|    Apr 27 Thu, 2017 10:44 am
FLASH NEWS

ഐആര്‍എഫ് നിരോധനം കടന്നാക്രമണം: സാക്കിര്‍ നായിക്

Published : 26th November 2016 | Posted By: SMR

ZAKIR_NAIK

മുംബൈ: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) നിരോധിച്ചത് മുസ്‌ലിംകള്‍ക്കും സമാധാനത്തിനും ജനാധിപത്യ നീതിന്യായ വ്യവസ്ഥയ്ക്കും എതിരായ കടന്നാക്രമണമാണെന്ന് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്. വിദേശത്തു നിന്നെഴുതിയ തുറന്ന കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ നായിക് പ്രതിഷേധിച്ചത്. നോട്ട് നിരോധനത്തെതുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭം നടക്കുന്ന സമയത്താണ് തന്റെ സംഘടനയ്‌ക്കെതിരേ നടപടിയെടുത്തത്. ഇത് പ്രതിഷേധം ഒഴിവാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
നിരോധനം പിന്‍വലിക്കാന്‍ നിയമനടപടി സ്വീകരിക്കും. മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ നിയമവ്യവസ്ഥ പരാജയപ്പെടുത്തും. അന്വേഷണം നടക്കുന്നതിനും റിപോര്‍ട്ട് ലഭിക്കുന്നതിനും മുമ്പുതന്നെ സംഘടനയെ നിരോധിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. മുസ്‌ലിം സംഘടനയായതുകൊണ്ടോ മറ്റു കാരണങ്ങളാലോ ഐആര്‍എഫിനെ നിരോധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി നിയമമനുസരിച്ച് മാത്രം നടത്തിയ തന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത് നിര്‍ഭാഗ്യകരമാണ്. രാജ്യമെങ്ങും പണത്തിനു വേണ്ടി അലയുമ്പോള്‍ ഐആര്‍എഫിനു മേലുള്ള നിരോധനം മാധ്യമങ്ങള്‍ ശ്രദ്ധിക്കാതെ പോയതില്‍ അദ്ഭുതമില്ല- കത്തില്‍ നായിക് ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ രാജേശ്വര്‍ സിങ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി തുടങ്ങിയവരെ പോലുള്ളവര്‍ക്ക് യുഎപിഎ ബാധകമാവാത്തതെന്തുകൊണ്ടാണ്? അവര്‍ക്കെതിരേ നിയമനടപടികള്‍ എടുത്തില്ലെന്നു മാത്രമല്ല, അവരുടെ പ്രസംഗങ്ങള്‍ അപലപിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യുഎപിഎ നിയമം മുസ്‌ലിംകള്‍ക്കെതിരേ മാത്രം ചുമത്താനുള്ളതാണോ? ന്യൂനപക്ഷങ്ങളെ നിശ്ശബ്ദരാക്കുന്നതിനു വേണ്ടി മാത്രമാണോ ഈ നിയമം ഉപയോഗിക്കുന്നത്?- അദ്ദേഹം ചോദിച്ചു.
ഇതു തനിക്കെതിരേ മാത്രമുള്ള നടപടിയല്ല. താന്‍ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നടപടിയാണ്. ഇതു സമാധാനത്തിനും ജനാധിപത്യത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം ആരോപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day