|    Nov 13 Tue, 2018 5:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഐഎംഎയുടെ വിലക്ക്; ഹോമിയോപ്പതി വകുപ്പിലെ സ്‌കാനിങ് യന്ത്രങ്ങള്‍ നിശ്ചലം

Published : 17th December 2015 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: സംസ്ഥാനത്ത് ഹോമിയോപ്പതി വകുപ്പിനു കീഴില്‍ സ്ഥാപിച്ച സ്‌കാനിങ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിലക്ക്. അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ എത്തി സ്‌കാനിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഐഎംഎ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിലക്ക് പിന്‍വലിപ്പിക്കുന്നതിനോ സ്‌കാനിങ് സംവിധാനം പുനസ്ഥാപിക്കുന്നതിനോ കഴിഞ്ഞ പത്തു മാസമായി സര്‍ക്കാര്‍ തലത്തിലും നടപടി ഇല്ല. ആരോഗ്യവകുപ്പു സെക്രട്ടറി ഇടപെട്ടിട്ടുപോലും വിലക്ക് പിന്‍വലിക്കാനോ നിലപാടു മയപ്പെടുത്താനോ ഐഎംഎ തയ്യാറായിട്ടില്ല. ഇതോടെ ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ ലഭിച്ചിരുന്ന പരിശാധനാ സൗകര്യം നഷ്ടപ്പെടുകയാണ്.
ഹോമിയോപ്പതി വകുപ്പിന്റെ നവീകരണ പദ്ധതികളുടെ ഭാഗമായി 2008ലാണ് തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തു. 2009ല്‍ പര്‍ച്ചേസ് കമ്മിറ്റി അംഗീകാരത്തോടെ 39 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടമെന്ന നിലയില്‍ കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ആറ് മെഷീനുകള്‍ സ്ഥാപിക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അതത് ജില്ലകളിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും താല്‍ക്കാലികമായി സോണോളജിസ്റ്റുകളെ നിയമിച്ചാണ് സ്‌കാനിങ് പരിശോധന നടത്തിവന്നത്.
ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 200 രൂപയുമാണ് ഫീസ് ഈടാക്കിയിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ 700 മുതല്‍ 900 രൂപ വരെ ഈടാക്കിക്കൊണ്ടിരിക്കുന്ന പരിശോധനകള്‍ ചുരുങ്ങിയ ചെലവില്‍ സാധ്യമാവുന്നു എന്നതുകൊണ്ടുതന്നെ പദ്ധതി വളരെ വേഗം ജനകീയമാവുകയും ചെയ്തു. ആഴ്ചയില്‍ ഒരു ദിവസം 50 പേര്‍ക്കാണ് ഇവിടങ്ങളില്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കിയിരുന്നത്. എല്ലാ ദിവസവും സ്‌കാനിങ് പരിശോധന വേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ അവസരത്തിലാണ് ഐഎംഎ, അസോസിയേഷനില്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പദ്ധതി അട്ടിമറിച്ചത്.
ഐഎംഎയുടെ നിയമവിരുദ്ധ വിലക്കിനെതിരേ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് പരാതി ലഭിച്ചിട്ടും പരിഹാരം ഉണ്ടായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് കൂട്ട നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നെച്ചുകുളത്തില്‍ മാലിനിക്ക് ജില്ലാ കലക്ടറും ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസറും മറുപടി നല്‍കുകയും ചെയ്തു. ഇതില്‍ വിഷയം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ ഹോമിയോപ്പതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ പിന്നിട്ടിട്ടും സ്‌കാനിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിട്ടില്ല. വന്ധ്യതാനിവാരണം ഉള്‍പ്പെടെ ഹോമിയോപ്പതി വകുപ്പില്‍ ആരംഭിച്ച പുതിയ ക്ലിനിക്കുകളുടെ ചികില്‍സാ പുരോഗതി വിലയിരുത്തലിനെയും വിലക്ക് ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
അലോപ്പതി ഡോക്ടര്‍മാരും ഡയഗ്നോസിസ് സെന്റര്‍ ഉടമകളും തമ്മില്‍ അവിഹിത കച്ചവട താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നടപടിയാണ് ഐഎംഎയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സ്‌കാനിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാവുന്ന ഡയഗ്നോസിസ് സെന്ററുകളില്‍ പലതും അലോപ്പതി ഡോക്ടര്‍മാരുടെ സംയുക്ത സംരംഭങ്ങളാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ചില ഡോക്ടര്‍മാര്‍ക്ക് ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് വലിയ തോതിലുള്ള കമ്മീഷന്‍ ലഭിക്കുന്നതായും പറയപ്പെടുന്നു.
ഇത്തരം സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് ഹോമിയോപ്പതി വകുപ്പിലെ സ്‌കാനിങ് പരിശോധനയ്ക്ക് സംഘടന വിലക്കേര്‍പ്പെടുത്തിയതെന്നും പൊതുജന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏറെ ഗുണംചെയ്യുന്ന ഒരു പദ്ധതിക്ക് ഐഎംഎ വിലക്ക് ഏര്‍പ്പെടുത്തി ഒരു വര്‍ഷം പിന്നിടാറായിട്ടും ചര്‍ച്ചയും പരിഹാരവും ഉണ്ടാകുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss