|    Nov 19 Mon, 2018 12:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഐഎംഎഫ് സഹായം വേണ്ട; ലിറ ശക്തമായി തിരിച്ചുവരുമെന്ന് തുര്‍ക്കി

Published : 18th August 2018 | Posted By: kasim kzm

ആങ്കറ/വാഷിങ്ടണ്‍: നിലവിലെ പ്രതിസന്ധിയില്‍ നിന്നു തുര്‍ക്കി സാമ്പത്തിക മേഖലയെ രക്ഷിക്കാന്‍ അന്താരാഷ്ട്ര നാണയ നിധിയുടെസഹായം ആവശ്യമില്ലെന്നും ലിറ കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും തുര്‍ക്കി ധനകാര്യ മന്ത്രി ബറാത്ത് അല്‍ബൈറക്. ലോകത്തെമ്പാടുമുള്ള നിക്ഷേപകരുമായും സാമ്പത്തിക വിദഗ്ധരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് ഉപരോധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നു തുര്‍ക്കി ലിറയുടെ മൂല്യം ഇടിയുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള നയത—ന്ത്ര പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ബറാത്ത് അല്‍ബൈറകിന്റെ സംവാദം.
നിലവില്‍ ഐഎംഎഫിന്റെ സഹായം തേടാന്‍ പദ്ധതികളില്ല. പകരം വിദേശ രാജ്യങ്ങളില്‍ നിന്നു നേരിട്ടുള്ള നിക്ഷേപം സ്വീകരിക്കും. തുര്‍ക്കിയില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ആങ്കറയില്‍ പ്രസിഡന്റ് ഉര്‍ദുഗാനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് തുര്‍ക്കി മന്ത്രിയുടെ പ്രഖ്യാപനം.
ധനകാര്യ മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ലിറയുടെ വിനിമയ മൂല്യം അല്‍പം ഉയര്‍ന്നു. ഡോളറുമായുള്ള വിനിമയ മൂല്യം കഴിഞ്ഞ ദിവസം 5.75 ആയിരുന്നത് 5.80 ആയി ഉയര്‍ന്നു. യുഎസ് ഉപരോധത്തെ തുടര്‍ന്നുണ്ടായ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജര്‍മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തടവില്‍ കഴിയുന്ന പുരോഹിതനെ വിട്ടയക്കാന്‍ തയ്യാറായില്ലെങ്കില്‍ തുര്‍ക്കിക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ്. തുര്‍ക്കിയുടെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന തരത്തിലുള്ള ശക്തമായ ഉപരോധ നടപടികള്‍ സ്വീകരിക്കാനാണ് കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തില്‍ ട്രഷറി സെക്രട്ടറി സറ്റീവ് നുച്ചിന്‍ ആവശ്യപ്പെട്ടത്. നിരവധി കാബിനറ്റ് മന്ത്രിമാര്‍ക്കെതിരേ തങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തടവില്‍ കഴിയുന്ന അമേരിക്കന്‍ പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രൂന്‍സനെ വിട്ടയക്കാന്‍ തുര്‍ക്കി തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 2016 പട്ടാള അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പരോഹിതനെ തുര്‍ക്കി അറസ്റ്റ് ചെയ്ത്. യുഎസ് ഭീഷണി വകവയ്ക്കാതെ ബ്രൂന്‍സന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്നാണ്, യുഎസ് തുര്‍ക്കിക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss