|    Nov 19 Sun, 2017 11:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ അപമാനിച്ച സംഭവം : ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

Published : 10th August 2017 | Posted By: fsq

ന്യൂഡല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെ നടുറോഡില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ ഹരിയാന സംസ്ഥാന ബിജെപി അധ്യക്ഷന്റെ മകന്‍ പോലിസില്‍ കീഴടങ്ങി. സുഭാഷ് ഭരാലയുടെ മകന്‍ വികാസ് ഭരാലയ്ക്ക് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പോലിസ് നിര്‍ദേശം നല്‍കിയിരുന്നു. വികാസും സുഹൃത്ത് ആശിഷ് കുമാറും ചേര്‍ന്ന് യുവതിയെ കാറില്‍ പിന്തുടര്‍ന്ന് അപമാനിച്ചുവെന്നാണ് കേസ്. നഗരത്തിലെ സെക്ടര്‍ 26 പോലിസ് സ്റ്റേഷനില്‍ ഹാജരായ പ്രതികളെ ചോദ്യം ചെയ്ത പോലിസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നലെ രാവിലെ 11.30ഓടെ ഹാജരാവാനായിരുന്നു പോലിസ് സമന്‍സ് അയച്ചിരുന്നത്. എന്നാല്‍, ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെള്ള സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തില്‍ പ്രതികള്‍ സ്റ്റേഷനിലെത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ മറ്റൊരു കാറില്‍ വികാസും സുഹൃത്തും പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വികാസ് ഭരാലയെയും സുഹൃത്തിനെയും ചോദ്യംചെയ്തതായി ചണ്ഡീഗഡ് ഡിജിപി തജേന്ദര്‍ സിങ് ലുഥ്‌റ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതിന് ഐപിസി 365, 511 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്ന് കോടതി മുമ്പാകെ ഹാജരാക്കുന്ന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ആവശ്യപ്പെടുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.  ചോദ്യം ചെയ്യലില്‍  സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംഭവം പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപോര്‍ട്ട് തേടിയിരുന്നു.ചണ്ഡീഗഡ് പോലിസ് രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഡിജിപി നിഷേധിച്ചു. തങ്ങള്‍ക്കു മേല്‍ രാഷ്ട്രീയസമ്മര്‍ദമില്ലെന്നും തങ്ങള്‍ സ്വതന്ത്രവും നിഷ്പക്ഷവുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക