|    Feb 24 Fri, 2017 4:33 pm
FLASH NEWS

ഐഎന്‍എസ് വിരാട് ഇനി ചരിത്രത്താളുകളിലേക്ക്

Published : 24th October 2016 | Posted By: SMR

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ കരുത്തിന്റെ പ്രതീകമായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് ഇനി ചരിത്രത്തിന്റെ ഭാഗം. ആറുപതിറ്റാണ്ടോളം നീണ്ട സേവനത്തിനൊടുവില്‍ ഡി കമ്മീഷനിങിനായി വിരാട് ഇന്നലെ കൊച്ചിയില്‍നിന്നു മുംബൈയിലേക്ക് യാത്ര തിരിച്ചു.
ഡി കമ്മീഷനിങിനു മുന്നോടിയായുള്ള അവസാനഘട്ട അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ 28ന് കൊച്ചിയിലെത്തിയ വിരാടിന് വീരോചിത യാത്രയയപ്പാണ് കൊച്ചി നാവിക ആസ്ഥാനത്തു നല്‍കിയത്. രാവിലെ ഏഴിനു ചീഫ് ഓഫ് സ്റ്റാഫ് റിയര്‍ അഡ്മിറല്‍ നട്കര്‍ണി വിടവാങ്ങല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പടക്കപ്പലിന് യാത്ര പറഞ്ഞുകൊണ്ടുള്ള ബാനറുകളുമായാണ് നാവികര്‍ എറണാകുളം വാര്‍ഫില്‍ അണിനിരന്നത്. പ്രൊപ്പല്ലറുകളും എന്‍ജിനുമെല്ലാം അഴിച്ചുമാറ്റിയിരുന്നതിനാല്‍ മൂന്നു ടഗ്‌സ് ബോട്ടുകള്‍ കെട്ടിവലിച്ചാണ് വിരാടിനെ മുംബൈ—ക്കു കൊണ്ടുപോയത്. ഈ മാസം 29ഓടെ വിരാട് മുംബൈയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
29 വര്‍ഷം ഇന്ത്യന്‍ പതാക വഹിച്ചും 27 വര്‍ഷം റോയല്‍ നേവിയുടെ ഭാഗമായും വിരാട് നിലയുറപ്പിച്ചു. 1959 നവംബര്‍ 18ന് ബ്രിട്ടിഷ് റോയല്‍ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് ഐഎന്‍എസ് വിരാട് കമ്മീഷന്‍ ചെയ്യപ്പെട്ടത്. 1984 വരെ റോയല്‍ നാവികസേനയുടെ ഭാഗമായിരുന്ന ഈ വിമാനവാഹിനിക്കപ്പല്‍ 1987ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും പഴയ വിമാനവാഹിനിക്കപ്പലാണ് വിരാട്. 57 വര്‍ഷം പഴക്കമുണ്ട് ഈ ബ്രിട്ടിഷ് നിര്‍മിത കപ്പലിന്.
30 സീഹാരിയര്‍ എയര്‍ക്രാഫ്റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്.ഗിന്നസ് ബുക്കില്‍ ഇടം നേടിയ കപ്പല്‍ 2014-15 വര്‍ഷത്തെ മികച്ച യുദ്ധക്കപ്പലിനുള്ള പുരസ്‌കാരവും നേടിയിരുന്നു. പശ്ചിമ നാവികസേനയുടെ ഭാഗമായി മുംബൈയിലാണ് അവസാനനാളുകളില്‍ വിരാട് പ്രവര്‍ത്തിച്ചിരുന്നത്.  സ്റ്റീം പ്രൊപ്പല്ലര്‍ ഉപയോഗിച്ചിരുന്ന ലോകത്തെ ഏക വിമാനവാഹിനിക്കപ്പലാണ് വിരാട്. ക്യാപ്റ്റന്‍ എം വിനോദ് പാസ്‌റീഷ് ആയിരുന്നു വിരാടിന്റെ ആദ്യ കമാന്‍ഡിങ് ഓഫിസര്‍. ഇരുപത്തേഴ് തവണയാണ് വിരാട് ലോകം ചുറ്റിയത്. 1989ലെ ശ്രീലങ്കന്‍ ദൗത്യമായ ഓപറേഷന്‍ ജൂപിറ്റര്‍, 1999ലെ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട ഓപറേഷന്‍ വിജയ് എന്നീ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കാണ് വിരാട് വഹിച്ചത്.
യുഎസ് നേവിയുമായി ചേര്‍ന്ന് മലബാര്‍, ഫ്രഞ്ച് നേവിയുമായി ചേര്‍ന്ന് വരുണ, ഒമാന്‍ നേവിയുമായി ചേര്‍ന്ന് അല്‍ സബ്ര്‍ തുടങ്ങിയ സംയുക്ത നാവികാഭ്യാസങ്ങളിലും ട്രോപ്പക്‌സ് സൈനികാഭ്യാസത്തിലും ഐഎന്‍എസ് വിരാട് പങ്കെടുത്തിട്ടുണ്ട്. ഈ വര്‍ഷം നടന്ന രാജ്യാന്തര ഫഌറ്റ് റിവ്യൂവിലാണ് ഐഎന്‍എസ് വിരാട് അവസാനമായി ഓപറേഷന്റെ ഭാഗമായത്. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സേന നടത്തിയ ഓപറേഷന്‍ പരാക്രമയിലും വിരാട് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക