|    Oct 24 Wed, 2018 8:52 am
FLASH NEWS

ഏഴു കോടതികള്‍ക്കായി ഒരു എപിപി മാത്രം ; കേസുകളുടെ വിചാരണ അനിശ്ചിതത്വത്തില്‍

Published : 18th September 2017 | Posted By: fsq

 

കാസര്‍കോട്: ജില്ലയില്‍ ആകെയുള്ള ഏഴു കോടതികളില്‍ വിചാരണക്കെടുക്കുന്ന കേസുകളില്‍ ഹാജരാകുന്നത് ഒരു അസിസ്റ്റന്റ്് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) മാത്രം. എല്ലായിടത്തും എത്തുന്നത് ഒരു എപിപിയെ സംബന്ധിച്ചിടത്തോളം പ്രയാസകരവുമാണ്. ഇതുമൂലം ഭൂരിഭാഗം കേസുകളിലും വിചാരണ അനിശ്ചിതത്വത്തിലാവുന്നു. ദിവസവും പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ നൂറുകണക്കിനാണെങ്കിലും കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായതിനാല്‍ പല കേസുകള്‍ക്കും തീര്‍പ്പുണ്ടാക്കാനാകുന്നില്ല. കോടതികളിലെത്തുന്ന കേസുകളില്‍ പകുതിയിലേറെയിലും വിചാരണ നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാ കോടതികളിലും എപിപിയുടെ സേവനം ഉണ്ടെങ്കില്‍ മാത്രമേ കോടതി നടപടികള്‍ സുഗമമായി മുന്നോട്ടുപോവുകയുള്ളൂ. ഷൈലജ മഠത്തില്‍വളപ്പാണ് ജില്ലയില്‍ ആകെയുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ കോടതികളില്‍ ഹാജരാകുന്ന തരത്തിലാണ് ഷൈലജയുടെ സേവനം ക്രമീകരിച്ചിട്ടുള്ളത്. കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമുള്ള രണ്ടു വീതം ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതികള്‍, ഭീമനടിയിലെ ഗ്രാമീണ ന്യായാലയ, പരവനടുക്കത്തെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി എന്നിവയിലാണ് ഒരാഴ്ച കൊണ്ട് എപിപി ഹാജരാകേണ്ടത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരായി അതേദിവസം തന്നെ വീണ്ടും കാസര്‍കോട്ട് എത്തി കോടതിയില്‍ ഹാജരാകേണ്ട സാഹചര്യം ഷൈലജയെ ഏറെ വിഷമത്തിലാക്കുന്നു. സ്വകാര്യ അന്യായങ്ങള്‍ ഒഴികെ പോലിസെടുക്കുന്ന ഏതു കേസിന്റെയും വിചാരണയ്ക്ക് എപിപിയുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. കാസര്‍കോഡ് ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ ഹാജരാകുന്നുണ്ട്. സബ് കോടതികളില്‍ ഗവ. പ്ലീഡര്‍മാരുമുണ്ട്. ഒരു ദിവസം ഒരു കോടതിയില്‍ ഹാജരായാല്‍ പിന്നെ അടുത്ത ആഴ്ചയേ എപിപിക്ക് അങ്ങോട്ടേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. ഇതുമൂലം ദിവസവും ഇരുപതിലേറെ കേസുകള്‍ വിചാരണ നടത്താന്‍ സാധിക്കാതെ മാറ്റിവെക്കുകയാണ് ചെയ്യുന്നത്.ജില്ലയിലുണ്ടായിരുന്ന ഒരു എപിപി വിരമിക്കുകയും മറ്റൊരാള്‍ സ്ഥാനക്കയറ്റം ലഭിച്ച് ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷനായി സ്ഥലം മാറിപ്പോകുകയും ചെയ്തതിനുശേഷം പകരം നിയമനമൊന്നും നടന്നിട്ടില്ല. സംസ്ഥാനത്തൊട്ടാകെ കോടതികളില്‍ എപിപിമാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കാസര്‍കോട് പോലുള്ള ജില്ലയില്‍ എത്രയും പെട്ടെന്നു കൂടുതല്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചു വിചാരണകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്നാണ് പോലിസിന്റെയും അഭിഭാഷകരുടെയും ആവശ്യം.വിചാരണ നീളുന്നതിന് പുറമെ മറ്റു പ്രധാനനിയമ പ്രശ്‌നങ്ങള്‍ക്കും എപിപിയില്ലാത്തത് കാരണമാകുന്നു. ജാമ്യമില്ലാ വകുപ്പുകളില്‍ പ്രതികള്‍ക്ക് എപിപിയുടെ ശുപാര്‍ശ പ്രകാരം കോടതിക്ക് ജാമ്യം നല്‍കാം. ഇപ്പോള്‍ ഇത്തരത്തിലുള്ള കേസുകളില്‍ കോടതി നേരിട്ടു പ്രതിയെ റിമാന്റ് ചെയ്യുന്ന സ്ഥിതിയാണുള്ളത്. ഇതു മനുഷ്യാവകാശ ലംഘനത്തിന് ഇടവരുത്തുന്നതായി വിമര്‍ശനമുണ്ട്. സാക്ഷികളുടെ അവസ്ഥയാണ് ഏറ്റവും ദയനീയം. സമന്‍സ് ലഭിച്ച പ്രകാരം മറ്റു ജില്ലകളില്‍ നിന്നു പോലും കോടതിയിലെത്തുന്ന സാക്ഷികള്‍ വിചാരണയില്ലെന്ന് അറിഞ്ഞു തിരികെ പോകേണ്ട സാഹചര്യമാണുള്ളത്. ഇവരില്‍ പോലിസുകാരും സര്‍ക്കാര്‍ ജീവനക്കാരുമൊക്കെ ഉള്‍പ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss