|    Sep 20 Thu, 2018 2:02 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധിസമരം പിന്‍വലിച്ചു നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

Published : 10th January 2017 | Posted By: fsq

 

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ നടപടിയുടെ പേരില്‍ സംസ്ഥാനത്ത് ഐഎഎസ് ഓഫിസര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തു സമരം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു. മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് സമരത്തില്‍ നിന്നു പിന്‍മാറി ജോലിയില്‍ പ്രവേശിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്. ഐഎഎസ് ഓഫിസര്‍മാര്‍ സമരം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികളെ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. സമരം സര്‍ക്കാരിനെതിരേയുള്ളതല്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ ഐഎഎസ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ എല്ലാ ന്യായീകരണങ്ങളെയും തള്ളി മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെ സമരത്തില്‍ നിന്നു പിന്മാറാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനും സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. അതിനിടെ, കൂടിക്കാഴ്ചയ്‌ക്കെത്തിയ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിച്ചതായും വിവരമുണ്ട്. ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയിലാണ് ഉദ്യോഗസ്ഥര്‍ സമരത്തിനിറങ്ങാനെടുത്ത തീരുമാനത്തെ വിമര്‍ശിച്ചത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎഎസ് ഓഫിസര്‍മാര്‍ യോഗം ചേര്‍ന്ന് ഒരു സമരരൂപം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനെ സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നത്. സമരം ഏതെങ്കിലും രീതിയില്‍ പ്രഖ്യാപിച്ചു സര്‍ക്കാരിനെ വരുതിയിലാക്കാമെന്നു കരുതേണ്ട. ഭരണസിരാകേന്ദ്രത്തിലെ പ്രധാനികള്‍ സമരത്തിനായി മുന്നിട്ടിറങ്ങുന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സമരപ്രഖ്യാപനത്തിനിടയാക്കിയ പ്രശ്‌നം വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടതാണ്. അന്വേഷണത്തില്‍ ഇടപെട്ട് സര്‍ക്കാര്‍ ഏതെങ്കിലും വിധത്തില്‍ അതിനെ സ്വാധീനിക്കാന്‍ ശ്രമിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കണമെന്നാണ് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഐഎഎസ് ഓഫിസര്‍മാര്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഇതാദ്യമായിട്ടല്ല സംസ്ഥാനത്ത് നടക്കുന്നത്. അത്തരം നടപടികളുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനും ഉണ്ടായിട്ടുണ്ട്. അന്വേഷണ നടപടിയെ വൈകാരികമായി കാണേണ്ടതില്ല. എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്. ഇതിനെതിരേ ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു സമരം ചെയ്യാന്‍ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധു നിയമനവിവാദത്തില്‍ ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് കേസില്‍ മൂന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെയാണ്. ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇടഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തെ 150ഓളം ഐഎഎസ് ഉദ്യോഗസ്ഥരില്‍ 45 പേര്‍ അവധി അപേക്ഷ നല്‍കുകയും ചെയ്തു. ഇതോടെ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പ്രതിപക്ഷവും രംഗത്തെത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തേ, തൊഴില്‍ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ടോം ജോസിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വേളയിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ പരാതിയുമായി ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു. തുടര്‍ന്ന് ഐഎഎസ്-ഐപിഎസ് തലപ്പത്ത് ചേരിതിരിവും രൂക്ഷമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss