|    Mar 26 Sun, 2017 11:12 am
FLASH NEWS

ഏവര്‍ക്കും നന്ദി ചൊല്ലി ഉമ്മന്‍ചാണ്ടി പടിയിറങ്ങി

Published : 21st May 2016 | Posted By: sdq

oommen chandy

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: അഞ്ചുവര്‍ഷം കേരളത്തിന്റെ ഭരണചക്രം ചലിപ്പിച്ച ഉമ്മന്‍ചാണ്ടി ഏവര്‍ക്കും നന്ദിചൊല്ലി പടിയിറങ്ങി. സ്‌നേഹിച്ച ജനങ്ങള്‍ക്കും പിന്തുണനല്‍കിയ പാര്‍ട്ടിക്കും മുന്നണിക്കും ജീവനക്കാര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. രാവിലെ 10.30ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് രാജിക്കത്ത് കൈമാറി.

ഗവര്‍ണറുടെ അഭ്യര്‍ഥനപ്രകാരം പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുന്നതുവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരും. പുറത്തേക്കു വരുമ്പോള്‍ പ്രതികരണത്തിനായി മാധ്യമങ്ങള്‍ തിരക്കുകൂട്ടി. ”ഇനി എന്റെ കൈയില്‍ ഒന്നുമില്ല. ഉണ്ടായിരുന്ന അധികാരമൊഴിയാന്‍ രാജിക്കത്ത് കൊടുത്തു. സെക്രട്ടേറിയറ്റിലെത്തി ഓഫിസ് സ്റ്റാഫിനെ പിരിച്ചുവിടണം. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരെ കാണണം. വൈകി ജീവനക്കാരുടെ ചടങ്ങില്‍ പങ്കെടുക്കണം- പതിവു ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു. മുന്നണിക്കുണ്ടായ തോല്‍വിയെക്കുറിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങളുണ്ടായി. എല്ലാത്തിനും കൃത്യമായ വിശദീകരണവും നല്‍കി. 11 മണിയോടെ ഉമ്മന്‍ചാണ്ടി സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസിലെത്തി.
ഓഫിസ് ജീവനക്കാരോടു പടിയിറക്കത്തിനുള്ള ഒരുക്കങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഇന്നുതന്നെ ക്ലിഫ്ഹൗസില്‍ നിന്നു ജഗതിയിലുള്ള ‘പുതുപ്പള്ളി’ വീട്ടിലേക്കു താമസംമാറുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ ഒപ്പമുള്ളവരെ ഓര്‍മിപ്പിച്ചു. ഓഫിസിലിരുന്ന ഓരോ മിനിറ്റിലും ഉമ്മന്‍ചാണ്ടിയുടെ ഫോണിലേക്ക് വിളി വന്നുകൊണ്ടേയിരുന്നു. എല്ലാ കോളുകളും സ്വീകരിച്ച് അതിനെല്ലാം മറുപടിനല്‍കി. ഓഫിസിന്റെ പ്രവര്‍ത്തനവും പതിവുപോലെ. പക്ഷേ, ആള്‍ക്കൂട്ടമില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ചിലരെല്ലാം കാണാനെത്തി. പിന്നെ കോണ്‍ഫറന്‍സ് ഹാളില്‍ അവസാന വാര്‍ത്താസമ്മേളനം.
പുതിയ സര്‍ക്കാരിനു ക്രിയാത്മകമായ പിന്തുണയും സഹകരണവും നല്‍കുമെന്നു രാജിവച്ചശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു. വേഗത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കട്ടെ. യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച ജനക്ഷേമ പദ്ധതികള്‍ തുടരണം. മാധ്യമപ്രവര്‍ത്തകരും പുതിയ സര്‍ക്കാരിനു പൂര്‍ണ പിന്തുണ നല്‍കണം. കഴിഞ്ഞകാലങ്ങളില്‍ തനിക്കു നല്‍കിയതുപോലെയുള്ള പിന്തുണയല്ലെന്നും തമാശരൂപേണ ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടയ്ക്ക് ഔദ്യോഗിക വസതിയിലെത്തി. പിന്നെ ഉച്ചയ്ക്ക് മൂന്നിന് ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒരുക്കിയ ചടങ്ങിനെത്താനുള്ള തിരക്കിലേക്ക്. ചടങ്ങ് വികാരഭരിതമായിരുന്നു. പുതിയ മന്ത്രിസഭ വരുന്നതുവരെ സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും.

(Visited 179 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക