|    Oct 17 Wed, 2018 3:14 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഏഷ്യാനെറ്റ് ഓഫിസിനു നേരെ നടന്ന ആക്രമണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ; അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ നിര്‍ദേശം ; പ്രതിഷേധവുമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍

Published : 22nd September 2017 | Posted By: fsq

 

തിരുവനന്തപുരം: ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികളെ പിടികൂടാന്‍ ഊര്‍ജിതമായ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ അറിയിച്ചു. അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫിസിനു നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉന്നതതലത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ഈ ആക്രമണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അക്രമം നടത്തിയവര്‍ ജനാധിപത്യവിരോധികളാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു. മടിയില്‍ കനമുള്ളവരാണ് മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ അക്രമത്തിന്റെ വഴി തേടുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്ന ചാനലെന്ന നിലയ്ക്ക് ഈ അക്രമത്തിനു പിന്നിലെ മന്ത്രിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണം. ഭരണസ്വാധീനത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാനുള്ള ജാഗ്രത മാധ്യമങ്ങളും പൊതുജനങ്ങളും കാണിക്കണം. ഭീഷണിക്കു വഴങ്ങാതെ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാന്‍ ഏഷ്യാനെറ്റിനു ധാര്‍മിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഭയപ്പെടുത്തി നിശ്ശബ്ദരാക്കുക എന്നതാണ് അക്രമികളുടെ ലക്ഷ്യം. ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് നിസ്സംശയം കരുതാം. ദേശീയതലത്തില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഈ ഫാഷിസ്റ്റ് ശൈലി കേരളത്തിലും നടപ്പാക്കുന്നുവെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ കെപിസിസി പ്രസിഡന്റ് എം എം ഹസനും അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണത്തെ അടിച്ചമര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹസന്‍ കുറ്റപ്പെടുത്തി. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലിസ് തയ്യാറാവണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.ഓഫിസിനു നേരെ നടന്ന ആക്രമണത്തിലും ഓഫിസ് വക കാര്‍ അടിച്ചുതകര്‍ത്തതിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതിഷേധിച്ചു. ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. പത്രസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്. കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും കാനം ആവശ്യപ്പെട്ടു.ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫിസിനു നേരെ നടന്ന ആക്രമണം അപലപനീയവും കേരള സമൂഹത്തിനു കളങ്കവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള സാഹചര്യം ഭരണകൂടം ഉറപ്പാക്കണമെന്നും മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss