|    Oct 17 Wed, 2018 4:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരില്‍ ഭരണം സ്തംഭിച്ചു: ചെന്നിത്തല

Published : 11th January 2017 | Posted By: fsq

 

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരി ല്‍ സംസ്ഥാനത്തെ ഭരണം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒക്ടോബറി ല്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ശീതസമരം അങ്ങേയറ്റം വഷളായിരിക്കുകയാണ്. ഭരണസ്തംഭനത്തെ തുടര്‍ന്ന് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാ ന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ പരസ്യവിഴുപ്പലക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാഴ്ചക്കാരനായിരുന്നു. ഗാലറിയിലിരുന്ന് കളികാണുകയായിരുന്നു മുഖ്യമന്ത്രി. ഐഎഎസ് പ്രശ്‌നം ഇത്രയും വഷളാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായിക്കാണ്. ഇത്തരമൊരു സാഹചര്യം കേരളത്തിന് അപമാനമാണ്. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള കാലഘട്ടം പരിശോധിച്ചാല്‍ കേരളചരിത്രത്തില്‍ ഇന്നുവരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇതുപോലെ കൊമ്പുകോര്‍ക്കുന്ന സ്ഥിതിയുണ്ടായിട്ടില്ല. മുമ്പും ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, അവയൊക്കെ സമയോചിത ഇടപെടല്‍കൊണ്ട് പരിഹരിച്ചിരുന്നു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടാവുന്നില്ല. അതുകൊണ്ടാണ് അവര്‍ പ്രതിഷേധിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരെ ഇത്തരം പ്രതിഷേധത്തിലേക്ക് തള്ളിവിട്ടതും മുഖ്യമന്ത്രിയാണ്. ഉദ്യോഗസ്ഥരുടെ തമ്മില്‍ത്തല്ല് മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടും മുഖ്യമന്ത്രി ഇടപെടുന്നില്ല. പകരം ഭീഷണിപ്പെടുത്തുകയാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍സംവിധാനത്തെ ഉപയോഗിക്കുകയാണ് ഉദ്യോഗസ്ഥര്‍. തമ്മിലടിയില്‍ വലയുന്നത് പൊതുജനമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം ഫയലുകള്‍ കെട്ടിക്കിടക്കുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് കൊണ്ടുവരുന്നതിനെതിരേ സെക്രട്ടേറിയറ്റിലെ മറ്റു ജീവനക്കാരും മെല്ലെപ്പോക്ക് സമരത്തിലാണ്. എകെജി സെന്ററിലല്ല, സെക്രട്ടേറിയറ്റിലാണ് ഇരിക്കുന്നതെന്ന ബോധം മുഖ്യമന്ത്രിക്കു വേണം. ഭരണത്തെ നിയന്ത്രിക്കാനും ഉദ്യോഗസ്ഥരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഈ വിഷയത്തില്‍ പ്രതിപക്ഷം പക്ഷംപിടിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കേരളജനതയുടെ അന്നംമുട്ടിച്ചു. റേഷന്‍ മുന്‍ഗണനാ ലിസ്റ്റ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ രാഷ്ട്രീയപ്രസ്താവനകളല്ലാതെ ഒന്നും നടക്കുന്നില്ല. സി ദിവാകരനോട് ചോദിച്ചെങ്കിലും അദ്ദേഹം കാര്യങ്ങള്‍ പഠിക്കണമെന്നു ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss