|    May 23 Tue, 2017 10:30 pm
FLASH NEWS

ഏഴു തുര്‍ക്കി പൗരന്‍മാര്‍ ഗ്രീസില്‍ അഭയം തേടി

Published : 27th August 2016 | Posted By: SMR

ഏതന്‍സ്: ഏഴു തുര്‍ക്കി പൗരന്‍മാര്‍ ഗ്രീസില്‍ അഭയം തേടിയതായി ഗ്രീക്ക് ദിനപത്രം കാതിമെറിനി വ്യാഴാഴ്ച റിപോര്‍ട്ട് ചെയ്തു. വടക്കന്‍ ഗ്രീസിലെ അലക്‌സാന്‍ഡ്രോപൊളിയില്‍ സര്‍വകലാശാലാ പ്രഫസര്‍മാരായ ദമ്പതികളും രണ്ടു മക്കളും അഭയംതേടി അപേക്ഷ നല്‍കിയതായാണു റിപോര്‍ട്ട്. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിനു പിന്നാലെ സര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലില്‍ നിന്നു രക്ഷനേടുന്നതിനായാണു കുടുംബം ഗ്രീസിനെ സമീപിച്ചിരിക്കുന്നതെന്നു പത്രം റിപോര്‍ട്ട് ചെയ്യുന്നു. വടക്കു കിഴക്കന്‍ അതിര്‍ത്തി വഴി ഇവര്‍ ഗ്രീസില്‍ പ്രവേശിച്ചെന്നാണു കരുതുന്നത്.
ഇവരുടെ കൈയില്‍ തുര്‍ക്കി പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടിനു മാത്രമേ അംഗീകാരമുള്ളൂ. പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യവസായികളായ മൂന്നുപേര്‍ തെക്കുകിഴക്കന്‍ ഗ്രീസിലെ ഈജിയന്‍ ദ്വീപായ റോഡ്‌സിലും എത്തിയതായാണു വിവരം. അവര്‍ എങ്ങനെ ഗ്രീസിലെത്തിയെന്നതു സ്ഥിരീകരിച്ചിട്ടില്ല. ഇതില്‍ ഒരാളുടെ കൈയില്‍ മാത്രമേ പാസ്‌പോര്‍ട്ട് ഉള്ളൂ. അധികൃതര്‍ ഏഴു പേര്‍ക്കുമെതിരേ അനധികൃതമായി രാജ്യത്തു പ്രവേശിച്ചതിനു കുറ്റം ചുമത്തിയേക്കും.
പട്ടാള അട്ടിമറിശ്രമത്തിനു പിന്നാലെ സൈനികരും ജഡ്ജിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളെയാണ്  തുര്‍ക്കിയില്‍ ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തേ ആറു സൈനികര്‍ ഗ്രീസില്‍ അഭയം തേടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day