|    Jan 23 Mon, 2017 10:09 am
FLASH NEWS

ഐഇഡിഎസ്എസ് : നിര്‍ദേശത്തിന് വിരുദ്ധമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം; നടപ്പാക്കുന്നത് ഡിഡിയുടെ ഇഷ്ടം

Published : 29th June 2016 | Posted By: SMR

താമരശ്ശേരി: കേന്ദ്രസര്‍ക്കാര്‍ മാ ര്‍ഗനിര്‍ദേശങ്ങള്‍ക്കും വിദ്യഭ്യാസ മന്ത്രിയുടെ ഉത്തരവിനും വിരുദ്ധമായി ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ ഫോര്‍ ഡിസേബി ള്‍ഡ് അറ്റ് സെക്കന്‍ഡറി സ്‌റ്റേജ് പദ്ധതിയില്‍ (ഐഇഡിഎസ്എസ്) നടപ്പാക്കുന്നത് ഡെപ്യൂട്ടി ഡയറക്ടറുടെ ഇഷ്ടമെന്ന ആരോപണം ശക്തം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഐഇഡി ഡെപ്യൂട്ടി ഡയറക്ടരാണ് സ്വന്തം താല്‍പര്യങ്ങള്‍ ഐഇഡിഎസ്എസ് പദ്ധതിയില്‍ നടപ്പാക്കുന്നത്.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 11 വിഭാഗങ്ങളിലുള്ള ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പഠന പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 32,000 കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ 717 റിസോഴ്‌സ് അധ്യാപകരാണ് കരാറടിസ്ഥാനത്തില്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എംഎച്ച്ആര്‍ഡി) മാര്‍ഗനിര്‍ദേശമനുസരിച്ച് നടപ്പാക്കേണ്ട പദ്ധതിയാണ് സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുന്നത്.
എംഎച്ച്ആര്‍ഡി മാര്‍ഗരേഖപ്രകാരം അഞ്ച് ഭിന്നശേഷി കുട്ടികളുണ്ടെങ്കില്‍ ഒരു സ്‌കൂളില്‍ റിസോഴ്‌സ് അധ്യാപകനെ നിയമിക്കാം. കുട്ടികളുടെ എണ്ണം അഞ്ചി ല്‍ താഴെയെങ്കില്‍ രണ്ട് സ്‌ക്കൂളുകളിലായി ക്ലബ്ബ് ചെയ്ത് നിയമിക്കാമെന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ഒരു അധ്യാപകന് എട്ട് കുട്ടികള്‍ വേണമെന്നാണ് ഡിഡിയുടെ പുതിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്. ഇതനുസരിച്ച് ഒരു സ്‌കൂളില്‍ അഞ്ചും രണ്ടാമത്തെ സ്‌കൂളില്‍ മൂന്നും കുട്ടികള്‍ വേണം. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന് 9, 10 ക്ലാസുകളിലെ ഭിന്നശേഷി കുട്ടികളുടെ എണ്ണം മാത്രമേ പരിഗണിക്കൂവെന്ന് സര്‍ക്കുലര്‍ പറയുന്നു.
ബുദ്ധിപരമായ വെല്ലുവിളി, മാനസികാരോഗ്യം ഇല്ലായ്മ, ശ്രവണ വൈകല്യം, അന്ധത, ഓട്ടിസം, സുഖപ്പെട്ട കുഷ്ഠരോഗം എന്നീ വിഭാഗങ്ങളെയാണ് അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശാരീരിക വൈകല്യം, സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള പ്രയാസങ്ങളനുഭവിക്കുന്ന കുട്ടികള്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.അതേസമയം, ചലന പരിമിതിയുള്ള കുട്ടികളുള്ള സ്‌കൂളുകളില്‍ പദ്ധതിക്ക് കീഴില്‍ അറ്റന്‍ഡര്‍മാരെ നിയമിക്കുന്നുണ്ട്. ഇതിനായി ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷി കുട്ടികളുടെ എണ്ണമാണ് കണക്കാക്കുന്നത്.
കഴിഞ്ഞ വര്‍ഷം രണ്ട് സ്‌കൂളുകളിലായി പത്ത് കുട്ടികള്‍ വേണമെന്ന് ഡിഡി നിര്‍ദേശിച്ചെങ്കിലും 5 കുട്ടികള്‍ മതിയെന്ന് ഡിപിഐ ഉത്തരവിറക്കുകയായിരുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതത്തിന്റെ പേരില്‍ റിസോഴ്‌സ് അധ്യാപകരെ യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥലം മാറ്റാനുള്ള ശ്രമമെന്നാണ് ആക്ഷേപം. ഈ അധ്യാപകരെ 2015-16 വര്‍ഷം ജോലി ചെയ്ത സ്‌കൂളുകളില്‍ നിലനിര്‍ത്തണമെന്ന് ജൂണ്‍ ഏഴിന് വിദ്യാഭ്യാസ മന്ത്രി ഒപ്പ് വച്ച പുനര്‍നിയമന ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിയുടെ ഉത്തരവ് ലംഘിച്ച് എറണാകുളത്തും പത്തനംതിട്ടയിലും സ്ഥലംമാറ്റല്‍ നടന്നതായി അധ്യാപകര്‍ പറഞ്ഞു. 2004 മുതല്‍ ഒരേ തസ്തികയില്‍ ഇരിക്കുന്ന ഡിഡിയെ സര്‍ക്കാര്‍ എത്രയും വേഗം സ്ഥലം മാറ്റണമെന്നും സംസ്ഥാന റിസോഴ്‌സ് അധ്യാപകര്‍ ആവശ്യപ്പെടുന്നു.
നീതി കാത്ത് ഭിന്നശേഷി കുട്ടിയുടെ അമ്മ
താമരശ്ശേരി: വീടിനു സമീപത്തെ സ്‌കൂളില്‍ ഒഴിവുണ്ടായിട്ടും 70 കി.മീ സഞ്ചരിച്ച് വേണം റിസോഴ്‌സ് അധ്യാപികയായ കെ ബി തന്‍സീലയ്ക്ക് ജോലിക്കായി വിദ്യാലയത്തിലെത്താന്‍. 90 ശതമാനം ശ്രവണ വൈകല്യമുള്ള കുട്ടിയുടെ അമ്മയാണിവര്‍. രണ്ടര വര്‍ഷത്തിനിടെ എട്ട് തവണ സ്ഥലമാറ്റത്തിന് അപേക്ഷിച്ചിട്ടും ഐഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ കനിയാത്തതിനാല്‍ ആലപ്പുഴ വയലാര്‍ സ്വദേശിയായ തന്‍സീലയുടെ ദുരിതം തുടരുകയാണ്.
ഏറ്റവും ഒടുവില്‍ ജൂണ്‍ 20ന് സ്ഥലംമാറ്റത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് ഇവര്‍ പരാതി നല്‍കി. തന്‍സീല ആവശ്യപ്പെട്ട സ്‌കൂളിലേക്ക് സ്ഥലംമാറ്റം നല്‍കാന്‍ മന്ത്രി അടിയന്തര നിര്‍ദേശം നല്‍കിയെങ്കിലും ഇപ്പോഴും ഫയല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലാണുള്ളതത്രേ. റിസോഴ്‌സ് അധ്യാപക നിയമനത്തിന് ഭിന്നശേഷിയുള്ള കുട്ടികള്‍ വേണമെങ്കിലും ഈ സ്‌കൂളുകളില്‍ ഈ വിഭാഗം കുട്ടികളില്ലെന്ന് തന്‍സീല പറഞ്ഞു. തന്റെ അപേക്ഷ നിലനില്‍ക്കെ കഴിഞ്ഞ വര്‍ഷം കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് ആലപ്പുഴയിലേക്ക് റിസോഴ്‌സ് അധ്യാപകര്‍ക്ക് സ്ഥലമാറ്റം നല്‍കിയതായും ഇവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക