ച ദിവസങ്ങള്‍. ശാസ്താംകോട്ടയിലെ അന്‍വാര്‍ശ്ശേരി യത്തിംഖാനയില്‍ മക്കളോടും തന്റെ കുടുംബത്തോടൊപ്പവും ഈദ് നമസ്‌ക്കാരം നടത്തുവാനും പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും ഏറ്റവും വലിയ സന്തോഷവും ഭാഗ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ജനത ജാതിഭേത വിത്യാസമില്ലാതെ തന്റെ മോചനത്തിനായി ആഗ്രഹിക്കുന്നു. അധികാര കേന്ദ്രങ്ങള്‍ തന്റെ നിരപരാധിത്വം തിരിച്ചറിയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമ പ്രതിനിധികളുമായി സംസാരിക്കരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്. അതിനാല്‍ അക്കാര്യത്തെ കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കാകില്ലന്നും മഅ്ദനി പറഞ്ഞു. വന്‍ സുരക്ഷാ സംവിധാനത്തോടെ വൈകിട്ട് ഏഴോടെ കഴക്കൂട്ടം അല്‍സാജിലെത്തിയ മഅദനി അത്താഴം കഴിച്ച ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. ഒമ്പതിനുള്ള ഇന്‍ഡിഗോ എയര്‍ലെന്‍സില്‍ ബംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss