|    Mar 30 Thu, 2017 12:39 am
FLASH NEWS

ഏഷ്യന്‍ ധമാക്ക; ഏഷ്യാ കപ്പ് ക്രിക്കറ്റിന് ഇന്നു ബംഗ്ലാദേശില്‍ തുടക്കം

Published : 24th February 2016 | Posted By: swapna en

ധക്ക: അടുത്ത മാസം ഇന്ത്യയി ല്‍ അരങ്ങേറുന്ന ഐസിസി ട്വ ന്റി ക്രിക്കറ്റ് ലോകകപ്പിനുള്ള റിഹേഴ്‌സലായി ഏഷ്യന്‍ ടീമുകള്‍ കണക്കാക്കുന്ന ഏഷ്യാ കപ്പിന് ഇന്നു ബംഗ്ലാദേശില്‍ തുടക്കം. ചരിത്രത്തിലാദ്യമായി ട്വന്റി ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നത്. ആതിഥേയരായ ബംഗ്ലാദേശിനെക്കൂടാതെ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ എന്നിവരും യോഗ്യതാറൗണ്ട് കടന്നെത്തിയ യുഎഇയുമാണ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. അഞ്ചു ടീമുകളും ഒരു പൂളി ല്‍ തന്നെയാണ്. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് അടുത്ത മാസം ആറിന് ധക്കയിലെ ഷേര്‍ ബംഗ്ലാ ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കലാശക്കളിയില്‍ മുഖാമുഖം വരിക. മുഴുവന്‍ മല്‍സരങ്ങളും ഇന്ത്യന്‍ സമയം രാത്രി 7നാണ് ആരംഭിക്കുന്നത്.ഇന്നു നടക്കുന്ന ഉദ്ഘാടനമല്‍സരത്തില്‍ ടീം ഇന്ത്യ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കും. അവസാനമായി കളിച്ച രണ്ടു ട്വന്റി പരമ്പരകളും കൈക്കലാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കടുവ വേട്ടയ്ക്കിറങ്ങുന്ന ത്. ആസ്‌ത്രേലിയയെ അവരുടെ മണ്ണില്‍ 3-0ന് വൈറ്റ് വാഷ് ചെ യ്ത ഇന്ത്യ നാട്ടില്‍ ശ്രീലങ്കയെയും 2-1ന് തകര്‍ത്തുവിട്ടിരുന്നു. അട്ടിമറിക്കു പേരുകേട്ട ബംഗ്ലാദേശിനെ അവരുടെ മണ്ണില്‍ മുട്ടുകുത്തിക്കണമെങ്കില്‍ ഇന്ത്യക്കു മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും. അവസാനമായി ബംഗ്ലാദേശില്‍ ഏകദിന പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ അപ്രതീക്ഷിത പരാജയമേറ്റുവാങ്ങിയിരുന്നു. അതിനു കണക്കു ചോദിക്കാനുള്ള അവസരം കൂടിയാണ് നീലപ്പടയ്ക്കു ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം കളിച്ച ആറു ട്വ ന്റികളില്‍ അഞ്ചിലും ജയിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. ഓസീസിനെതിരേ മൂന്നും ശ്രീലങ്കയ്‌ക്കെതിരേ രണ്ടും ട്വന്റികളിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.പരിക്കുമൂലം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇന്ന് കളിക്കുമോയെന്നതാണ് ഇന്ത്യയെ അലട്ടുന്ന ഏക ഘടകം. ധോണി പുറത്തിരിക്കുകയാണെങ്കില്‍ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായിരിക്കും ടീമിനെ നയിക്കുക. തിങ്കളാഴ്ച പരിശീലനം നടത്തുന്നതിനിടെയാണ് ധോണിക്കു പേശീവലിവുണ്ടായത്. താരം ഇന്നു കളിക്കുമോയെന്ന കാര്യം മല്‍സരത്തിനു മുമ്പ് മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. ധോണിയുടെ പകരക്കാരനായി വി ക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിനെ കഴിഞ്ഞ ദിവസം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യയെ തരിപ്പണമാക്കി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ തന്നെയാവും ഇന്ത്യക്ക് ഇന്ന് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുക. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്നതിനാല്‍ ടീമിലുള്ള 15 കളിക്കാര്‍ക്കും അവസരം ന ല്‍കാന്‍ പരമാവധി ശ്രമിക്കുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് ധോണി വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീം: മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഹര്‍ദ്ദിക് പാണ്ഡ്യ, ആശിഷ് നെഹ്‌റ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, അജിന്‍ക്യ രഹാനെ, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, പവന്‍ നേഗി, പാര്‍ഥിവ് പട്ടേല്‍.ബംഗ്ലാദേശ് ടീം: മശ്‌റഫെ മുര്‍ത്തസ (ക്യാപ്റ്റന്‍), ഇംറുല്‍ ഖയസ്, നൂറുല്‍ ഹുസയ്ന്‍, സൗമ്യ സര്‍ക്കാര്‍, നാസിര്‍ ഹുസയ് ന്‍, ശബീര്‍ റഹ്മാന്‍, മഹ്മുദുല്ല, മുശ്ഫിഖുര്‍ റഹീം, സാക്വിബു ല്‍ ഹസന്‍, അല്‍ അമീന്‍ ഹുസയ്ന്‍, ടസ്‌കിന്‍ അഹ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, അബു ഹൈദര്‍, മുഹമ്മദ് മിഥുന്‍, അറാഫത്ത് സണ്ണി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day