|    Feb 26 Sun, 2017 11:11 pm
FLASH NEWS

ഐഎംഎ പ്ലാന്റ് :ജനരോഷം ശക്തം; വിഎസ് രംഗത്ത്

Published : 5th November 2016 | Posted By: mi.ptk

_image-plant

കെ സനൂപ്

പാലക്കാട്: ഇന്ത്യന്‍ മെഡിക്ക ല്‍ അസോസിയേഷന്റെ സംസ്ഥാനത്തെ ഏക ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രമായ മലമ്പുഴ മാന്തുരുത്തിയിലെ ഇമേജ് പ്ലാന്റിനെതിരേ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സിപിഎം പ്രാദേശിക നേതൃത്വത്തെ തള്ളിയാണ് ഇമേജിനെതിരേ മലമ്പുഴ എംഎല്‍എകൂടിയായ വിഎസ് രംഗത്തെത്തിയത്. ജനരോഷം ശക്തമായതോടെ പ്ലാന്റ് പ്രദേശത്ത് വന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെന്ന് വ്യാഴാഴ്ച വിഎസ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചു. പ്രാഥമികാന്വേഷണത്തില്‍ ഇമേജ് (ഐഎംഎ ഗോസ് ഇക്കോ ഫ്രണ്ട്‌ലി) പ്ലാന്റ് പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന റിപോര്‍ട്ടാണ് ലഭിച്ചതെന്നും വിശദമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മാന്തുരുത്തിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഎംഎയുടെ ഇമേജ് പ്ലാന്റ് വന്‍ പാരിസ്ഥിതിക-ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം സ്ഥലം സന്ദര്‍ശിച്ച വിഎസിന് ബോധ്യപ്പെട്ടിരുന്നു. പ്ലാന്റ് അടച്ചുപൂട്ടാനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ സ്വീകരിക്കണമെന്നും അന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിഎസിന്റെ വാദം തള്ളിയ സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റി ഇമേജ് പ്ലാന്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ അടച്ചുപൂട്ടേണ്ടതില്ലെന്നും നിലപാടെടുക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെയാണ് വിഎസ് പ്രസ്താവന നടത്തിയതെന്നും അത് അച്ചടക്കലംഘനമാണെന്നുമാണ് സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ പ്രതികരിച്ചത്. പ്ലാന്റ് സന്ദര്‍ശിച്ചത് പുതുശ്ശേരി ഏരിയാ കമ്മിറ്റിയുടെ അറിവോടെയല്ലെന്നും പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടില്‍നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിച്ച വിഎസിനെതിരേ സംസ്ഥാന കമ്മിറ്റി നടപടിയെടുക്കണമെന്നും പ്രമേയത്തിലൂടെ സിപിഎം ഏരിയാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിപിഎം പ്രാദേശിക നേതൃത്വം സ്വീകരിച്ച ഈ ജനവിരുദ്ധ നിലപാടിനെതിരേ ശക്തമായി മുന്നോട്ടുപോവുന്ന രീതിയാണ് വിഎസ് പിന്നീട് സ്വീകരിച്ചത്. നിയമസഭയില്‍ സബ്മിഷനായി പ്രശ്‌നം ഉന്നയിച്ചതോടെ പ്ലാന്റിനെ ചൊല്ലി സിപിഎം പ്രാദേശികനേതൃത്വവുമായി നിലനില്‍ക്കുന്ന ഭിന്നത കുറച്ചുകൂടി വ്യക്തമായിരിക്കയാണ്. 2003ലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പുതുശ്ശേരി പഞ്ചായത്തില്‍ 21 ഏക്കറില്‍ ഇമേജ് പ്ലാന്റ് സ്ഥാപിക്കുന്നത്. പരിസ്ഥിതി സൗഹൃദമായാണ് ഇമേജ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഐഎംഎ അവകാശപ്പെടുന്നു. എന്നാല്‍, പരിസരവാസികള്‍ക്കും മലമ്പുഴ ഡാമിനെ ആശ്രയിക്കുന്നവര്‍ക്കും വന്‍ ആരോഗ്യപ്രശ്‌നങ്ങളാണ് 13 വര്‍ഷത്തിനുള്ളില്‍ പ്ലാ ന്റ് വരുത്തിവച്ചത്. 27 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ മാത്രേമ പ്ലാന്റിന് ശേഷിയുള്ളൂവെങ്കിലും പ്രതിദിനം 8,423 ടണ്‍ ആശുപത്രി മാലിന്യമാണ് ഇവിടെ കുന്നുകൂടുന്നത്. സംസ്ഥാനത്തെ 4,800 സ്വകാര്യ ആശുപത്രികളില്‍ നിന്നും ലബോറട്ടറികളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടേക്കെത്തുന്നത്. ഇമേജ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും അശാസ്ത്രീയമായ രീതിയിലാണെന്നും മാലിന്യസംസ്‌കരണം നടത്തുന്നത് പരിശീലനം ലഭിച്ചവരല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ വേണുഗോപാലന്‍ ആരോഗ്യവകുപ്പിന് 2014ല്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. പ്ലാന്റിന്റെ ദുരവസ്ഥയെക്കുറിച്ച് പരിസ്ഥിതിപ്രവര്‍ത്തകന്‍ ഡോ. പി എസ് പണിക്കര്‍ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. ചെന്നൈയിലെ ജിജെ മള്‍ട്ടിക്ലൈവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് പ്ലാന്റിന്റെ നടത്തിപ്പു ചുമതല. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഒരു ബെഡ്ഡിന് 13 രൂപ നിരക്കിലാണ് ഐഎംഎ ആശുപത്രികളില്‍നിന്ന് ഈടാക്കുന്നതെങ്കിലും നടത്തിപ്പുകാരായ കമ്പനിക്ക് ലഭിക്കുന്നത് ബെഡ്ഡൊന്നിന് അഞ്ചുരൂപ മാത്രമാണ്. 400ലേറെ തൊഴിലാളികളാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ ചട്ടം. എങ്കിലും അതെല്ലാം കാറ്റില്‍പറത്തിയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ എം ബാലമുരളി തേജസിനോട് പറഞ്ഞു. പ്ലാന്റില്‍നിന്ന് പുറത്തുവിടുന്ന പുക, മലിനജലം എന്നിവയിലൂടെയാണ് പ്രദേശവാസികള്‍ക്ക് പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുന്നത്. പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍(സിറിഞ്ച്, യൂറിന്‍ ബ്ലാഡര്‍) കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി കഴുകി പുതിയ പാക്കറ്റുകളിലാക്കി വീണ്ടും വില്‍പനയ്‌ക്കെത്തിക്കുന്നുവെന്നും പറയുന്നു. ഇമേജ് പ്ലാ ന്റിന്റെ പ്രവര്‍ത്തനം മൂലം മലമ്പുഴ ഡാമിലെ വെള്ളം മലിനമാകുകയും അതുവഴി രോഗികളെ സൃഷ്ടിച്ച് കൂടുതല്‍ ലാഭംകൊയ്യുകയുമാണ് ഐഎംഎ ചെയ്യുന്നതെന്നും ബാലമുരളി ആരോപിച്ചു. അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ഭാരവാഹിയായ ഡോ. സി കെ ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് മറ്റിടങ്ങളിലും ഐഎംഎ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാന്‍ തയ്യാറാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എ വി ജയകൃഷ്ണന്‍, സെക്രട്ടറി ഡോ. സാമുവല്‍ കോശി പറഞ്ഞു.ആരോഗ്യപ്രശ്‌നങ്ങള്‍ മേഖലയില്‍ വ്യാപകമായതോടെയാണ് പ്രദേശവാസികള്‍ പ്ലാന്റിനെതിരേ രംഗത്തെത്തിയത്. ഇവര്‍ പാലക്കാട്ടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിക്കുകയും ശക്തമായ സമരത്തിലേക്ക് നീങ്ങുകയും ചെയ്തതോടെയാണ് വിഎസ് പ്ലാന്റ് സന്ദര്‍ശിച്ചത്. പ്ലാന്റിന്റെ അവസ്ഥ നേരിട്ടുകണ്ട് മനസ്സിലായതോടെയാണ് ഇമേജിനെതിരേ ശക്തമായ നിലപാടുമായി സിപിഎം വാദങ്ങള്‍ തള്ളി നിയമസഭയിലും പുറത്തും  വിഎസ് രംഗത്തെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day