|    Nov 21 Wed, 2018 12:58 pm
FLASH NEWS
Home   >  Dont Miss   >  

ഏഴു മിനുട്ടിനുള്ളില്‍ 12 ലക്ഷം രൂപ: ഷിഫാനക്കു വേണ്ടി നാട് അത്ഭുതം തീര്‍ത്തു

Published : 16th January 2017 | Posted By: Navas Ali kn

index
വാട്‌സ് അപ്പിലൂടെ നടത്തിയ ഒരു അഭ്യര്‍ഥനയിലൂടെ ഒരു പെണ്‍കുട്ടിയുടെ ചികിത്സാ സഹായത്തിനായി ഏഴു മിനട്ടിനകം സമാഹരിച്ചത് 12 ലക്ഷം രൂപ. മലപ്പുറം ജില്ലയിലെ മൊറയൂരിലെ നാട്ടുകാരാണ് തുല്യതയില്ലാത്ത ഈ അത്ഭുതം തീര്‍ത്തത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 40 ലക്ഷത്തോളം രൂപയാണ് ഷിഫാനക്ക് വേണ്ടത്. മൊറയൂരിലെ ഓട്ടോറിക്ഷകള്‍ ഒരു ദിവസത്തെ വരുമാനും ബസ്സുകള്‍ അവരുടെ വരുമാനവും ഇതിനു നല്‍കി. നാട്ടുകാര്‍ സാധ്യമാവുന്നിടത്തോളം നല്‍കി കൂടെ നിന്നു. ഹമീദ്ക്ക എന്ന ഹോട്ടലുടമ തന്റെ കൊണ്ടോട്ടിയിലെ ഹൈവേ മാര്‍ക്ക് എന്ന ഹോട്ടലിലെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഷിഫാനയുടെ ചികില്‍സക്ക് വാഗ്ദാനം ചെയ്തു. ഇങ്ങിനെ പലവിധത്തിലും സ്വരൂപിച്ച 15 ലക്ഷം രൂപ ബാങ്കിലിട്ടു. അതിനിടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ശസ്ത്രക്രിയ ഉടന്‍ നടക്കുമെന്ന് എറണാകുളത്തെ ആശുപത്രിയില്‍ നിന്നും അറിയിച്ചത്. പെട്ടെന്ന് 15 ലക്ഷം രൂപ വേണം. പിരിവെടുത്തതാണെങ്കില്‍ ബാങ്കിലും.
ഇതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ ചികിത്സാ കമ്മിറ്റി എമര്‍ജന്‍സി മീറ്റിങ്ങ് വിളിച്ചു. പണം ശനിയാഴ്ച്ച ഉച്ചക്ക് മുമ്പ് എത്തിയില്ലങ്കില്‍ തിങ്കളാഴ്ച്ചത്തെ സര്‍ജറി നടക്കില്ല എന്ന് ആശുപത്രിയില്‍ നിന്ന് മുന്നറിയിപ്പും വന്നു. ശനിയും ഞായറും കാരണം രണ്ടു ദിവസം ബാങ്ക് അവധിയാണ്. പെട്ടെന്നു തന്നെ 12 ലക്ഷം കടമായിട്ടെങ്കിലും സംഘടിപ്പിക്കണം. നോട്ട് പ്രതിസന്ധി കാരണം പലരുടെ കയ്യിലും കറന്‍സിയായി പണമില്ല. കമ്മറ്റി മീറ്റിങില്‍ മന്നിശ്ശേരി വിരാന്‍ കുട്ടി എന്നയാള്‍ ഒരു ലക്ഷം വെക്കാമെന്ന് പറഞ്ഞു തുടക്കമിട്ടു അവിടെ കൂടിയ പലരും അത്യാവശ്യത്തിനുള്ളതെങ്കിലും വിട്ടില്‍ കാശായി ഉള്ള ചെറുതും വലുതുമായ തുകകള്‍ എത്തിക്കാമെന്നേറ്റതിനാല്‍ 3 ലക്ഷമായി. ബാക്കി 9 ലക്ഷം വേണം. വിവരം അറിയിക്കാന്‍ വാട്‌സപ്പില്‍ പോസ്റ്റ് ഇട്ടു. പുതുമ ഷാജി എന്ന നാട്ടുകാരന്‍ രണ്ട് ലക്ഷത്തിന്റെ കെട്ടുമായി ഓടി വന്നു. വോയ്‌സ് ഓഫ് വാലഞ്ചേരി ഒരു ലക്ഷവും വാലഞ്ചേരി മഹല്ല് കമ്മിറ്റി ഒരു ലക്ഷവും കളക്ഷന്‍ തുകയുടെ ആദ്യ ഗഡുവായി എത്തിക്കാമെന്നേറ്റു. അരിമ്പ്ര ജാലകം വാട്‌സപ്പ് ഗ്രൂപ്പ് ഭാരവാഹികള്‍ 5000രൂപ കാശായി എത്തിച്ചു. പശുവിനെ വാങ്ങാന്‍ സൂക്ഷിച്ചുവെച്ച ഒരു ലക്ഷത്തി എണ്‍പതിനായിരവുമായി കല്ലായി അലവി ഹാജി മീറ്റിങ് ഹാളിലെത്തി. ഹില്‍ ടോപ്പിലെ അളവുകാരന്‍ അബ്ദുക്കയും എത്തിച്ചു ഒരു ലക്ഷം. അരിമ്പ്രയിലെ സഖാവ് ഹംസയും പാലിയേറ്റിവിലെ ഹബീബ്‌റഹ്മാനും കയ്യിലുള്ള 38000 വീതവും വെളളൂര്‍ യൂണിവേഴ്‌സല്‍ ക്ലബ്ബിന്റ മക്കള്‍ സ്വരൂപിച്ച 4000 രൂപയും അവിടെ എത്തിച്ചു. ചുരുക്കി പറഞ്ഞാല്‍ വിവരം അറിയിച്ച് 7 മിനുറ്റിന് ഉള്ളില്‍ ലക്ഷ്യമിട്ട 12 ലക്ഷം കവിഞ്ഞു. സംഖ്യ ഒരുക്കൂട്ടി എണ്ണി കണക്കാക്കി വെച്ചു. കാശ് രാവിലെ പത്ത് മണിക്ക് മുമ്പ് എറണാകുളം അമൃത ആശുപത്രിയില്‍ ഒട്ടും വൈകാതെ എത്തിക്കുന്ന ചുമതല മൊറയൂര്‍ അലിവ് സാംസ്‌കാരിക വേദിയുടെ ഫഹദും റഹ്മത്തും ഗിരീഷും ഏറ്റെടുത്തു. ഷിഫാനക്ക് അവളുടെ ഉപ്പയാണ് കരള്‍ നല്‍കുന്നത്. തിങ്കളാഴ്ച്ച ഷിഫാനയുടെ ശസ്ത്രക്രിയ തുടങ്ങി. രാത്രിയും ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. മൊറയൂരിലെ നാട്ടുകാര്‍ ഷിഫാനക്കു വേണ്ടി പ്രാര്‍ഥനയിലും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss