|    Dec 15 Fri, 2017 10:13 am
Home   >  Todays Paper  >  Page 4  >  

ഐഎസില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണം; നീതി തേടി യുവാവ്

Published : 17th July 2016 | Posted By: SMR

ആലപ്പുഴ: ദീര്‍ഘകാലത്തെ പഠനത്തിന് ശേഷം ഇസ്‌ലാം മതം സ്വീകരിച്ച യുവാവ് ഐഎസില്‍ ചേര്‍ന്നെന്ന് വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം സംഘപരിവാര മാധ്യമങ്ങളായ ജന്മഭൂമിയും ജനം ടിവി ചാനലും നല്‍കിയ വ്യാജവാര്‍ത്തക്കും നുണ പ്രചാരണങ്ങള്‍ക്കെതിരേ നീതി തേടി പുന്നപ്ര സ്വദേശി മുഹമ്മദ് ബിലാല്‍ അലി(24). ഇസ്‌ലാംമത വിശ്വാസങ്ങളില്‍ ആകൃഷ്ടനായ മകന്‍ ഹരിദേവിനെ കാണാതായെന്ന് കഴിഞ്ഞ നവംബറില്‍ പിതാവ് ദേവദാസ് പുന്നപ്ര പോലിസിലും ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഹരിദേവ് പോലിസ് സ്‌റ്റേഷനിലും കോടതിയിലും സത്യം ബോധിപ്പിച്ചു. വര്‍ഷങ്ങളായി താന്‍ നടത്തിയ പഠനങ്ങളുടെയും വായനയുടെയും അടിസ്ഥാനത്തിലാണ് ഇസ്‌ലാം സ്വീകരിച്ചത്.
കമലാ സുരയ്യയുടേത് ഉള്‍പ്പെടെ പലരുടെയും പുസ്തകങ്ങള്‍ ഇസ്‌ലാമിലേക്ക് വരാന്‍ പ്രചോദനമായി. ഹൈന്ദവാചാര അനുഷ്ഠാനങ്ങളില്‍ നല്ല അവഗാഹമുണ്ടായിരുന്ന താന്‍ കുടുംബക്ഷേത്രത്തിലെ പൂജാരിയായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുപ്രകാരം സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നും മുസ്‌ലിമായി ജീവിക്കാന്‍ കോടതി അനുവാദം നല്‍കി. ഇതിനുശേഷം നാട്ടില്‍ ഇസ്‌ലാമികാചാരപ്രകാരമാണ് ജീവിതം നയിച്ചുവരുന്നത്.
എന്നാല്‍, കാണാതായ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പ്രചാരണം ചൂടുപിടിച്ച ഘട്ടത്തിലാണ് മുഹമ്മദ് ബിലാല്‍ അലിയും ഐഎസില്‍ ചേര്‍ന്നുവെന്ന വ്യാജവാര്‍ത്ത സംഘപരിവാര മാധ്യമങ്ങള്‍ പടച്ചുവിട്ടത്. ഒമ്പതു മാസമായി വിവരമൊന്നുമില്ലാത്ത മകന്‍ ഐഎസില്‍ ചേര്‍ന്നുവെന്ന ആശങ്കയില്‍ പോലിസില്‍ വീണ്ടും പരാതി നല്‍കാന്‍ പിതാവ് ഒരുങ്ങുകയാണെന്ന് വാര്‍ത്തയില്‍ പറയുന്നു.
നാട്ടിലുള്ള താന്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും തേങ്ങ വിറ്റുമാണ് ജീവിതമാര്‍ഗം കണ്ടെത്തുന്നതെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ പിതാവ് ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ പലവട്ടം കണ്ടിട്ടുണ്ട്. എന്നിട്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്തിനെന്ന് അറിയില്ല.
വിവാദം ഉയര്‍ന്നതോടെ തനിച്ച് പുറത്തേിറങ്ങാന്‍ പോലും പേടിയാണെന്നും യുവാവ് പറഞ്ഞു. ബിരുദധാരിയായ ബിലാല്‍ ബിദുദാനന്തര ബിരുദത്തിനു ചേര്‍ന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍മൂലം പഠനം പാതിവഴിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇസ്‌ലാമിക പ്രബോധനത്തിനു സഹായിക്കുന്ന സിനിമയ്ക്കായുള്ള ഒരു തിരക്കഥയും ബിലാല്‍ ഒരുക്കിയിട്ടുണ്ട്. ഐഎസില്‍ ചേര്‍ന്നെന്ന വ്യാജം പ്രചരിപ്പിച്ചു തന്നെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ് യുവാവിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക